Image

ലോക ബാങ്ക്‌, എഡിബി സംഘം കോഴിക്കോട്‌ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

Published on 13 September, 2018
ലോക ബാങ്ക്‌, എഡിബി സംഘം കോഴിക്കോട്‌ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കോഴിക്കോട്‌: ലോക ബാങ്കിന്റേയും ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്കിന്റെയും പ്രതിനിധികള്‍ കോഴിക്കോട്‌ ജില്ലയില്‍ പ്രളയക്കെടുതിയില്‍ കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹേമംഗ്‌ കരേലിയ, വെങ്കട റാവു ബയണ, എസ്‌. വൈദീശ്വരന്‍, അനൂപ്‌ കാരന്ത്‌, സതീഷ്‌ സാഗര്‍ ശര്‍മ, ഉറി റയിക്ക്‌, മഹേഷ്‌ പട്ടേല്‍, ശ്രിനീവാസ റാവു പൊടിപ്പിറെഡ്ഡി എന്നിവരാണ്‌ കോഴിക്കോട്‌ വയനാട്‌, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുള്ളത്‌.

ചൊവാഴ്‌ച രാവിലെ മാവൂര്‍ റോഡിലെ രാവീസ്‌ ഹോട്ടലില്‍ ജില്ലാ കലക്ടര്‍ യു.വി ജോസുമായി സംഘം ചര്‍ച്ച നടത്തി. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക്‌ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

ബാങ്ക്‌ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന്‌ ചര്‍ച്ചയെ തുടര്‍ന്ന്‌ ജില്ലാ കലക്ടര്‍ യു.വി ജോസ്‌ അറിയിച്ചു. തുടര്‍ന്ന്‌ ചെറുവണ്ണൂര്‍, മാളിക്കടവ്‌, മുക്കം, തിരുവമ്‌ബാടി, കൂടരഞ്ഞി, കരിഞ്ചോലമല, കണ്ണപ്പന്‍കുണ്ട്‌, വയനാട്‌ ചുരം (ചിപ്പിലിത്തോട്‌) എന്നിവിടങ്ങളിലാണ്‌ ലോക ബാങ്ക്‌, എ.ഡി.ബി സംഘം സന്ദര്‍ശനം നടത്തിയത്‌.

ജില്ലാ കലക്ടര്‍ യു.വി ജോസ്‌, ഡെപ്യൂട്ടി കലക്ടര്‍( ദുരന്തനിവാരണം) കെ.റംല തുടങ്ങിയവര്‍ അനുഗമിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി ഓഗസ്റ്റ്‌ 17 നും 21 നും ഉണ്ടായ അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന്‌ കാരണമായെന്ന്‌ വിലയിരുത്തി.
കട്ടിപ്പാറ വില്ലേജില്‍ കരിഞ്ചോല, പുതുപ്പാടി വില്ലേജില്‍ മട്ടിക്കുന്ന്‌, കണ്ണപ്പന്‍കുണ്ട്‌, കിനാലൂര്‍ വില്ലേജില്‍ മങ്കയം, കൂടരഞ്ഞി, പുതുപ്പാറയിലെ ചെമ്‌ബുക്കടവ്‌ പട്ടികവര്‍ഗ്ഗ കോളനി, താമരശ്ശേരി ചുരത്തില്‍ ദേശീയ പാത 766 ല്‍ ചിപ്പിലിത്തോട്‌ എന്നിവിടങ്ങളിലാണ്‌ ജില്ലയില്‍ ഉരുള്‍പൊട്ടിയത്‌.

കരിഞ്ചോലമലയില്‍ ഉരുള്‍പ്പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ടു. എടുത്തുവച്ച കല്ലില്‍ വനമേഖലയില്‍ ഉരുള്‍പ്പൊട്ടി. കണ്ണപ്പന്‍ കുണ്ടില്‍ പുഴ വഴിമാറി ഒഴുകി ഒരാള്‍ മരിച്ചു. 19 വീടുകള്‍ പൂര്‍ണ്ണമായും 94 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16 റോഡുകള്‍ തകര്‍ന്നു. കെ.എസ്‌.ഇ.ബി ഇലക്‌ട്രീക്ക്‌ പോസ്റ്റ്‌ 19 എണ്ണവും ഒരു ട്രാന്‍സ്‌ഫോമറും തകര്‍ന്നു.

1.4 കിലോമീറ്റര്‍ ലൈന്‍ തകരാറിലായി. കൂടരഞ്ഞിയില്‍ ഉരുള്‍പ്പൊട്ടി ആറു വീടുകള്‍ പൂര്‍ണ്ണമായും ഇരുന്നൂറ്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നു. 60 വീടുകള്‍ വെള്ളത്തിനടിയിലായി. തിരുവമ്‌ബാടി ഗ്രാമപഞ്ചായത്തില്‍ ഇലന്തുക്കടവ്‌ പാലം പുഴ കരകവിഞ്ഞൊഴുകി. പാര്‍ശ്വ ഭിത്തികള്‍ തകര്‍ന്നു. പുഴയരികിലെ റോഡ്‌ നശിച്ചു. കണ്ടപ്പന്‍ച്ചാല്‍പാലം തകര്‍ന്നു. മാഹി പുഴ, കുറ്റിയാടി പുഴ, കോരപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴ, കല്ലായി പുഴ, എന്നിവ കരകവിഞ്ഞൊഴുകിയതായും സംഘത്തിന്‌ മുന്നില്‍ കലക്ടര്‍ വിശദീകരിച്ചു.

ജില്ലയില്‍ 97 വില്ലേജുകളില്‍ വെള്ളപ്പൊക്കം ബാധിച്ചു. 37213 വീടുകളെയും 39976 കുടുംബങ്ങളെയും പ്രളയം ദുരിതത്തിലാഴ്‌ത്തി. ജില്ലയില്‍ 35 പേര്‍ കാലവര്‍ഷത്തില്‍ മരിച്ചു. താമരശ്ശേരി താലൂക്കില്‍ ഉരുള്‍പ്പൊട്ടി 20 പേരും വടകരയിലും കൊയിലാണ്ടിയിലും പുഴയില്‍ മുങ്ങി നാല്‌ പേര്‍ വീതവും മരിച്ചു. കോഴിക്കോട്‌ താലൂക്കില്‍ ഏഴുപേര്‍ മരിച്ചു.

 ജില്ലയില്‍ ഊര്‍ജ മേഖലയില്‍ 330.12 ദശലക്ഷം രൂപയുടെയും ജലവിഭവ മേഖലയില്‍ 1199.69 ദശലക്ഷം രൂപയുടേയും കാര്‍ഷിക മേഖലയില്‍ 318.89 ദശലക്ഷം രൂപയുടേയും നാശനഷ്ടമുണ്ടെന്നാണ്‌ കണക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക