Image

പതറാത്ത പടനായകന്‍(ഭാഗം 2-ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)

ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍ Published on 15 September, 2018
പതറാത്ത പടനായകന്‍(ഭാഗം 2-ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)
വെറും ടൈപ്പ്‌റൈറ്റര്‍ മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിച്ച നമ്മുടെ യൂനിറ്റിനെ യ്ന്ത്രവല്‍ക്കരിച്ചതും ഞങ്ങളെയൊക്കെ കമ്പ്യൂട്ടറില്‍ ജോലിചെയ്യാന്‍ വിദഗ്ധരാക്കിയതും സാറല്ലേ? ഇതൊക്കെ അഭിമാനത്തോടെ മാത്രമേ ഞങ്ങള്‍ ഓര്‍മ്മിക്കുകയുള്ളൂ'- ജഗദീശ് പറഞ്ഞു.

'ഞാന്‍ പോസ്റ്റിംഗ് പോയാല്‍ വേറൊരു ഓഫീസര്‍ കമാണ്ടിംഗ് എനിക്കു പകരം വരുമല്ലോ. അദ്ദേഹം എന്നേക്കാള്‍ നല്ല വിധത്തില്‍ നിങ്ങളുടെ ക്ഷേമവും യൂനിറ്റിലെ ജോലിക്കാര്യങ്ങളും ശ്രദ്ധിക്കുമെന്നെനിക്കുറപ്പുണ്ട്. അതിനാല്‍ ആരും വിഷമിക്കേണ്ട.' കേണല്‍ രവി പറഞ്ഞു.

ടെലിഫോണ്‍ ബെല്ലടിച്ചു. സൂപ്രണ്ട് സത്യനാഥ് ഫോണെടുത്തു. 'ഗുഡ്‌മോണിംഗ്! പബ്ലിക് റിലേഷന്‍സ് ഓഫീസ്.'
'ഗുഡ്‌മോര്‍ണിംഗ്! ഞാന്‍ മേജര്‍ തുളസി'
'മാഡം, ഞാന്‍ ഫോണ്‍ സാറിനു കൊടുക്കാം...സാര്‍, മാഡത്തിന്റെ ഫോണാണ്'- സൂപ്രണ്ട് ഫോണിന്റെ റിസീവര്‍ കേണല്‍ രവിക്കു കൊടുത്തു. എല്ലാവരും സ്വന്തം ഓഫീസ് മുറികളിലേക്കു തിരിച്ചുപോയി.

'രവിയേട്ടന്‍ വിളിച്ചിരുന്നുവല്ലോ. എന്താ വിശേഷം?'
'തുളസീ, എന്‌റെ പോസ്റ്റിംഗ് വന്നു-ബീക്കാനീറിലെ ഫോര്‍മേഷനിലേക്ക്. എഡ്യൂക്കേഷന്‍ ഓഫീസറും ഹ്യൂമന്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമായിട്ടാണ് നിയമനം. വളരെ ഉത്തരവാദിത്വമുള്ള പദവിയാണ്. പോസ്റ്റിംഗ് ഓര്‍ഡര്‍ വന്നു കഴിഞ്ഞാല്‍ ജോയിന്‍ ചെയ്യാനായി കൃത്യം രണ്ടുമാസം സമയം കിട്ടും.'

'എന്നെയും രണ്ടു പിഞ്ചുകുട്ടികളെയും ജോഡ്പൂരില്‍ ഒറ്റയ്ക്കു വിട്ടിട്ടുപോകാന്‍തന്നെ തീരുമാനിച്ചു, അല്ലേ?' ഭാര്യയുടെ പരിഭവത്തില്‍ കേണല്‍ രവിക്ക് അപകാതയൊന്നും തോന്നിയില്ല.

'എന്തുചെയ്യണമെന്ന് നമുക്ക് വീട്ടിലേത്തിയശേഷം സംസാരിക്കാം. എന്തായാലും എനിക്കിഷ്ടപ്പെട്ട പദവിയാണ്. അതുകൊണ്ട് പോസ്റ്റിംഗ് മാറ്റുന്നതിന് ഒരപേക്ഷയും കൊടുക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഒരു പക്ഷേ എല്ലാം നല്ലതിനായിരിക്കാം.'
മൂന്നുമണിയായപ്പോള്‍ കേണല്‍ രവി എയര്‍ഫോഴ്‌സ് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളെയും കൂട്ടി ഭാര്യ ജോലി ചെയ്യുന്ന മിലിട്ടറി ഹോസ്പിറ്റലിലെത്തി ഭാര്യയേയും കൂട്ടി വീട്ടിലേക്കു പറപ്പെട്ടു. ആര്‍മി കന്റോണ്‍മെന്റിന്റെ സുന്ദരമായ റോഡിലൂടെ വണ്ടിയോടിച്ചു പോകുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ചിന്തയിലാണ്ടു. കുട്ടികള്‍ വണ്ടിയുടെ പുറകിലിരുന്നു ബഹളം കൂട്ടിയപ്പോള്‍ അവരുടെ ചിന്തകള്‍ക്കു ഭംഗം വന്നു.

വീട്ടില്‍ 'സഹായക്ക്' ആയ പട്ടാളക്കാരന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. വണ്ടി ഗരാജില്‍വെച്ച ശേഷം സഹായക്കിനോട് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ഉടുപ്പുമാറ്റി കൈകഴുകി ഉച്ചഭക്ഷത്തിനുവേണ്ടി നാലുപേരും ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നു.
'നിങ്ങള്‍ക്കറിയുമോ?' അച്ഛന്റെ പോസ്റ്റിംഗ് വന്നു- ബീക്കാനീറിലേക്ക്. നമ്മളെ മൂന്നുപേരെയും ഇവിടെ വിട്ടിട്ട് പോകും.'- മേജര്‍ തുളസി കുട്ടികളെ നോക്കിക്കൊണ്ട് പറഞ്ഞു.

'സാരമില്ല. അമ്മയെ നോക്കാന്‍ ഞങ്ങളില്ലേ?' പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ആനന്ദ് പറഞ്ഞു.

'അമ്മ ഹിമാചല്‍പ്രദേശിലെ ബക്‌ളോ മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന സമയത്ത് ഞങ്ങള്‍ അച്ഛനെ നോക്കിയതല്ലേ? അതുപോലെ അമ്മയെയും ഞങ്ങള്‍ നോക്കിക്കോളും'-
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അതുല്യ സമാധാനിപ്പിച്ചു.

'ബക്‌ളേവില്‍നിന്ന് ജോഡ്പൂരിലേക്ക് പോസ്റ്റിംഗ്  വന്നപ്പോള്‍ നമുക്കെല്ലാവര്‍ക്കും രണ്ടുകൊല്ലമെങ്കിലും ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്ന് ഞാനാശിച്ചു. എന്നിട്ടിപ്പോള്‍ എന്തായി?'- തുളസി ഭര്‍ത്താവിനെ നോക്കി.

'സാരമില്ല തുളസീ. എല്ലാം നല്ലതിനായിരിക്കുമെന്നു വിശ്വസിക്കുക'- കേണല്‍ രവി സമാധാനിപ്പിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ വന്നു. സായുധ സേനയുടെ പല യൂനിറ്റുകളും ഫോര്‍മേഷനുകളും കേണല്‍ രവി പോസ്റ്റിംഗ് പോവുന്നതിനുമുമ്പ് സെന്റ് ഓഫ് പാര്‍ട്ടി നല്‍കി. ഫോര്‍മേഷന്‍ ഓഫീസേഴ്‌സ് മെസ്സില്‍വെച്ച് പരമ്പരാഗതമായി തുടര്‍ന്നുവരുന്ന 'ഡൈനിംഗ് ഔട്ട്' പാര്‍ട്ടിയും നടത്തി. പാര്‍ട്ടിയില്‍വെച്ച് 'കോര്‍ കമാന്‍ഡര്‍' ചോദിച്ചു: 'രവീ, ആര്‍ യൂ ഹാപ്പി വിത്ത് ദി പോസ്റ്റിംഗ്?'(ഈ പോസ്റ്റിംഗ് വന്നതില്‍ രവി സന്തോഷിക്കുന്നുണ്ടോ?'
എന്റെ ഭാര്യയെയും രണ്ടു ചെറിയ കുട്ടികളെയും ഇവിടെ ഒറ്റയ്ക്കു വിട്ടിട്ടുപോകേണ്ടിവരുമെന്നതൊഴിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്'- കേണല്‍ രവി ഉത്തരം പറഞ്ഞു.

രവി ഒന്നുകൊണ്ടും വിഷമിക്കേണ്ട. നിന്റെ ഫാമിലിയുടെ വെല്‍ഫേര്‍(ക്ഷേമം) ഞങ്ങള്‍ നോക്കിക്കൊള്ളും. ബീക്കാനീറില്‍ നിന്ന് വാരാന്ത്യത്തില്‍ ഇങ്ങോട്ടുവരാനും സാധിക്കുമല്ലോ.'

'സഹായവാഗ്ദാനത്തിനും ഉപദേശത്തിനും വളരെ നന്ദി സാര്‍!'
രവീ നിന്റെ ഡ്രിങ്ക്‌സ് എവിടെ?- കോര്‍ കമാണ്ടര്‍ പോയപ്പോള്‍ 'ചീഫ് ഓഫ് സ്റ്റാഫ്'  അടുത്തുവന്നു ചോദി്ച്ചു.

'സാര്‍ ഞാനൊരു ടീടോട്ട്‌ലര്‍ ആണ്. മദ്യപാനവും സിഗററ്റുവലിയുമൊന്നുമില്ല. ശുദ്ധ വെജിറ്റേറിയനുമാണ്-' കേണല്‍ രവി പറഞ്ഞു.

'വെരി നൈസ്'.
പാര്‍ട്ടി കഴിഞ്ഞപ്പോള്‍ എല്ലാവരോടും നന്ദി പറഞ്ഞ് കേണല്‍രവിയും ഭാര്യയും വീട്ടിലേക്കു മടങ്ങി.

ബീക്കാനീറിലെ ആര്‍മി ഫോര്‍മേഷനില്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ആദ്യമായി ഡെപ്യൂട്ടികമാന്‍ഡറിന്റെ മുമ്പില്‍ ഇന്റര്‍വ്യൂ നടന്നു.

റിക്കോര്‍ഡ് ഓഫ് സര്‍വ്വീസില്‍ ഒരു ഡസനോളം ഡിഗ്രികള്‍ എഴുതിക്കണ്ടപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ക്ക് സംശയമായി.

'കേണല്‍ രവി ഇത്രയധികം ഡിഗ്രികള്‍ നേടിയതെങ്ങിനെ?'
ജോലിത്തിരിക്കുകള്‍ക്കു പുറമെയുള്ള സമയം വെറുതെ കളയാതെ ഉത്സാഹിച്ചു പഠിച്ചതിന്റെ പ്രതിഫലമാണീ ഡിഗ്രികള്‍'- കേണല്‍ രവി അഭിമാനത്തോടെ പറഞ്ഞു.
വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ് കേണല്‍രവിക്ക്. നമ്മുടെ ഫോര്‍മേഷനിലെ പട്ടാളക്കാരുടെ വിദ്യാദ്യാസത്തിന്റെ ചുമതല രവിക്കാണ്. ലൈബ്രറി യന്ത്രവല്‍ക്കരിച്ച് വളരെ നന്നാക്കണം. വിഷ് യൂ ഓള്‍ ദി ബെസ്റ്റ്!
ഡെപ്യൂട്ടി കമാന്‍ഡര്‍ പറഞ്ഞു.

'ഓക്കെ സാര്‍!  ഞാന്‍ ഏറ്റവും നന്നായി എന്റെ ജോലി ചെയ്യാം.'
അടുത്ത ദിവസം തന്നെ കമാഡറുടെ മുമ്പിലും ഇന്റര്‍വ്യൂ നടന്നു.
(തുടരും....)

പതറാത്ത പടനായകന്‍(ഭാഗം 2-ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)
Join WhatsApp News
Dr Colonel Kavumbayi Janardhanan 2018-09-18 02:51:05
Thanks for publishing the Story Patharatha Padanayakan
Prof Colonel Dr Kavumbayi Janardhanan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക