Image

ചാരക്കേസ്‌:ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും നഷ്ടപരിഹാരം നല്‍കണമെന്ന്‌ കോടിയേരി

Published on 15 September, 2018
ചാരക്കേസ്‌:ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും നഷ്ടപരിഹാരം നല്‍കണമെന്ന്‌ കോടിയേരി

തിരുവനന്തപുരം: ഐ.എസ്‌.ആര്‍.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ്‌ സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നെന്ന്‌ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ശാസ്‌ത്രജ്ഞന്‍ നമ്‌ബി നാരായണന്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.പി.സി.സിക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവിനെ ഈ ബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കാനുള്ള ധാര്‍മ്മികതയും മാനുഷികതയും കാണിക്കണം.

അധികാരത്തിന്‌ വേണ്ടി എന്ത്‌ നീചകൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ്‌ കോണ്‍ഗ്രസെന്ന്‌ ചാരക്കേസ്‌ വ്യക്തമാക്കുന്നു. അധികാരം പിടിയ്‌ക്കാനായി ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണ്‌ ചാരക്കേസ്‌. ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച്‌ പേരെക്കുറിച്ച്‌ ജുഡീഷ്യല്‍ കമ്മിഷന്‌ മുമ്‌ബാകെ അറിയിക്കുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്‌.

കോണ്‍ഗ്രസില്‍ നിന്നും ഉയരാന്‍ പോകുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങാതെ പേരുകള്‍ വെളിപ്പെടുത്താന്‍ പത്മജ തയ്യാറാകണം. ഒരടിസ്ഥാനവുമില്ലാതെ ക്രമിനല്‍ കേസ്‌ ചുമത്തുകയായിരുന്നു ചാരക്കേസിലുണ്ടായതെന്ന കോടതി നിരീക്ഷണം ഗൗരവമുള്ളതാണ്‌.

കരുണാകരനെ താഴെയിറക്കാനും ആന്റണിയെ അധികാരത്തിലേറ്റാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നിയമവിരുദ്ധ കുതന്ത്രങ്ങളില്‍ പങ്കാളികളായ യു.ഡി.എഫ്‌ നേതാക്കളും പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക