Image

തടങ്കലില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന

എബ്രഹാം തോമസ് Published on 14 September, 2018
തടങ്കലില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന
അമേരിക്കന്‍ അതിര്‍ത്തിയില്‍ അനധികൃതമായി നുഴഞ്ഞ് കയറാന്‍ ശ്രമിക്കുമ്പോള്‍ പിടിക്കപ്പെടുകയും തടഞ്ഞ് വയ്ക്കല്‍ കേന്ദ്രങ്ങളിലാക്കുകയും ചെയ്യപ്പെടുന്ന കുട്ടികള്‍ കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് അഞ്ചിരട്ടി വര്‍ധിച്ചതായി ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 2017 മാര്‍ച്ചില്‍ ഈ സെന്ററുകളില്‍ ഉണ്ടായിരുന്നത് 2,400 കുട്ടികളായിരുന്നു. 2018 സെപ്റ്റംബര്‍ ആയപ്പോള്‍ 12,800 കുട്ടികളായതായാണ് കണക്ക്.

ഈ അപ്രതീക്ഷിത വര്‍ധനവ് തടഞ്ഞ് വയ്ക്കല്‍ കേന്ദ്രങ്ങളില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അന്തേവാസികള്‍ വര്‍ധിക്കുന്നതിനുസരിച്ച് ജീവനക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ നിലവാരം കുറയുന്നതായും പരാതി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ വര്‍ധിക്കുന്നത് കൂടുതല്‍ കുട്ടികള്‍ അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നത് കൊണ്ടല്ല മറിച്ച് കുടുംബങ്ങളോടോ രക്ഷാധികാരികളോടൊപ്പം അയയ്ക്കുവാന്‍ കഴിയാത്തതിനാലാണ്. ഇവരെ കണ്ടെത്തുവാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന കാരണം. ഈ ബാഹുല്യം കുട്ടികളെയും സംവിധാനത്തെയും ജീവനക്കാരെയും പരിക്ഷീണിതരാക്കുന്നു.

ഭൂരിഭാഗം കുട്ടികളും തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ സ്വയം അതിര്‍ത്തി കടന്നെത്തിയവരാണ്. മിക്കവരും മധ്യ അമേരിക്കയില്‍ നിന്നെത്തിയ കൗമാര പ്രായക്കാര്‍. അമേരിക്കയിലുള്ള നൂറിലധികം ഷെല്‍ട്ടറുകളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നു. ഈ ഷെല്‍ട്ടറുകള്‍ പ്രധാനമായും അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ഉള്ളവയാണ്.

ഈ വിവരങ്ങള്‍ യുഎസ് കോണ്‍ഗ്രസംഗങ്ങളെ ധരിപ്പിച്ചു കഴിഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ അതിജീവിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലെ അത്രയും തന്നെ കുട്ടികള്‍ അതിര്‍ത്തി കടക്കുന്നതായാണ് കണക്കുകള്‍.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രധാനമാറ്റം ചുവപ്പു നാടയും കുടിയേറ്റ നിയമം ശക്തമായി നടപ്പാക്കുവാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ നിലപാടും മൂലം കുട്ടികള്‍ക്കൊപ്പം വരുവാന്‍ മാതാപിതാക്കളെയോ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ബന്ധുക്കളെയോ മുന്നോട്ടു വരാന്‍ ഭയം അനുവദിക്കുന്നില്ല എന്നതാണ്.

കഴിഞ്ഞ മേയ് മാസം മുതല്‍ ഷെല്‍ട്ടറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ 90% ന്റെ മുകളിലാണ്. കഴിഞ്ഞ വര്‍ഷം ഷെല്‍ട്ടറുകളുടെ കപ്പാസിറ്റിയുടെ 30% മാത്രം കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് അതിര്‍ത്തി കടക്കാന്‍ കുട്ടികളുടെ ഒരു തിരക്കുണ്ടായാല്‍ സംവിധാനം ആകെ തകരാറിലാകുമെന്ന് അധികാരികള്‍ പറയുന്നു. നൂറ് ശതമാനത്തിന് അടുത്തെത്തിയാല്‍ പെട്ടെന്ന് സംജാതമാവുന്ന പ്രശ്‌നങ്ങള്‍ നേരിടുവാന്‍ കഴിയുകയില്ല. പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് കീഴിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസില്‍ കുടിയേറ്റ കുട്ടികളുടെ സംരക്ഷണ മേല്‍ നോട്ടം വഹിച്ചിരുന്ന മാര്‍ക്ക് ഗ്രീന്‍ ബെര്‍ഗ് പറയുന്നു.

ടെക്‌സസിലെ ടോര്‍നിലോയിലെ ടെന്റ് സിറ്റിയുടെ വലിപ്പം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് അധികാരികള്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ 3,800 കുട്ടികളെ ഇവിടെ പാര്‍പ്പിക്കുവാനാണ് താല്‍പര്യം. കുടിയേറ്റ അനുഭാവികളും ചില കോണ്‍ഗ്രസംഗങ്ങളും തങ്ങളുടെ ആശങ്ക അറിയിച്ചു. നിറഞ്ഞ് കവിയുന്ന സെന്ററുകളിലെ അവസ്ഥ സാധാരണ സെന്ററുകളിലേതിനെക്കാള്‍ പരിതാപകരം ആയിരിക്കും എന്നിവര്‍ പറഞ്ഞു.

ടോര്‍നിലോ പോലെയുള്ള സെന്ററുകള്‍ നടത്തിക്കൊണ്ട് പോവുക വളരെ ചെലവേറിയതാണെന്ന് ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയിലെ കണക്ടിക്കട്ടില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗം റെപ്രസെന്റേറ്റീവ് റോസാ ഡിലോ റോ പറഞ്ഞു. ഒരു കുട്ടിക്ക് പ്രതിദിനം 750 ഡോളര്‍ ചെലവ് വേണ്ടിവരുമെന്നും ഇത് സാധാരണ സെന്ററിലെ ചെലവിന്റെ മൂന്നിരട്ടി ആണെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ നിയമ വിരുദ്ധമായി അതിര്‍ത്തി കടക്കുന്ന കുടുംബങ്ങളെ അറസ്റ്റ് ചെയ്യുന്നത് 38% വര്‍ധിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്കുകള്‍ പറഞ്ഞു. 12,800 കുടുംബാംഗങ്ങള്‍ ഓഗസ്റ്റില്‍ അതിര്‍ത്തി കടന്നു. ജൂലൈയില്‍ ഇത് 9,247 മാത്രം ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക