Image

പ്രളയ കാലത്തും നവകേരള സൃഷ്ടിയിലും സര്‍ക്കാരിന്റെ നിലപാടുകള്‍ നിരുത്തരവാദപരമെന്ന് പിടി തോമസ് എംഎല്‍എ

Published on 13 September, 2018
പ്രളയ കാലത്തും നവകേരള സൃഷ്ടിയിലും സര്‍ക്കാരിന്റെ നിലപാടുകള്‍ നിരുത്തരവാദപരമെന്ന് പിടി തോമസ് എംഎല്‍എ

 പ്രളയ കാലത്തും നവകേരള സൃഷ്ടിയിലും സര്‍ക്കാരിന്റെ നിലപാടുകള്‍ നിരുത്തരവാദപരമെന്ന് പിടി തോമസ് എംഎല്‍എ. നവകേരള സൃഷ്ടിയില്‍ ഇനിയും വ്യക്തമായ രൂപരേഖ തയ്യാറായിട്ടില്ല. ഈ അവസരത്തിലും ആര്‍ക്കും പകരം ചുമതല നല്‍കാതെ വിദേശത്ത് ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയുടെ നടപടി തികച്ചും നിരുത്തരവാദപരവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത് നവകേരള സൃഷ്ടിക്ക് വിഘാതം സൃഷ്ടിക്കുമെന്നും പിടി തോമസ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

500ഓളം മരണങ്ങളും പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടായ പ്രളയത്തില്‍ എന്ത്കൊണ്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെന്ന് പിടി തോമസ് ചോദിച്ചു. സര്‍ക്കാര്‍ അന്വേഷണം ഭയക്കുന്നുണ്ടെന്നും എംഎല്‍എ ആരോപിച്ചു. അണക്കെട്ടുകള്‍ തുറന്നതില്‍ വലിയ രീതിയിലുള്ള വീഴ്ചകളുണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതായുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത് രാത്രി 12.30നാണ്. ഇതിന് മുന്നൊരുക്കങ്ങള്‍ യാതൊന്നും ചെയ്തിരുന്നില്ല. മുന്നറിയിപ്പ് നല്‍കാന്‍ പോയ വാഹനങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി.

ഇടുക്കി അണക്കെട്ട് തുറക്കേണ്ട ജലനിരപ്പിനേക്കുറിപ്പ് യോജിച്ച തീരുമാനമുണ്ടായില്ല. ബാണാസുരസാഗര്‍ ഡാമിന്റെ കാര്യത്തിലും ഏകോപനമില്ലാത്ത തീരുമാനങ്ങളാണുണ്ടായത്. ക്യാമ്ബുകള്‍ പലതവണ മാറ്റേണ്ടി വന്നു. ശാസ്ത്രീയമായ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ 46ഓളം ഡാമുകള്‍ ഒരുമിച്ച്‌ തുറന്ന് വിട്ടു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ നിലവിളിച്ചത് മാത്രം മതി സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല എന്ന് മനസിലാക്കാന്‍. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. എല്ലാം വിരല്‍ ചൂണ്ടുന്നത് പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന വസ്തുതയിലേക്കാണ്. പിടി തോമസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ 99 ശതമാനം പാറമടകളും അനധികൃതമാണെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍തന്നെ പ്രകൃതി ചൂഷണം തടയാനാകുമെന്നും പറഞ്ഞ പിടി തോമസ് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക