Image

ഭരണ സ്‌തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമെന്ന്‌ ചെന്നിത്തല

Published on 12 September, 2018
ഭരണ സ്‌തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം:പ്രളയം കഴിഞ്ഞ്‌ ഒരു മാസത്തോളമായിട്ടും ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്‌ മെമ്മോറാണ്ടം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ സംസ്ഥാനത്ത്‌ പൂര്‍ണ്ണമായ ഭരണ സ്‌തംഭനമാണ്‌ നിലനില്‍ക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

എന്നിട്ടും ഭരണ സ്‌തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണ്‌. സംസ്ഥാനത്തിന്‌ കേന്ദ്രത്തില്‍ നിന്ന്‌ നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതല്‍ കിട്ടിയിട്ടില്ല. അതിന്‌ വേണ്ടി കേന്ദ്രത്തിന്‌ മെമ്മോറാണ്ടം തയ്യാറാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. നാശനഷ്ടത്തിന്റെ കണക്കെടുപ്പ്‌ വിവിധ വകുപ്പുകള്‍ നടത്തുന്നു എന്ന്‌ പറയുന്നതല്ലാതെ അത്‌ എങ്ങും എത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്‌ചയായി മന്ത്രിസഭാ യോഗം ചേരാന്‍ കഴിയാത്തതിനാല്‍ നയപരമായ ഒരൊറ്റ തീരുമാനവും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പറയുന്നത്‌. പക്ഷേ ഉപസമിതിക്ക്‌ നയപരമായ തീരുമാനമെടുക്കാനോ അവ സര്‍ക്കാര്‍ ഉത്തരവായിറക്കി നടപ്പാക്കാനോ കഴിയില്ല. ക്യാബിനറ്റിന്റെ അധികാരം ഉപസമിതിക്കുണ്ടോ എന്ന്‌ വ്യക്തമാക്കണം.

സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തില്‍ നിന്ന്‌ സംസ്ഥാനം കരകയറേണ്ട അതീവ നിര്‍ണ്ണായകമായ സമയത്ത്‌ സംസ്ഥാനത്ത്‌ ഭരണ സ്‌തംഭനമുണ്ടായിരിക്കുന്നത്‌ മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ്‌. ഭരണത്തിന്റെ തലപ്പത്ത്‌ നാഥനില്ലാത്ത അവസ്ഥ വന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്‌.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ട്‌ നീങ്ങുന്നില്ല. എന്തിന്‌ ദുരിതാശ്വാസ ക്യാമ്‌ബുകളില്‍ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുമ്‌ബോള്‍ അത്യാവശ്യ ചിലവുകള്‍ക്ക്‌ കൊടുക്കാമെന്ന്‌ പറഞ്ഞ 10000 രൂപ പോലും എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. ഈ തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

പ്രളയം കഴിഞ്ഞ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച മറ്റ്‌ ദുരിതാശ്വാസ സഹായങ്ങളൊന്നും വിതരണം ചെയ്‌തിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്ക്‌ 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന്‌ പലിശരഹിത വായ്‌പ ലഭ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും നല്‍കിയിട്ടില്ല.

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന്‌ പലിശരഹിത വായ്‌പ ലഭ്യമാക്കുമെന്ന്‌ പറഞ്ഞെങ്കിലും അതും നടപ്പായിട്ടില്ല. ഇതിന്‌ നടപടി എടുത്തിട്ടുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഒഴുക്കന്‍ മട്ടില്‍ പറയുന്നത്‌. എന്തു നടപടിയാണെടുത്തത്‌? ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുമെന്ന്‌ പറഞ്ഞിട്ട്‌ എന്തായി?
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ രണ്ട്‌ ലക്ഷവും സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ നാല്‌ ലക്ഷവും നല്‍കുമെന്ന്‌ പറഞ്ഞെങ്കിലും അതും കിട്ടിയിട്ടില്ല.

പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്‌ബയുടെ പുനര്‍നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ പറയുന്നു. അവിടെ ബെയ്‌ലി പാലം പണിയുന്നതിന്‌ സൈന്യത്തിന്‌ കത്ത്‌ നല്‍കിയോ? പമ്‌ബയുടെ പുനര്‍നിര്‍മ്മാണം ദേവസ്വം ബോര്‍ഡിനെക്കൊണ്ട്‌ മാത്രം കഴിയില്ലെന്ന്‌ ബോര്‍ഡ്‌ അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കിയോ?

ഇത്രയും രൂക്ഷമായ ഒരു പ്രകൃതി ദുരന്തത്തിന്‌ ശേഷം മുഖ്യമന്ത്രി ദീര്‍ഘമായി സംസ്ഥാനം വിട്ടു പോകുമ്‌ബോള്‍ ഭരണച്ചുമതല മറ്റാരെയെങ്കിലും ഏല്‌പിക്കാതെ പോയത്‌ വലിയ വീഴ്‌ചയാണ്‌. ഇ പി ജയരാജനെ മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ അനുവദിച്ചു കൊണ്ട്‌ ഉത്തരവ്‌ ഇറക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‌ അതിന്‌ കഴിയാതെ വരുന്നത്‌ എന്തു കൊണ്ടാണ്‌? ആരാണ്‌ തടസ്സം നില്‍ക്കുന്നത്‌?
ജയരാജന്‍ അദ്ധ്യക്ഷത വഹിക്കുന്നത്‌ സിപിഎമ്മിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്ക്‌ ഇഷ്ടമല്ലാത്തതാണോ കാരണം? അതോ ജയരാജന്‌ ഈ ചുമതല നല്‍കിയ വിവരം സിപിഐക്കാരെ അറിയിക്കാത്തതിനാല്‍ അവര്‍ സഹകരിക്കാത്തതാണോ?

മുഖ്യമന്ത്രിയുടെ ഓഫീസ്‌ അതിനൊന്നും വിശദീകരണം നല്‍കുന്നില്ല. ഭരണ രംഗത്ത്‌ ആശയക്കുഴപ്പം കൊടുമ്‌ബിരിക്കൊള്ളുകയാണ്‌. യുവജനോത്സവങ്ങളും ചലച്ചിത്രമേളയും മറ്റും വേണ്ടെന്ന്‌ വച്ചു കൊണ്ട്‌ ഉത്തരവിറക്കി. പിന്നട്‌ അവ തിരുത്തി. വേണ്ടത്ര ആലോചനയില്ലാതെയാണ്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌.
ദുരിതാശ്വസ നിധിക്ക്‌ പ്രത്യേക അക്കൗണ്ട്‌ തുടങ്ങിക്കൊണ്ട്‌ ഉത്തരവിട്ടത്‌ മറ്റൊരു കാര്യം. പിന്നീട്‌ അത്‌ തിരുത്തി. എന്തിന്‌ തിരുത്തി. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്‌. മന്ത്രിമാര്‍ പരസ്യമായി ഏറ്റു മുട്ടുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ മന്ത്രിമാരെ കളിയാക്കുന്നു. ആകപ്പാടെ ഭരണ തലത്തില്‍ അരാജകത്വമാണ്‌ നിലനില്‍ക്കുന്നത്‌.

ഇതിനെക്കുറിച്ച്‌ പറയുമ്‌ബോള്‍ രാഷ്ട്രീയ പ്രേരിതമെന്ന്‌ പറഞ്ഞ്‌ തടിതപ്പാന്‍ ശ്രമിക്കുന്നത്‌ നല്ലതല്ല. ഇപ്പോഴത്തെ നിര്‍ണ്ണായ ഘട്ടത്തില്‍ വീഴ്‌ച കൂടാതെ കാര്യങ്ങള്‍ നടന്നു പോകുന്നതിനും പ്രളയക്കെടുതിയില്‍പ്പെട്ട ജനങ്ങള്‍ക്ക്‌ സഹായം ലഭ്യമാകുന്നതിനുമാണ്‌ പ്രതിപക്ഷം ഇവ ചൂണ്ടിക്കാട്ടുന്നത്‌.

വിദേശത്തിരുന്നു കൊണ്ട്‌ മുഖ്യമന്ത്രി ഇലക്‌ട്രോണിക്‌ സംവിധാനം ഉപയോഗിച്ച്‌ ഫയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏര്‍പ്പാട്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പറയുന്നത്‌. അങ്ങനെയെങ്കില്‍ പിന്നെ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി മുഖ്യമന്ത്രിക്ക്‌ മന്ത്രിസഭാ യോഗം കൂടി നടത്തിക്കൂടെയായിരുന്നോ? വെറുതെ ഇ.പി.ജയരാജന്‌ ആശ കൊടുക്കണമായിരുന്നോ?

മുഖ്യമന്ത്രി ചികിത്സക്ക്‌ പോകുന്നതില്‍ തെറ്റില്ല. പക്ഷേ അതിന്റെ പേരില്‍ ഭരണ സ്‌തംഭനമുണ്ടാകുന്നത്‌ ശരിയല്ല. പ്രത്യേകിച്ച്‌ സംസ്ഥാനം ആപത്തില്‍പ്പെട്ടു കിടക്കുമ്‌ബോള്‍ ഭരണം കൂടി ഇല്ലാതാകുന്നത്‌ സംസ്ഥാനത്തെ കൂടുതല്‍ അപകടത്തിലെത്തിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക