Image

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published on 15 September, 2018
കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി ജോസഫൈനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പീഡന കേസുകളില്‍ ഇരയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ കന്യാസ്ത്രീയെ അപമാനിച്ചവര്‍ക്കെതിരെ നിയമസംവിധാനങ്ങള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു

കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമായി ചിത്രീകരിച്ച കുറിപ്പും മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടപടികള്‍ തുടങ്ങികഴിഞ്ഞു. മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒ സിസ്റ്റര്‍ അമലയെ അന്വേഷണ സംഘം വിളിച്ചു വരുത്തും. ഹാജരാകാന്‍ സിസ്റ്റര്‍ക്ക് നോട്ടീസ് ആയിക്കാനാണ് തീരുമാനം.  കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മിഷണറീസ് ഓഫ് ജീസസ് സഭയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2015 മെയ് 23 ന് കന്യാസ്ത്രീയും ഫ്രാങ്കോ മുളയ്ക്കലും ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ചിത്രം നല്‍കികൊണ്ടാണ് മിഷനറീസ് ഓഫ് ജീസസ് ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ചത്. ലൈംഗീയമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താല്‍പര്യപ്രകാരം പങ്കെടുക്കില്ലെന്നാണ് മിഷണറീസിന്റെ വാദം. ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക