Image

വികസനത്തിന്റെ കേരളാ മോഡല്‍ എന്ന കോമഡി മോഡല്‍ (ശ്രീജിത്ത് ശ്രീകുമാര്‍)

ശ്രീജിത്ത് ശ്രീകുമാര്‍ Published on 12 September, 2018
വികസനത്തിന്റെ കേരളാ മോഡല്‍ എന്ന കോമഡി മോഡല്‍ (ശ്രീജിത്ത് ശ്രീകുമാര്‍)
അമേരിക്കയിലെ നേറ്റീവ് അമേരിക്കക്കാരെ  മുഖ്യധാരയില്‍ നിന്നും തുടച്ചു മാറ്റിയവര്‍ ആണ് കുടിയേറി വന്ന വെള്ളക്കാര്‍. കൊന്നുകളഞ്ഞും മറ്റു പല രീതിയിലും അവരുടെ എല്ലാം കവര്‍ന്നെടുത്താണ് ഇന്ന് കാണുന്ന അമേരിക്ക ഉണ്ടായത്. ആരാലും ശല്യപ്പെടുത്താനില്ലാതെ  ഓസ്‌ട്രേലിയയെന്ന മാതൃരാജ്യത്ത് കഴിഞ്ഞിരുന്ന അബോര്‍ജിനലുകളെ അവിടെ വെള്ളക്കാര്‍ വന്നപ്പോള്‍ ഇന്നവര്‍  ശരാശരി ആയുസ്സ് പോലും കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജനതയായി മാറി.

പറയാന്‍ കാരണം അമേരിക്കക്കാരുടേയും, ആസ്‌ത്രേലിയക്കാരുടേയും  കഥകള്‍ നമ്മള്‍ വികാരത്തള്ളിച്ചയോടെ അടിച്ചു വിടാറുണ്ട് മനുഷ്യാവകാശത്തിന്റെ പേരും പറഞ്ഞുകൊണ്ട്. പക്ഷെ നമ്മുടെ നാട്ടിലെ ഇതിനോടൊപ്പം നില്‍ക്കുന്ന പല  കാര്യങ്ങളും  നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല പ്രത്യകിച്ചും നവ കേരളത്തിന് വേണ്ടി ആവേശം കൊണ്ട് നില്‍ക്കുന്ന ഈ അവസരത്തിലെങ്കിലും.

സിനിമയിലും മറ്റും മതിപ്പുളവാകും വിധം അവതരിപ്പിക്കുന്ന നമ്മള്‍ പറയുന്ന അതിജീവനത്തിന്റെ ഒരു കഥയാണ് മലബാര്‍ കുടിയേറ്റം.  പക്ഷെ അതിനിടയില്‍ നമ്മള്‍ വളരെ സമര്‍ത്ഥമായി മറക്കുന്ന ഒന്നാണ് വയനാട്ടിലും, ഇടുക്കിയിലും മറ്റു പലയിടത്തും കേരളം ഉണ്ടാകുന്നതിനു മുന്‍മ്പേ ഉണ്ടായിരുന്ന ആദിവാസികള്‍, നമ്മള്‍ പണിക്കാരായി മാറ്റി നിര്‍ത്തിയിരുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ എന്നിവര്‍. കുടിയേറ്റം വന്നു, ഭൂപരിഷകരണം വന്നു, തോട്ടം നിയമങ്ങള്‍ വന്നു, വന നിയമങ്ങള്‍ വന്നു അതോടെ സ്വന്തം മണ്ണില്‍ നിന്നും അടിച്ചിറക്കപ്പെട്ട, ഒരു സെന്റ് ഭൂമിക്കുവേണ്ടി സര്‍ക്കാരിന്റെ തിണ്ണ കയറിയിറങ്ങി ഒതുങ്ങേണ്ടി വന്ന ഒരു വിഭാഗം ആണ് ഇത്.

മുപ്പതിനായിരത്തിലധികം വരും ഇവരുടെ കോളനികള്‍ എന്നറിയപ്പെടുന്ന വീടുകള്‍ അഥവാ ചാളകള്‍ നില്‍ക്കുന്ന സ്ഥലങ്ങള്‍ ഇന്ന് കേരളത്തില്‍. മറ്റൊരു തമാശ അതൊന്നും ഒരു നഗരത്തിന്റെ മധ്യത്തില്‍ മറ്റുള്ളവരുടെ ഇടയില്‍ മാന്യമായി നമ്മോടൊത്തു ജീവിക്കാന്‍ സഹജീവികള്‍ എന്ന രീതിയില്‍  നമ്മള്‍ കാണില്ല എന്നതാണ്. ആരാലും കാണാതെ ഒതുക്കി മാറ്റി ഇന്നും ആ ഇരുട്ടില്‍ തന്നെ കഴിയുന്നവരാണ് ഭൂരിഭാഗവും. ഇനി ഇവരുടെ പേരില്‍ ഇറങ്ങിയ ഫണ്ടും ഇവരുടെ ഇന്നത്തെ സ്ഥിതിയും നോക്കിയാല്‍ കാണാം കേരളം മോഡല്‍ വികസനത്തിന്റെ മറ്റു തമാശകള്‍. ഇവരുടെ ഉന്നമനത്തിന് എന്ന പേരില്‍ വന്ന ചില ഗവണ്മെന്റ് സ്ഥാപനങ്ങളുടെ പേരില്‍ തന്നെ ഉണ്ട് തമാശ, അഥവാ ഈ ഒഴിച്ച് നിര്‍ത്തപ്പെടലിന്റെ അംശങ്ങള്‍. കേരള സംസ്ഥാന പരിവര്‍ത്തിത െ്രെകസ്തവ ശുപാര്ശിത വിഭാഗ വികസന കോര്‍പറേഷന്‍. പേര് കേട്ടാല്‍ തോന്നും ബാക്കിയുള്ള െ്രെകസ്തവര്‍ ഇവിടെ പരിവര്‍ത്തനം ഇല്ലാതെ നേരിട്ട് വന്നതാണ് എന്ന്.

ഇത്തരം പല  കാലഹരണപ്പെട്ട  ആശയങ്ങളും കൂട്ടിയതാണ് നമ്മള്‍ കൊട്ടിഘോഷിച്ചു കൊണ്ടാടിയ  കേരളാ വികസന മോഡല്‍. ആരോഗ്യത്തില്‍ നമ്പര്‍ വണ്‍ എന്നത് നമ്മള്‍ക്ക് ജനന മരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ പറ്റുന്ന ഒന്ന് മാത്രമാണ്. കരള്‍ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ പലതിലും  നമ്മള്‍ നമ്പര്‍ വണ്‍ ആണ്. എത്രയോ പ്രാവശ്യം ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ത്തത് കണ്ടുപിടിച്ചിട്ടും അതേ കമ്പനികള്‍, ഹോട്ടലുകള്‍ നമ്മുടെ നാട്ടില്‍ സുഖമായി പ്രവര്‍ത്തിക്കുന്നു. തണ്ണീര്‍ തടങ്ങള്‍ , നമ്മുടെ മലനിരകള്‍ ഉള്‍പ്പടെ പലതും ആര്‍ത്തിയുടെ പേരില്‍ തകര്‍ത്ത, ക്വാറികള്‍ ഉള്‍പ്പടെ പലതിനും പരിസ്ഥിതി ആഘാതം നോക്കാതെ അനുമതി കൊടുക്കുന്ന പാര്‍ട്ടികള്‍ നമ്മളെ വീണ്ടും വീണ്ടും സുഖമായി ആരും ചോദ്യം ചെയ്യാതെ ഭരിക്കുന്നു. ശാസ്ത്ര അവബോധം എല്ലാവരിലേക്കും പടര്‍ത്തണം എന്ന് പറയുന്ന ഭരണഘടന ഉള്ള നമ്മള്‍ പ്രാര്‍ത്ഥിച്ച് , ധ്യാനം ചെയ്ത്  അസുഖമുള്‍പ്പടെ പലതും ഭേദമാക്കുന്നവരെ, മന്ത്രവാദം ഉള്‍പ്പടെ പല തട്ടിപ്പുകളും ചെയ്യുന്നവരെ വണങ്ങുന്ന രാഷ്ട്രീയക്കാരാല്‍ പുരോഗതിയെക്കുറിച്ചു സംസാരിക്കുന്നത് കേള്‍ക്കേണ്ടി വരുന്നു. ഇത്തരം രാഷ്ട്രീയവും അതിനെ എന്തോ വലിയ കാര്യം മാതിരി ഉയര്‍ത്തികാട്ടുന്ന നമ്മളും ആണ് തന്റെ  പൊട്ടിയൊലിക്കുന്ന മുറിവുകള്‍  തുണിയിട്ട് മറച്ചുകൊണ്ട്  നോര്‍ത്തിന്ത്യയിലെ വേലി തര്‍ക്കം വരെ ആഘോഷിക്കുന്ന രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന പേരില്‍ സ്വയം പുളകം കൊള്ളുന്നത്. ഒരു പ്രശ്‌നം വന്നാല്‍ തങ്ങള്‍ പിന്താങ്ങുന്ന പാര്‍ട്ടിയുടെ, തങ്ങളുടെ നിലനില്‍പ്പ് നോക്കി ആവേശത്തിന്റെ തീവ്രത കണക്കാക്കി പ്രതികരിക്കുന്ന സെലിബ്രെറ്റികളെയും, ബുദ്ധിജീവികളേയും ആണ് നമ്മള്‍ എന്തോ വലിയ കാര്യം മാതിരി കൊണ്ടാടുന്നത്.

ഇത്തരം ഒരു ആശയശോഷണ വിഡ്ഢികൂട്ടത്തില്‍ വളരെ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരുന്ന നേതൃത്വത്തിന്റെ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ചില പേരുകള്‍ മാത്രമാണ് ഇന്ന് കേള്‍ക്കുന്ന  ഫ്രാങ്കോമാരും, ജോര്‍ജ്ജുമാരും, ശശിമാരും ബാക്കിയുള്ളവരും. സ്വാര്‍ത്ഥതയും, കുടിലതയും കൊണ്ട്  അവരുടെ നിലവാരം, ലക്ഷ്യം എന്നിവ അനുസരിച്ചു പ്രതീക്ഷിക്കാവുന്ന പ്രവര്‍ത്തികള്‍ മാത്രമാണ് അവര്‍ ചെയ്യുന്നതും.

ഒരുപക്ഷെ ഇത്തരം തിരസ്‌ക്കരിക്കപ്പെട്ട ഒരു വലിയ ജനതയെ, അവരുടെ ആവശ്യങ്ങളെ, ഉള്‍പ്പെടുത്താന്‍ പറ്റാത്തിടത്തോളം കാലം... കാമ്പിലാത്ത വെറും ആര്‍ത്തിയുടെ മാത്രം ആദര്‍ശം പേറുന്ന രാഷ്ട്രീയ മത അവിശുദ്ധ കൂട്ടങ്ങളെ പറ്റാവുന്നിടത്തോളം ഗവണ്മെന്റ് ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്തിടത്തോളം... ഇത്തരം കാര്യങ്ങളെക്കുറിച്ചു സ്വയം ചിന്തിക്കാന്‍ അതിനനുസരിച്ചു തങ്ങളെ ശീലങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ സാധാരണക്കാരായ നമ്മള്‍ ഓരോരുത്തര്‍ക്കും കഴിയാത്തിടത്തോളം... നവകേരളം ഒരു വലിയ തമാശയും, പീഡനങ്ങളും, പരിസ്ഥിതിക്കിണങ്ങാത്ത വികസനവും മറ്റും ഒരു സ്വാഭാവിക യാഥാര്‍ത്ഥ്യവുമായി നമ്മള്‍ക്ക് മുന്നില്‍ എന്നും ഉണ്ടാവും.

നോക്കികാണേണ്ട കാര്യം പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ നിറയ്ക്കുന്നതാണോ ഈ നവകേരള സങ്കല്പ്പം എന്നതാണ്.

വികസനത്തിന്റെ കേരളാ മോഡല്‍ എന്ന കോമഡി മോഡല്‍ (ശ്രീജിത്ത് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക