Image

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മീന്‍കാരന്‍ ബാപ്പ (ഒരു സര്‍ഗ്ഗ പരിശോധന: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 September, 2018
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മീന്‍കാരന്‍ ബാപ്പ (ഒരു സര്‍ഗ്ഗ പരിശോധന: സുധീര്‍ പണിക്കവീട്ടില്‍)
ഇ-മലയാളി അവാര്‍ഡ്‌നേടിയ കവിത

പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനും കവിയുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ''മീന്‍കാരന്‍ ബാപ്പ" എന്ന കാവ്യസമാഹാരത്തിലെ ഒരു കവിതയാണ് അതേ ശീര്‍ഷകത്തിലുള്ള "മീന്‍കാരന്‍ബാപ്പ''. പിത്രു-പുത്ര ബന്ധത്തിന്റെ ഉദാത്തമായ മേഖലയിലേക്ക്ഈ കവിതയിലൂടെ കവിവായനകാരെ കൂട്ടികൊണ്ടുപോകുന്നു. ബാപ്പയും മകനും തമ്മിലുണ്ടാകേണ്ട ആത്മബന്ധത്തിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവു മകനു ലഭിക്കുന്നത് വൈകിയാണു. ആത്മബന്ധത്തിന്റെ അഭാവം കൊണ്ടാണോ മകനു അതു മനസ്സിലാകാതിരുന്നത്? അല്ല, തലമുറകളുടെ വിടവിലൂടെ പലപ്പോഴും വീണുപോയി കാണാതെപോകുന്ന ചില പരമാര്‍ത്ഥങ്ങള്‍ അവയെ മറച്ചതുകൊണ്ടാണു.ആ മകന്റെ മാനസിക വ്യഥ വളരെ ലളിതമായി എന്നാല്‍ വായനക്കാരനു ബോദ്ധ്യമാകുംവിധം കവി ആവിഷ്കരിക്കുന്നു. ഇംഗ്ലീഷില്‍ പ്രചാരമുള്ള "കണ്‍ഫെഷണല്‍ പോയട്രി്'' എന്ന വിഭാഗത്തില്‍ ഈ കവിതയെ ഉള്‍പ്പെടുത്താം. ഒരു കുറ്റസമ്മതം പോലെ പ്രകടമാകുന്ന അത്തരം കവിതകള്‍ കവിയുടെ സ്വന്തം അനുഭവങ്ങളെ വിവരിക്കുന്നതായിരിക്കും. എന്നാല്‍ ഇവിടെ കവി മറ്റൊരാളുടെ അനുഭവം ഉള്‍ക്കൊണ്ടുകൊണ്ട് ആ വികാരം ആവിഷ്കരിക്കയാണു.അത്തരം രചനകള്‍ നടത്താന്‍ കവികള്‍ ജീവിതത്തെ സൂക്ഷ്മനിരീക്ഷണം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യാറുണ്ടു.ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ ജന്മഗ്രാമത്തില്‍ കണ്ട ഒരു കാഴ്ചയില്‍നിന്നും ഉരുതിരിഞ്ഞതാണീ കവിത എന്നുമനസ്സിലാക്കാം. അദ്ദേഹത്തിന്റെ കവിതകള്‍പരിശോധിച്ചാല്‍ അതിലെല്ലാം ജീവിതത്തിന്റെ നഗ്നമായ ചിത്രങ്ങള്‍ നിറപ്പകിട്ടോടെയും അല്ലാതെയും വരച്ചുവച്ചിരിക്കുന്നത് കാണാം. ജീവിതത്തിലെ ഓരോ രംഗങ്ങളും കാവ്യസന്ദര്‍ഭമാക്കിമാറ്റുന്നു അദ്ദേഹം.ഈ കവിത തലമുറകളുടെ ചിന്താഗതിയും, മക്കള്‍ക്ക് പിതാക്കളോടുണ്ടാകേണ്ട പിത്രുഭക്തിയും,(filial piety) രക്ഷകര്‍ത്രുബന്ധത്തിന്റെ (Parental Bonding) ഉറപ്പും ഭദ്രതയും വ്യക്തമാക്കുന്നു.

ഈ കവിതയില്‍ ബാപ്പയുടെ പ്രവര്‍ത്തികളാണു അദ്ദേഹത്തിന്റെ വാക്കുകളേക്കാള്‍ പ്രകടമാകുന്നത്. ബാപ്പയും മകനും തമ്മിലുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒന്നും തന്നെ കവി പറയുന്നില്ല. എന്നാല്‍ വരികള്‍ക്കിടയിലൂടെ അതു പ്രതിഫലിപ്പിക്കുന്നുണ്ട്.ബാപ്പയുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് കുടുംബമാണ്, മകനാണു എന്നു മകന്റെ വിചാരങ്ങളിലൂടെ പ്രകടമാക്കുന്നുണ്ട്. ആദ്യമൊക്കെ അതു ബാപ്പയുടെ ഉത്തരവാദിത്വമെന്ന മൗനചിന്തയില്‍ മകന്‍ അതു ശ്രദ്ധിക്കുന്നേയില്ല. അമിതമായ പുത്രവാത്സല്യം കൊണ്ടായിരിക്കാം ബാപ്പ മകനെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കിക്കുന്നതില്‍ പരാജയപ്പെട്ടത്. ഒരു പക്ഷെ മകന്‍ എല്ലാം കണ്ടു മനസ്സിലാക്കണമെന്ന പിതാവിന്റെ ധാരണയാകാം. മകന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു പക്ഷെ അതു തനിക്കുള്ള ഒരു സന്ദേശമാണ്, പാഠമാണ് എന്നു മനസ്സിലാക്കിയിരുന്നില്ല. ചുട്ട മണ്ണിലൂടെ നഗ്നപാദനായ് മീന്‍ വില്‍ക്കാന്‍ ബാപ്പ നടന്നിരുന്നെന്ന് അറിയില്ലായിരുന്നു എന്നു മകന്‍ പറയുമ്പോള്‍ അവന് അതു അറിയാമായിരുന്നുഎന്ന സൂചനയുണ്ട്. പക്ഷെ അതെല്ലാം ജീവിതായോധനത്തിന്റെ ഭാഗമാണെന്ന ഒരു ധാരണ മകന്റെ മനസ്സില്‍ കുടിയേറിയിരുന്നു. കുടുംബബാദ്ധ്യത പിതാവില്‍ നിക്ഷിപ്തമായിരിക്കുന്നു; മക്കള്‍ക്ക് അതില്‍ എന്തു കാര്യമെന്നു ചിന്തിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയായി ആ മകനെ കാണാവുന്നതാണു.മീന്‍കാരന്‍ ബാപ്പാമാര്‍ എല്ലാ കാലത്തുമുണ്ട്. ഒരു പക്ഷെ അവര്‍ മീന്‍ വില്‍ക്കുന്നത് തലയില്‍ ചുമന്നിട്ടാകില്ല, അല്ലെങ്കില്‍ കാവില്‍ തൂക്കിപ്പിടിച്ചുകൊണ്ടായിരിക്കയില്ല. ഈ കവിതയില്‍ ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രങ്ങള്‍ കവി വരച്ചു കാട്ടുന്നുണ്ട്.ആ ചിത്രങ്ങള്‍ക്കേ മാറ്റം വരുന്നുള്ളു, അതിന്റെ പുറകിലെ മനുഷ്യര്‍ക്കും അവരുടെ മാനസിക ഭാവങ്ങള്‍ക്കും മാറ്റം വരുന്നില്ലെന്നു വായനകാര്‍ മനസ്സിലാക്കുന്നു..

ദുരൂഹതയുള്ള ബിംബങ്ങള്‍ കവിതയില്‍ കൊണ്ടുവരുന്നതിനെക്കാള്‍ ജീവിത മുഹുര്‍ത്തങ്ങളെ ബിംബങ്ങളാക്കുക എന്ന ഒരു രചനാതന്ത്രം അദ്ദേഹം ഉപയോഗിക്കുന്നു.ഉദാഹരണത്തിനു മീന്‍ വില്‍പ്പന തലചുമടില്‍ നിന്നു, ചുമലിലേക്കും, പിന്നെ കാവു ഉപയോഗിച്ചും ബാപ്പ നടത്തിയെന്നു അദ്ദേഹം എഴുതുന്നു. കാസരോഗിയെപോലെ കിതച്ചും, ചുമച്ചും, വിയര്‍പ്പ് ഒപ്പാന്‍ ഉറുമാലുകളുടെ എണ്ണം കൂടുന്നത്, പിന്നെ കൂനു വന്നു വീണ് തുടയെല്ലു പൊട്ടുന്നതും നിത്യജീവിതത്തിലെ ഓരോ ഘടനയുമായി കൂട്ടിച്ചേര്‍ത്താണു വിവരിക്കുന്നത്. അതിലൂടെ മകന്റെ മനസ്സിലേക്ക് കയറി വരുന്ന ആ ചിത്രങ്ങള്‍ അവന്റെ ചിന്തകള്‍ക്ക് പുതിയ മാനം നല്‍കുന്നു. ബാപ്പക്ക് മത്സ്യഗന്ധമുണ്ടെന്നു ആരോപിച്ച് ഉമ്മ മാറ്റി കിടത്തിയതും മീന്‍ മണം മാറുന്നിക്ലെന്നു കുറ്റപ്പെടുത്തിയതും വീണ്ടും മകന്‍ ഓര്‍ക്കുമ്പോള്‍ അവന്റെ മുന്നില്‍ സ്‌നേഹനിധിയായ ബാപ്പയുടെ രൂപം കവി കാണിച്ചുകൊടുക്കുന്നത് നമ്മളും കാണുന്നു.സ്പഷ്ടവും സുന്ദരവുമായ ആശയങ്ങളെ ദുര്‍ഗ്രഹങ്ങളായ ബിംബങ്ങളില്‍ തളച്ചിട്ട് കവിതയെ ക്രുത്രിമ കോലം കെട്ടിച്ചുവിടുന്ന ആധുനിക കവികളില്‍ നിന്നും പുന്നയൂര്‍ക്കുളം വ്യത്യസ്തനാണു.

രക്ഷാകര്‍ത്രുബന്ധത്തിന്റെ (Parental Bonding) ഒരു നല്ല മാത്രുക ഈ കവിതയില്‍ കാണുന്നു. ബാപ്പയും മകനും തമ്മില്‍ ആശയ വിനിമയങ്ങള്‍ ഒന്നും നടത്തുന്നത് കവി പറയുന്നില്ല. എന്നാല്‍ വാക്കാല്‍ അല്ലാത്ത ആശയവിനിമയങ്ങള്‍ കൂടുതല്‍ ശക്തമാണെന്നു ചില പഠനങ്ങള്‍ തെളിയിച്ചതായി വായിച്ചത് ഓര്‍ക്കുന്നു. പ്രത്യേകിച്ച് നമ്മുടെ ഭാരതീയ സമൂഹത്തില്‍ പിത്രു-പുത്ര ബന്ധം എത്ര ഉറച്ചതാണെങ്കിലും അവര്‍ തമ്മില്‍ സ്വതന്ത്രമായി ആശയങ്ങള്‍ വിനിമയം ചെയ്യുന്നത് വിരളമാണു. എല്ലാം മാതാവില്‍ കൂടി നടന്നിരുന്നു ഒരു കാലത്ത്. ഈ കവിതയിലെ മകനു ബാപ്പയെക്കുറിച്ച് ഉമ്മയില്‍ നിന്നും കിട്ടുന്ന സന്ദേശം നല്ലതല്ല. എന്നിട്ടുംബാപ്പയുടെ മൗന നോട്ടങ്ങളും, ശബ്ദത്തിലെ ചിലമ്പലും മകന്‍ എന്തുകൊണ്ടൊ ശ്രദ്ധിക്കുന്നുണ്ട്. അതാണു കവിതയിലെ ഊന്നല്‍.അവന്‍ ബാപ്പയുമായി മനസ്സുകൊണ്ട് അടുക്കാന്‍ തുടങ്ങിയപ്പോള്‍ ബാപ്പയുടെ കവിളൂടെ ഒഴുകുന്ന കണ്ണുനീര്‍ അവന്‍ കാണുന്നു. ആ കണ്ണുനീര്‍ തുടക്കാന്‍ തന്റെ കൈകള്‍ പ്രാപ്ത്മായി എന്ന ഉള്‍ക്കാഴ്ച അവന് കിട്ടുകയാണ്.വളരെ മഹത്തായ ഒരു യാഥാര്‍ത്ഥ്യത്തിന്റെ പൊരുള്‍ അവന് ബോദ്ധ്യമാകുന്നു.

ഒരിക്കല്‍ കണ്ടിട്ടും കാണാതെപോയ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെപോയ ബാപ്പയുടെ പ്രയാസങ്ങള്‍ ബാപ്പയുടെ കണ്ണുനീര്‍ ചാലുകളില്‍ നിഴലടിച്ച് കാണുന്നത് നോക്കി നില്‍ക്കുന്ന മകനില്‍ ബാപ്പയുടെ ജന്മസാഫല്യത്തിന്റെ പുണ്യം നിറയുന്നു. കവി അതു വിവരിക്കുന്നില്ല. പക്ഷെ ഇങ്ങനെ പറയുന്നു:''ഒടുവില്‍ ഒട്ടിയ കവിളിലൂടെ അശ്രുചാല്‍ കീറിയത് കണ്ടില്ലെന്നു നടിക്കാന്‍ മകനെനിക്കായില്ല.'' മകന്റെയൗവ്വനം അവനെകൊണ്ടു അഭിനയിപ്പിച്ച രംഗങ്ങള്‍ക്ക് തിരശ്ശീല വീണു. അവന്‍ കര്‍മ്മോന്മുഖനാകയാണു. ആത്മസമര്‍പ്പണത്തിന്റേയും ത്യാഗത്തിന്റേയും മാത്രുകകള്‍ കാട്ടിയ പിതാവിനെ അവന്‍ ആദരിക്കാന്‍ തുടങ്ങുമ്പോള്‍ കവി ക്രുത്ജ്ഞതാപൂര്‍വ്വം വിരമിക്കുന്നു.ന്ബാപ്പയുടെ സങ്കടാവസ്ഥ വായനക്കാരിലും കണ്ണുനീര്‍ തുളുമ്പിക്കുന്നു. എന്നാല്‍ മകന്‍ ബാപ്പയുടെ കണ്ണുനീര്‍ കണ്ടു എന്നു അറിയുമ്പോള്‍ അവരും മകനു നന്മകള്‍ നേരുന്നു. ഒരു ചെറിയ പ്രമേയം സ്വീകരിച്ചുകൊണ്ട് പിത്രു-പുത്ര ബന്ധത്തിന്റെ ഒരു ദ്രുശ്യം കവി നമുക്ക് പകര്‍ന്നു തരുന്നു.

ശുഭം
Join WhatsApp News
P R Girish Nair 2018-09-15 00:55:24
ശ്രീ. സുധീർ സാറിന്റെ അവലോകനങ്ങൾക്ക് ആത്മാവിനെ തൊട്ടറിയാനുള്ള കഴിവുണ്ട്.  അത്തരം ഒരാൾ  ഈമലയാളിയുടെ മുൻനിരയിലുള്ളത് ഈമലയാളി വായനക്കാരുടെ സുകൃതം
Silji 2018-09-19 15:15:11
കാല്‍പനികവും ആധുനികവുമായ ഭാവങ്ങള്‍ ഇഴചേര്‍ന്ന്‌ ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ �`മീന്‍കാരന്‍ ബാപ്പ' എന്ന കവിതാസമാഹാരത്തിലെ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഒരു കവിയുടെ അന്വേഷണങ്ങളും അനുഭവങ്ങളും സ്വപ്‌നങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കവിതകളില്‍ തിരിച്ചറിയാം. ജീവിതാനുഭവങ്ങള്‍ക്കൊപ്പം മിടിക്കുന്ന മാനുഷികഭാവങ്ങളുടെ വേറിട്ട അര്‍ഥതലങ്ങളാണ്‌ അദ്ദേഹത്തിന്റെ കവിതകളെ കൂടുതല്‍ ജീവിതഗന്ധിയാക്കിനിര്‍ത്തുന്നത്‌.
അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്‌ അഭിനന്ദനങ്ങള്‍. മികച്ച ആസ്വാദനത്തിന്‌ ശ്രീ സുധീര്‍ പണിക്കവീട്ടിലിനും ആശംസകള്‍.

സില്‍ജി ജെ ടോം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക