Image

എറിയുക, കല്ലെറിയുക ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 12 September, 2018
എറിയുക, കല്ലെറിയുക ! (കവിത: ജയന്‍ വര്‍ഗീസ്)
എറിയുക,
കല്ലെറിയുക !
കപടവേഷ കാട്ടിലാട്ടിന്‍
തോലണിഞ്ഞ കാപാലികരെ ?

നാടെരിയുന്‌പോള്‍ വീണകള്‍ മീട്ടും
നാണം കേട്ട നീറോമാരെ ?
കടല് വരുന്‌പോള്‍ കടിപിടി കൂടും
ഭരണക്കളി, യുടയോന്മാരെ ?
കുടില് വീണ കുഞ്ഞെലിക്കൊരു
വൈറ്റ് ലെഗോണ്‍ കോഴിക്കുഞ്ഞിനെ
സബ്‌സിഡിയായി പാതി വിലയ്ക്ക്
സമ്മാനിച്ചു സഹായിച്ചവരെ ?
കീശ വീര്‍ക്കാനാശ വച്ച
മീശക്കാരന്‍ സാറന്മാരെ ?
മുലയുടെ തൂക്ക ക്കവിത കുറിച്ചത്
മൂളും 'കപി ' യാശാന്മാരെ ?
ചത്തടിഞ്ഞ തലകള്‍ക്കിടയില്‍
റിക്ടര്‍ സ്‌കെയിലില്‍ കന്പനമളന്ന്,
മഴ പെയ്തതാണ് പ്രളയ കാരണമെന്ന്
സ്ഥിരീകരിച്ച ഗവേഷകരെ ?

അധര്‍മ്മത്തിന്റെ അവതാരമാണ്,
അടിപൊളിയെന്നറിയാത്ത
സമകാലികരെ ?
അടിപൊളിക്കു വളം വച്ച്
അടിമത്വം വിറ്റഴിക്കുന്ന
അന്താരാഷ്ട്ര മാഫിയകളെ ?
അവരുടെ ആസനം താങ്ങി
അനായാസം അടിമടി നിറക്കുന്ന
സിനിമാ സീരിയല്‍ ചരക്കുകളെ ?
ആര്‍ക്കും വേണ്ടാത്തത് വിറ്റഴിക്കാന്‍
കലയെ കച്ചവടമാക്കുന്ന
ചാനല്‍ തരികിട മാടന്പികളെ ?

മുക്കിനു മുക്കിനു മുളച്ചു പൊന്തും
ഹോള്‍മാര്‍ക്ക് സ്വര്‍ണ്ണക്കാട്ടില്‍,
അപകര്‍ഷതാ ബോധക്കൂട്ടില്‍
ആത്മഹത്യാ മുനന്പ് തീര്‍ക്കുന്നവരെ ?
അവരെറിയുന്ന അപ്പം ഞണ്ണി
അഭിമാനം പണയം വച്ച്,
അണിഞ്ഞാനന്ദിക്കാന്‍ ആഹ്വാനിക്കുന്ന
അപ്പര്‍ സൂപ്പര്‍ മെഗാ സ്റ്റാറുകളെ ?
വിറ്റഴിക്കാന്‍ വില പേശുന്‌പോള്‍,
സത്യ ധര്‍മ്മങ്ങള്‍ തൊഴിച്ചകറ്റുന്ന
മത്തായിപ്പത്രങ്ങളെ ?

എറിയുക,
കല്ലെറിയുക !
കപടവേഷ ക്കാട്ടിലാട്ടിന്‍
തോലണിഞ്ഞ കാപാലികരെ ??
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക