Image

ദുരിതാശ്വാസ നിധിയിലേക്കു ശമ്‌ബളം സംഭാവന ചെയ്യില്ലെന്നു പറഞ്ഞ സംഘടനാ നേതാവിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

Published on 14 September, 2018
ദുരിതാശ്വാസ നിധിയിലേക്കു ശമ്‌ബളം സംഭാവന ചെയ്യില്ലെന്നു  പറഞ്ഞ സംഘടനാ നേതാവിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്‌ബളം സംഭാവന ചെയ്യില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സെക്രട്ടേറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗവും ധന കാര്യ വകുപ്പിലെ ഉദ്യോഗസ്ഥനുമായ കെ.എസ്‌ അനില്‍രാജിന്റെ സ്ഥലം മാറ്റമാണ്‌ റദ്ദാക്കിയത്‌.

സംഭവത്തില്‍ അനില്‍രാജ്‌ ഫേസ്‌ബുക്കില്‍ ക്ഷമചോദിച്ചതോടെയാണ്‌ സ്ഥലം മാറ്റം റദ്ദാക്കിയത്‌. ശമ്‌ബളം ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാമെന്നും ഇയാള്‍ സമ്മതിച്ചിരുന്നു.

വീട്ടിലെ പരാധീനതകള്‍കൊണ്ട്‌, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയ്‌ക്കും തനിക്കും ഒരുപോലെ സാലറി ചലഞ്ച്‌ ഏറ്റെടുക്കാനാവില്ലെന്നും അതിനാല്‍ താന്‍ 'നോ' പറയുകയാണെന്നും അനില്‍രാജ്‌ വാട്‌സാപ്പില്‍ പോസ്റ്റിട്ടിരുന്നു. ധനവകുപ്പ്‌ ജീവനക്കാരുടെ 'ഫിനാന്‍സ്‌ ഫ്രണ്ട്‌സ്‌' എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ സന്ദേശം പ്രചരിച്ചതോടെ ബുധനാഴ്‌ച വൈകുന്നേരമാണ്‌ സ്ഥലംമാറ്റിയത്‌.

എന്നാല്‍, ധനവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹത്തിന്‌ ബോധ്യപ്പെട്ട ചില കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്ഥലംമാറ്റിയതെന്ന്‌ ധനമന്ത്രിയുടെ ഓഫീസ്‌ വിശദീകരിച്ചു. തുടര്‍ന്ന്‌ സ്ഥലംമാറ്റം റദ്ദാക്കാന്‍ മന്ത്രി തോമസ്‌ ഐസക്‌ നിര്‍ദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ്‌ അറിയിച്ചു.

സ്ഥലംമാറ്റ ഉത്തരവ്‌ ഇറങ്ങിയതോടെ തനിക്ക്‌ തെറ്റുപറ്റിയതാണെന്ന്‌ അനില്‍രാജ്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'സാഹിത്യപരമായിപ്പോയപ്പോള്‍ പറ്റിയ തെറ്റിന്‌ മാപ്പ്‌. ക്ഷമ ചോദിച്ചുകൊണ്ട്‌ പറയട്ടെ, എന്റെ സാലറി ദുരിതത്തിന്‌ ആശ്വാസമേകാന്‍ നല്‍കുന്നു. സര്‍ക്കാരിനൊപ്പം എന്നും' ഇതായിരുന്നു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക