Image

പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ വെരി. റവ. ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പ

ജോര്‍ജ് തുമ്പയില്‍ Published on 02 July, 2011
പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ വെരി. റവ. ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പ
ദൈവികശുശ്രൂഷയെ ജീവിതനിയോഗമായി കണ്ട്, ജീവിതവഴികളില്‍ എഴുപത്തഞ്ചാണ്ട് പിന്നിടുന്ന വെരി.റവ.ടി.എം.സഖറിയാ കോര്‍ എപ്പിസ്‌കോപ്പാ പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ .

അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ദേവാലയങ്ങള്‍ വാങ്ങുന്നതിനും സഭാംഗങ്ങളെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച് ഇടവകകള്‍ രൂപീകരിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.

ജൂബിലേറിയന് ആശംസകള്‍ നേരുന്നതിന്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ 17-ാം തീയ്യതി 11.30 ന് കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കളാവോസ്, വെരി.റവ.പി.എസ്.സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പാ എന്നിവര്‍ക്കൊപ്പം മറ്റ് പ്രമുഖരും ആശംസകള്‍ നേരും.

ഇടനാട് തയ്യില്‍ കുടുംബാംഗമായ ടി.എം.സഖറിയാ 1953 ല്‍ ഹൈസ്‌ക്കൂള്‍ പാസായി കോട്ടയം എം.ഡി സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസത്തിനും ചേര്‍ന്നു. 1957 മെയ് മാസം ഇടനാട് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് ദാനിയേല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയില്‍ നിന്ന് ശെമ്മാശ പട്ടം സ്വീകരിച്ചു. 1958 ജൂണ്‍ 10 ന് കോട്ടയം ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് വലിയ ബാവായുടെ ശെമ്മാശനായി ശുശ്രൂഷ ആരംഭിച്ചു.

1951 ഏപ്രില്‍ 17 ന് പരിശുദ്ധ ബാവായുടെ ആശിര്‍വാദത്തില്‍ വിവാഹിതനായി. ബാവായെ പരിചരിക്കുവാന്‍ ദേവലോകം അരമനയില്‍ തുടര്‍ന്നു. 1961 ജൂലൈ ആറിന് ദേവലോകം അരമന ചാപ്പലില്‍ വച്ച് ബാവായില്‍ വൈദിക പദവിയിലേക്കുയര്‍ത്തപ്പെട്ടു.

കോട്ടയം ചെറിയ പള്ളിയുടെ നട്ടാശേരി സെന്റ് തോമസ് ചാപ്പല്‍ വികാരിയായി നിയമിതനായി. സി.എം.എസ് കോളേജിനടുത്തുള്ള എം.ഡി ഹോസ്റ്റലിന്റെ വാര്‍ഡനായും ഈ സമയത്ത് പ്രവര്‍ത്തിച്ചു. ഇതേ സമയത്ത് തന്നെ സി.എം.എസ് കോളേജില്‍ ബി.എയ്ക്കും പഠിച്ചു. 1954 ജനുവരി മൂന്നിന് വലിയ പിതാവ് കാലം ചെയ്തു. 1964 ല്‍ ബി.എ പാസായ ശേഷം കാന്‍പൂര്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ എം.എയ്ക്ക് ചേര്‍ന്നു. ഈ സമയത്ത് കാന്‍പൂര്‍ , ലക്‌നൗ, അലഹബാദ്, ജാന്‍സി എന്നിവിടങ്ങളില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനും ഇടവകകള്‍ രൂപീകരിക്കുന്നതിനും നേതൃത്വം വഹിച്ചു.

1966 ല്‍ എം.എ പാസായി തിരിച്ചു വന്നു. കോട്ടയം ചെറിയ പള്ളിയിലെ സഹവൈദികനായി പ.ഔഗേന്‍ പ്രഥമന്‍ ബാവാ നിയമിച്ചു. 1968 ല്‍ ദാനിയേല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, പുത്തന്‍കാവ് സെന്റ് മേരീസ് പള്ളിയിലെ വികാരിയായി നിയമിച്ചു. 1972 ല്‍ ന്യൂജേഴ്‌സിയിലെ പ്രിന്‍സ് ടണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ മാസ്റ്റര്‍ ഓഫ് തിയോളജിക്കു പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ അമേരിക്കയില്‍ വന്നു ചേര്‍ന്നു. വെരി.റവ.കെ.എം സൈമണ്‍ കോര്‍ എപ്പിസ്‌കോപ്പയോട് ചേര്‍ന്ന് ന്യൂയോര്‍ക്കിലെ സെന്റ് തോമസ് കോണ്‍ഗ്രിഗേഷനിലെ വൈദികനായി പ.ഔഗേന്‍ ബാവാ നിയമിച്ചു. 72 ല്‍ യു.എസില്‍ വന്നതു മുതല്‍ ഡാളസ്, ഡിട്രോയിറ്റ്, എഡ്മന്റണ്‍, കാനഡ എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ള സഭാംഗങ്ങളുടെ ആഗ്രഹപ്രകാരം ആ സ്ഥലങ്ങളില്‍ പോയി ആരാധന നടത്തി സഭാംഗങ്ങളെ ഏകീകരിക്കുവാന്‍ നേതൃത്വമേകി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡ്, ക്വീന്‍സ് എന്നിവിടങ്ങളിലും സഭാംഗങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ സഹായിച്ചു. ഇവയെല്ലാം ഇടവക സമൂഹങ്ങളായി തുടര്‍ന്നു.

1996 ല്‍ ഷഷ്ഠി പൂര്‍ത്തി ദിവസം ബര്‍ണബാസ് മെത്രാപ്പോലീത്ത കോര്‍ എപ്പിസ്‌കോപ്പയാക്കി.
ലോംഗ്‌ഐലന്‍ഡിലെ വെസ്റ്റ് സെയ്‌വില്ലെ കേന്ദ്രമായി ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകാംഗങ്ങള്‍ വാങ്ങിയ ദേവാലയം 1977 ല്‍ വെസ്റ്റ് സെയ്‌വില്ലെ, ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകകളായി പിരിഞ്ഞപ്പോള്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകവികാരിയായി നിയമിതനായി. 1998 ല്‍ ജാക്‌സണ്‍ ഇടവകയ്ക്ക് വുഡ്‌സൈഡിലും ഒരു ദേവാലയം വാങ്ങാന്‍ സാധിച്ചു. 2001 ല്‍ നാട്ടിലേക്ക് പോരാന്‍ തീരുമാനിച്ച് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ജോണ്‍ തോമസ് അച്ചനെ ജാക്‌സണ്‍ ഹൈറ്റ്‌സ് വികാരിയായി ബര്‍ണബാസ് മെത്രാപ്പൊലീത്ത നിയമിച്ചു.
പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ വെരി. റവ. ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക