Image

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി)

Published on 12 September, 2018
കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി)
(Mathrubhumi)
കൊച്ചി: കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി). സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നുവെന്നും കെസിബിബിസി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍നിര്‍ത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരം അതിരുകടക്കുന്നതും സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ അടക്കമുള്ളവ മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങള്‍ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ല. പോലീസിന്റെ അന്വേഷണം നീതപൂര്‍വമായി നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വേണമെന്നും പോലീസിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാവരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

deepika
\കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കത്തോലിക്കാസഭ ആരെയും വിധിക്കുന്നില്ലെന്നും നീതീകരിക്കുന്നില്ലെന്നും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). പോലീസ് നിയമാനുസൃതം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്യട്ടെ. അതനുവദിക്കാതെ മാധ്യമങ്ങള്‍ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മികമാണ്- കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. 

മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയ്ക്കനുസരിച്ചു ചാനല്‍ ചര്‍ച്ചകള്‍ നടത്തുന്ന ചില മാധ്യമങ്ങളുടെ ഗൂഡലക്ഷ്യം നിഷ്പക്ഷമതികള്‍ മനസിലാക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും അതിനിടെ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങള്‍ തികച്ചും അപലപനീയമാണ്.

നിഷ്പക്ഷമായ അന്വേഷണമല്ല ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റാണ് സമരക്കാരുടെ താത്പര്യമെന്നു തോന്നുന്നു. കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറേ സന്യാസിനികള്‍ വഴിവക്കില്‍ മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കുക സാധ്യമല്ല - കെസിബിസി വ്യക്തമാക്കി.

Manorama
സഹപ്രവര്‍ത്തകയ്ക്കു നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും കെസിബിസി ആരോപിച്ചു.

സമ്മര്‍ദത്തിനു വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. നിഷ്പക്ഷ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണു കത്തോലിക്കാ സഭയുടെ നിലപാട്. നിയമവാഴ്ച നടക്കണം. മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല, നീതീകരിക്കുന്നുമില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക