Image

എം.എല്‍.എ പി.കെ.ബഷീറിനെതിരായ കേസ്‌ പിന്‍വലിച്ചത്‌ സുപ്രീംകോടതി റദ്ദാക്കി

Published on 13 September, 2018
 എം.എല്‍.എ പി.കെ.ബഷീറിനെതിരായ കേസ്‌ പിന്‍വലിച്ചത്‌ സുപ്രീംകോടതി റദ്ദാക്കി

ന്യൂദല്‍ഹി: ഏറനാട്‌ എം.എല്‍.എയും മുസ്‌ലിം ലീഗ്‌ നേതാവുമായ പി.കെ.ബഷീറിനെതിരായ കേസ്‌ തുടരുമെന്ന്‌ സുപ്രീം കോടതി. കേസ്‌ റദ്ദാക്കിയ മുന്‍ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിയാണ്‌ സുപ്രീം കോടതി റദ്ദാക്കിയത്‌. കേസ്‌ തുടരണമെന്ന്‌ മജിസ്‌ട്രേട്ട്‌ കോടതിയോട്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ സര്‍ക്കാറിന്റെ പോസ്റ്റ്‌ ഓഫീസ്‌ ആകേണ്ടെന്ന്‌ പറഞ്ഞ ഡിവിഷന്‍ ബെഞ്ച്‌ കേസ്‌ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മജിസ്‌ട്രേട്ട്‌ കോടതിക്ക്‌ തീരുമാനം കൈക്കൊള്ളാമെന്നും പറഞ്ഞു.

മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വിവാദ പാഠപുസ്‌തകത്തിനെതിരെ യൂത്ത്‌ ലീഗ്‌ നടത്തിയ സമരത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടതാണ്‌ ബഷീറിനെതിരായ കേസിനാധാരമായത്‌. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിടയില്‍ കിരിശേരി ഗവ. സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയ ജെയിംസ്‌ അഗസ്റ്റിന്‍ എന്ന അദ്ധ്യാപകന്‍ മരിക്കുകയായിരുന്നു. മീറ്റിംഗ്‌ നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ക്ലാസ്‌ റൂമിലേക്ക്‌ ഇരച്ചുകയറുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ കൊല്ലപ്പെടുകയുമായിരുന്നു.

ഈ കേസില്‍ ഏതാനും യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്‌തിരുന്നു. പിന്നീട്‌ നടന്ന ഒരു പൊതുയോഗത്തിലാണ്‌ ബഷീര്‍ ഭീഷണി മുഴക്കിയത്‌.

2008ല്‍ ബഷീര്‍ നടത്തിയ ഭീഷണി പരാമര്‍ശത്തിനെതിരെ വി.എസ്‌.സര്‍ക്കാരാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. പിന്നീട്‌ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ്‌ പിന്‍വലിക്കുകയായിരുന്നു. പുസ്‌തക വിവാദത്തിലായിരുന്നു പരാമര്‍ശം. അയ്യൂബ്‌ എന്നയാളാണ്‌ കേസ്‌ റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക