Image

ചാരക്കേസ്: നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് മന്ത്രി ഇ.പി ജയരാജന്‍

Published on 14 September, 2018
ചാരക്കേസ്: നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് മന്ത്രി ഇ.പി ജയരാജന്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതാക്കളും കെ.പി.സി.സിയുമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി അദ്ദേഹത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൂഡാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും ജയരാജന്‍ വ്യക്തമാക്കി. ചാരക്കേസില്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അടക്കമുള്ളവര്‍ നടത്തിയ ഖേദപ്രകടനം നാം കണ്ടതാണ്. കരുണാകരനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ഗൂഡാലോചനയാണ് കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 1210 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 816 കോടി രൂപ വിവിധ ഫണ്ടുകളിലേക്ക് അനുവദിച്ചു. 420 കോടി മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കി. സെപ്റ്റംബര്‍ 12 വരെ 5.27 ലക്ഷം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസമായി 10,000 രൂപ നല്‍കിക്കഴിഞ്ഞു.

നിലവിലെ കണക്കനുസരിച്ച് 48411 കുടുംബങ്ങള്‍ക്കുകൂടി ഈ തുക നല്‍കേണ്ടതുണ്ട്. വെള്ളപ്പൊക്കത്തില്‍ മരിച്ച 193 പേരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം സഹായം നല്‍കി. സാഹായ വിതരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. മന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് നല്ല പ്രതികരണമാണ് ഉണ്ടാവുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക