Image

ഫൊക്കാന-ഫോമാ: ഇരുണ്ട കാലത്തിലേക്ക് കണ്‍വന്‍ഷനുകള്‍ (അന്വേഷി)

Published on 15 September, 2018
ഫൊക്കാന-ഫോമാ: ഇരുണ്ട കാലത്തിലേക്ക് കണ്‍വന്‍ഷനുകള്‍ (അന്വേഷി)
തലയെടുപ്പുളള ഒരു മലയാളി അസോസിയേഷനും കേന്ദ്ര സംഘടനകളായ ഫോമയും ഫൊക്കാനയും തമ്മില്‍ ഒരുവര്‍ഷത്തിന്റെ ദൂരമേയുളളൂ എന്നു വിശേഷിപ്പിക്കാം.

കാരണം ലളിതം. മലയാളി അസോസിയേഷന്‍ ഒരുവര്‍ഷം കൊണ്ട് നടത്തുന്ന പരിപാടികളാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കേന്ദ്ര സംഘടനകളുടെയും പരിപാടികളുടെ സ്വഭാവം. മലയാളി മന്നന്‍, മലയാളി മങ്ക, മിസ്റ്റര്‍ കേരള, മിസ് കേരള, മിസ്റ്റര്‍ ഫൊക്കാന, ഫോമ എന്നിങ്ങനെ പോകുന്നു മഹാസമ്മേളനങ്ങളിലെ ഇനങ്ങള്‍.

അസോസിയേഷനുകള്‍ ഒരുവര്‍ഷത്തില്‍ പല പ്രാവശ്യമായി നടത്തുന്ന ഇത്തരം പരിപാടികള്‍ കേന്ദ്ര സംഘടനകള്‍ കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ ഇന്‍സ്റ്റന്റായി നടത്തുന്നു എന്നു മാത്രം. കണ്‍വന്‍ഷനുകള്‍ തട്ടിക്കൂട്ട് പരിപാടികളായി മാറിയതിന്റെ മുഖ്യകാരണം അധികാരം പിടിക്കല്‍ രാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ തന്നെ.

എങ്ങനെയും കാശും കളളും കൊടുത്ത് ഇലക്ഷന്‍ ജയിക്കുക. രണ്ടുവര്‍ഷം നേതാവായി ഞെളിഞ്ഞു നടക്കുക. ഒടുവില്‍ അധികാരത്തിന്റെ കാലാവധി കഴിയാറാകുമ്പോള്‍ വന്നെത്തുന്ന കണ്‍വന്‍ഷന്‍ ഒരു വഴിപാടു പോലെ നടത്തി സ്ഥലം വിടുക.

ഒപ്പം ഒരു പ്രസ്താവനയും. രണ്ടുവര്‍ഷക്കാലം കുടുംബവും ജോലിയും മറന്ന് അമേരിക്കന്‍ മലയാളികള്‍ക്കായി പ്രവര്‍ത്തിച്ചു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. വ്യക്തി താല്‍പ്പര്യങ്ങള്‍ നോക്കാതെ നമ്മുടെ സമൂഹത്തിന്റെ ഉന്നതിക്കായി പുതിയ നേതൃത്വവും പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നു.

പ്രസ്താവന വായിച്ചാല്‍ സ്ഥാനമൊഴിഞ്ഞ വിദ്വാന്‍ ഏതാണ്ടൊക്കെ പ്രവര്‍ത്തിച്ച മട്ടാണ്. സ്വന്തമായി പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്കിടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ.

അമേരിക്കന്‍ മലയാളികളുടെ ഈ സ്വയം മേനി നടിക്കലിനെ സരസമായി അവതരിപ്പിച്ചിട്ടുളളത് മലയാള മനോരമ അസോസിയേറ്റ് എഡിറ്ററും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറമാണ്.

കാനഡയിലെ ടൊറന്റോയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ അതിഥിയായിരുന്ന അദ്ദേഹം ഒരിക്കല്‍ അന്വേഷിയോട് പറഞ്ഞു. സാഹിത്യത്തെക്കുറിച്ചായിരുന്നു പനച്ചിപ്പുറത്തിന്റെ വിലയിരുത്തല്‍.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. കേരളത്തില്‍ മഹാകവികളെന്നത് സാഹിത്യലോകം നല്‍കുന്ന പട്ടമാണ്. മഹാകവി വളളത്തോള്‍, മഹാകവി കുമാരനാശാന്‍ എന്നൊക്കെ സഹൃദയരും സാഹിത്യ സ്‌നേഹികളുമാണ് അവരെ വി ശേഷിപ്പിക്കുന്നത്. അമേരിക്കയില്‍ മറിച്ചാണ് സ്ഥിതി.

ഒരു കൂതറ കവിത എഴുതിയ ആള്‍ തന്നെ തലക്കെട്ടിനടിയില്‍ എഴുതി വച്ചിരിക്കും. മഹാകവി തോമാച്ചന്‍. ആള്‍ക്കൂട്ടത്തില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നതും ഇങ്ങനെ തന്നെ. ഞാന്‍ എഴുത്തുകാരനാണ്.. മഹാ കവി സൈമണ്‍...

സംഘടനാ നേതൃത്വവും ഏതാണ്ടിങ്ങനെ തന്നെ. അധികാരം കിട്ടിയാലുടനെ നാട്ടിലേക്ക് ഓടുകയായി. കണ്ട പത്രം ഓഫിസുകളിലും പ്രസ്ക്ലബ്ബുകളിലും കയറിയിറങ്ങി പ്രസ്താവനകളുടെ പൊടിപൂരമാണ് പിന്നീട്.
ഉന്നത വിദേശമദ്യത്തിന്റെ ലഹരിയില്‍ നേതാവിന്റെ ആക്രോശങ്ങള്‍ കേട്ടിരിക്കുന്ന പത്രപ്രവര്‍ത്ത സമൂഹം കെട്ടിറങ്ങും മുമ്പ് പ്രസ്താവനയുടെ മൂഡ് അനുസരിച്ചുളള സ്‌റ്റോറി ഫയല്‍ ചെയ്ത സുഖമായുറങ്ങുന്നു. നേതാവ് വിമാനം കയറിക്കഴിയുമ്പോള്‍ ഇതുപോലൊരു കോമാളിയെ അയച്ചു തരണമേ എന്നായിരിക്കും സ്വന്തം ലേഖകന്മാരുടെ പ്രാര്‍ത്ഥന.

ഉളള കാശ് മുഴുവന്‍ ഇലക്ഷനും നാട്ടിലെ വീണ്‍വാക്കുകള്‍ക്കും ചിലവിട്ട നേതാവ് കേരള കണ്‍വന്‍ഷനും കൂടി കഴിയുന്നതോടെ തന്റെ പ്രതിബദ്ധതയുടെ ആവനാഴിയില്‍ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നു. ഇനിയും നടക്കാനുള്ളത് കൊട്ടിഘോഷിക്കപ്പെട്ട ഫോമയെ ന്നോ, ഫൊക്കാനയെന്നോ ഉളള മഹാസമ്മേളനമാണ്. എല്ലാം ചോര്‍ന്നു പോയ നേതാവ് ഒരു അഡ്ജസ്റ്റ്‌മെന്റ്കണ്‍വന്‍ഷന്‍ നടത്തി തടിയൂരുന്നു.

കണ്‍വന്‍ഷന്‍ കഴിയുമ്പോഴാണ് ആയിരങ്ങള്‍ മുടക്കി കുടുംബമായി എത്തുന്ന സാദാ അമേരിക്കന്‍ മലയാളി കാര്യങ്ങളുടെ കിടപ്പറിയുന്നത്. പലതും ഉണ്ടാവുമെന്ന് പറഞ്ഞ കണ്‍വന്‍ഷനില്‍ ഒന്നും കണ്ടില്ല. എത്തുമെന്നു പറഞ്ഞ നേതാക്കളും ഇല്ല. കാശ് പോയത് മിച്ചം എന്നു പ്‌രാകി സ്ഥലം വിടുന്ന മലയാളി പിന്നെ ഒരു കണ്‍വന്‍ഷനിലും പങ്കെടുക്കാനിടയില്ല.

പോയ കാലത്തെ സമ്പന്നത കൊണ്ടു മാത്രമാണ് ഇന്നും കേന്ദ്ര സംഘടനകള്‍ പിടിച്ചു നില്‍ക്കുന്നത്. ജെ. മാത്യൂസിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനും ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ ലാസ്‌വേഗസില്‍ നടന്ന ഫോമ കണ്‍വന്‍ഷനുമാണ് പ്രഖ്യാപനങ്ങളില്‍ ഉറച്ചു നിന്നു നടത്തിയ അവസാന കണ്‍വന്‍ഷനുകള്‍. സെലിബ്രിറ്റി പ്രോഗ്രാമുകളുമായി അഞ്ചു ദിവസവും സമ്പന്നമായിരുന്നു ആ കണ്‍വന്‍ഷനുകള്‍. റോച്ചസ്റ്ററിന് മുമ്പ് നടന്ന ഫൊക്കാന കണ്‍വന്‍ഷനുകള്‍ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നവയാണ്. കണ്‍വന്‍ഷന്‍ ദിനങ്ങളിലും തുടര്‍ന്ന് അഡ്ജസ്റ്റ്‌മെന്റുകളുണ്ടായി. അഞ്ചുദിവസം നാലു ദിവസമായി ചുരുക്കി. എന്നാല്‍ രജിസ്‌ട്രേഷന് പണം വാങ്ങുന്നത് അഞ്ചു ദിവസത്തിന്റേതു തന്നെ. ചിലവ് ചുരുക്കാന്‍ പരിപാടികളില്‍ വെട്ടിച്ചുരുക്കല്‍ നടത്തുകയാണ് മറ്റൊരു പ്രവണത. അമേരിക്കയിലെ വ്യവസായ സംരംഭകര്‍ക്ക് ഉണര്‍വു പകരാന്‍ ബിസിനസ് ലഞ്ചിയോണ്‍ എന്നൊരു പരിപാടിയുണ്ടായിരുന്നു നാളിതുവരെ നടന്ന കണ്‍വന്‍ഷനുകളില്‍. എന്നാല്‍ ഇക്കൊല്ലം അതൊന്നും ഉണ്ടായില്ല. കാരണം ചിലവ് കുറയ്ക്കണമത്രേ.

പക്ഷേ ഈ ചിലവ് കുറച്ച് ലാഭമുണ്ടായിട്ട് എന്താണ് പ്രയോജനം. അല്ലെങ്കില്‍ തന്നെ യഥേഷ്ടം ആസ്വദിക്കാന്‍ അമേരിക്കന്‍ മലയാളി മുടക്കിയ പണത്തിനുളള പ്രയോജനം അവന് നല്‍കാതെ എന്തിനാണൊരു മിച്ചം പിടിക്കല്‍. ഫൊക്കാനയും ഫോമയുമൊന്നും ബിസിനസ് സംരംഭങ്ങളല്ലല്ലോ.. ഫോമയില്‍ ഇക്കുറി കാര്യങ്ങള്‍ ഇത്തിരി കടന്നുപോയി. കണ്‍വന്‍ഷന്‍ നടത്തിപ്പിന് സഹകരിച്ച തദ്ദേശീയ നഗരത്തിലെ പ്രവര്‍ത്തകര്‍ക്ക് മിച്ചം കിട്ടിയ കാശുമായി അപ്രീസിയേഷന്‍ ഡിന്നര്‍ നടത്തിക്കളഞ്ഞു. അമേരിക്കന്‍ മലയാളി മുടക്കിയ കാശിന് തത്തുല്യമായത് നല്‍കാതെ നടത്തിപ്പുകാര്‍ പുട്ടടിച്ചു എന്നു പറയുന്നതാവും ഈ ഡിന്നറിനു ചേരുന്ന വിശേഷണം.

ഇങ്ങനെയൊക്കെയാണ് കണ്‍വന്‍ഷനുകള്‍ എന്നു തിരിച്ചറിയുന്ന അമേരിക്കന്‍ മലയാളികള്‍ ഭാവിയില്‍ ഇത്തരം സമ്മേളനങ്ങളിലേക്ക് എത്തി നോക്കുകയില്ലെന്ന് ഉറപ്പ്. വേദിയില്‍ ഇരിക്കുന്നവരുടെ പകുതി പോലും വരില്ല ഇനി സ്‌റ്റേജിന് താഴെയുളളവരുടെ എണ്ണം. ഈ അവസ്ഥയില്‍ നിന്നുമാറി പഴയ പ്രതാപത്തിലേക്ക് കണ്‍വന്‍ഷനുകളെ എത്തിച്ചില്ലെങ്കില്‍ ഒരു ചാര്‍ളി ചാപ്ലെയ്ന്‍ സിനിമ കാണുന്നതു പോലയാവും അമേരിക്കന്‍ മലയാളികളുടെ മഹാസമ്മേളനങ്ങള്‍..
കടപ്പാട്:
മലയാളം പത്രിക 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക