Image

പാതാളം മോശം സ്ഥലമല്ലെന്നു പി.സി. ജോര്‍ജ്

Published on 14 September, 2018
പാതാളം മോശം സ്ഥലമല്ലെന്നു പി.സി. ജോര്‍ജ്
ബഹു.സ്പീക്കര്‍,
എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.
കാരണം കാല്‍ നൂറ്റാണ്ടു കാലമാകുന്ന എന്റെ നിയമസഭാ പ്രവര്‍ത്തനം ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോര്‍ജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തി എന്ന അങ്ങയുടെ പരാമര്‍ശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്.
അങ്ങയുടെ ആ പരാമര്‍ശനം ഇന്നാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്.

എന്നെയും കൂട്ടുകാരെയും സ്‌ക്‌ളില്‍ മലയാളം പഠിപ്പിച്ചത് എടത്തില്‍ സാറായിരുന്നു.
ഗ്രാമീണനായ തനി സാത്വികന്‍. ഒരു ദിവസം ക്‌ളാസ് മുറിയാകെ അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് ഞാന്‍ കൂട്ടുകാരോട് വിളിച്ചു പറഞ്ഞു ''ഇതാകെ പാതാളംപോല ആയല്ലോടാ ഉവ്വേ'' എന്ന്.

ഇത് കേട്ടുകൊണ്ടാണ് എടത്തില്‍ സാര്‍ ക്‌ളാസ് മുറിയിലേക്ക് കയറി വന്നത്, വന്നയുടന്‍ സാര്‍ എന്നോട് ചോദിച്ചു ''എന്നതാടാ കുഞ്ഞുമോനേ പാതാളം?'
ഞാന്‍: ''അല്ല സാറെ ഈ ക്‌ളാസ് മുറിയാകെ കുളമായിക്കിടക്കുന്നത് കണ്ടോട് പറഞ്ഞതാ''

ഇത് കേട്ട് സാറ് മേശപ്പുറത്ത് കയറിയിരുന്നു. എന്നിട്ട് പറഞ്ഞു ''സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്.
വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടേന്നൊക്കെയുള്ള വിഡ്ഢിത്തത്തില്‍ നിന്നാണ് അവരൊക്കെയങ്ങനെ പറയുന്നത്''.

അദ്ദേഹം തുടര്‍ന്നു..''ഈശ്വരന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ ജന്മങ്ങളിലൊന്നായിരുന്നു മഹാബലി ചക്രവര്‍ത്തിയുടേത്. സത്യം, ധര്‍മ്മം, നീതിബോധം, വ്യക്തിശുദ്ധി എന്നിവകൊണ്ട് ദേവന്മാന്‍ക്ക് പോലും അസൂയ തോന്നിയ അസുരന്‍. മഹാബലി ജീവിച്ചിരുന്നാല്‍ ദേവന്മാരെ ആരും മൈന്‍ഡ് ചെയ്യില്ലെന്ന നിലയായി. ഇവരെല്ലാം കൂടി മഹാവിഷ്ണുവിന്റടുത്ത് സങ്കടവുമായി ചെന്നു. മഹാബലിയെ വധിക്കണം. ദേവലോകത്തെ രക്ഷിക്കണം അതായിരുന്നു ആവശ്യം''

''എന്നിട്ട് മഹാബലിയെ വിഷ്ണു കൊന്നോ സാറേ''ഏന്റെ ആത്മമിത്രം വി.എ.സുല്‍ത്താന്റെ ചോദ്യം.
സാര്‍ തുടര്‍ന്നു..''കൊല്ലാനാവുമായിരുന്നില്ല. പകരം പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അതോടെ മഹാവിഷ്ണുവിന്റെ വാമനാവതാരം പൂര്‍ത്തിയായി.
അപ്പോള്‍ ഏറ്റവും ശ്രേഷ്ഠനായ മഹാബലിയെ ദേവപാദങ്ങളാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. അതായത് നിത്യമോക്ഷത്തിലേക്ക്''

ഒന്ന് നിര്‍ത്തി എടത്തില്‍ സാറ് പറഞ്ഞു ''ഈ പാതാളത്തെയും ഈ ചവിട്ടിത്താഴ്ത്തലിനെയുമാണ് ചില അല്‍പ്പജ്ഞാനികള്‍ വേണ്ടാത്ത അര്‍ത്ഥം കല്‍പ്പിച്ച് പരാമര്‍ശിക്കുന്നത്. അതുകൊണ്ട് നിങ്ങളാരും അങ്ങനെ പറയാന്‍ പാടില്ല. അസ്ഥാനത്ത് ഈ പ്രയോഗം നടത്തുന്നവരോട് ഇത് പറഞ്ഞു കൊടുക്കുകയുംവേണം''

അങ്ങയുടെ പ്രസ്താവന വന്നപ്പോള്‍ ഞാന്‍ എടത്തില്‍ സാറിനെ ഓാര്‍ത്തുപോയി. ഞാനൊരു ഗ്രാമീണനായ ഒരു പൂഞ്ഞാറുകാരനാണ്. ദേവപാദത്തിന്റെ ഉടമയൊന്നുമല്ല. നമ്മുടെ നിയമസഭ മാന്യതയുടെ മകുടോദാഹരണമാണ്. പക്ഷേ മഹാബലിയുമൊയി അതിനെ താരതമ്മ്യം ചെയ്യരുത് സാര്‍, എങ്ങുമെത്തില്ല അതുകൊണ്ടാ.

കഴിഞ്ഞ നിയമസഭയില്‍ നമ്മുടെ പാലാ മെമ്പര്‍ UDF മന്ത്രിസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ ചില വിദ്വാന്‍മാര്‍ ബഹു.സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവും അത് മൂലം അങ്ങ് ഉയരെ സ്വര്‍ഗ്ഗോളം ആ വിദ്വാന്മാര്‍ ഉയര്‍ത്തിവിട്ട കേരള നിയമസഭയുടെ അന്തസും അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ ഇല്ലേ, സാര്‍??

അത്തരത്തില്‍ അങ്ങ് സ്പീക്കറായിരിക്കുന്ന നമ്മുടെ നിയമസഭയുടെ അന്തസ് പൊക്കി നിര്‍ത്താന്‍ ഒരു കാലത്തും പ്‌ളാത്തോട്ടത്തില്‍ ചാക്കോച്ചന്റെ മകന് കഴിയില്ല സാര്‍. എന്നെയതിന് കിട്ടത്തുമില്ല..

എടത്തില്‍ സാറിനെ സ്മരിക്കാനും അദ്ദേഹം പറഞ്ഞുതന്ന നന്മ ലോകത്തോട് പറയാനും ഇടയാക്കത്തക്ക വിധത്തില്‍ ഉപമ പറഞ്ഞതിന് അങ്ങയോട് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക