Image

കൗണ്ട്‌ ഡൗണ്‍ തുടങ്ങി; ഇന്ന്‌ രാത്രി ഇന്ത്യയുടെ പി എസ എല്‍ വി കുതിക്കുന്നത്‌ ബ്രിട്ടീഷ്‌ ഉപഗ്രഹങ്ങളുമായി

Published on 16 September, 2018
കൗണ്ട്‌ ഡൗണ്‍ തുടങ്ങി; ഇന്ന്‌ രാത്രി ഇന്ത്യയുടെ പി എസ എല്‍ വി കുതിക്കുന്നത്‌ ബ്രിട്ടീഷ്‌ ഉപഗ്രഹങ്ങളുമായി
ലണ്ടന്‍: ഇന്ന്‌ രാത്രി ഇന്ത്യന്‍ സമയം പത്തു മണി ഏഴു മിനിറ്റ്‌. വീണ്ടും ചരിത്രം പിറക്കുന്ന നിമിഷം. അതിനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.

ഏറെക്കാലത്തിനു ശേഷം ഒരു വിദേശ ഉപഗ്രഹവുമായി ശൂന്യാകാശത്തേക്ക്‌ കുതിക്കുക ഇന്ത്യയുടെ പ്രസ്റ്റീജ്‌ റോക്കറ്റായ പിഎസ്‌എല്‍വി സി42 ആണ്‌. ബ്രിട്ടന്‌ വേണ്ടിയാണു ഇത്തവണ ഇന്ത്യന്‍ കുതിപ്പ്‌.

കാലാവസ്ഥയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്‌ചയും അടക്കം ഒട്ടേറെ പഠനങ്ങളാണ്‌ പുതിയ ഉപഗ്രഹങ്ങളായ നോവ എസ്‌എആറും എസ്‌ 14 ഉം ഏറ്റെടുത്തിരിക്കുന്നത്‌. സറെ സാറ്റലൈറ്റ്‌ ടെക്‌നോളജീസ്‌ നിര്‍മ്മിച്ച 889 കിലോ ഭാരമുള്ള ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തില്‍ എത്തുന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത്‌ ഇന്ത്യ വീണ്ടും ചരിത്രമെഴുതും. മാത്രമല്ല, അടുത്ത ഏഴുമാസത്തില്‍ ഓരോ മാസവും ഈരണ്ടു ഉപഗ്രഹങ്ങള്‍ വീതം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യക്കു ഇന്നത്തെ ലോഞ്ചിങ്‌ ഏറെ പ്രധാനവുമാണ്‌.

അതിനിടെ, കുതിപ്പിന്റെ പാതയില്‍ നീങ്ങുന്ന ഇന്ത്യക്കു ബ്രിട്ടന്‍ വീണ്ടും 98 മില്യണ്‍ പൗണ്ട്‌ സഹായം നല്‍കിയതില്‍ രാഷ്ട്രീയ കോലാഹലവും ഉയര്‍ന്നിട്ടുണ്ട്‌. ഇന്ത്യക്കു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ധനസഹായം ആ രാജ്യം മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നതിനാല്‍ തികച്ചും അനാവശ്യമാണ്‌ വീണ്ടും വീണ്ടും വാരിക്കോരി പണം നല്‍കുന്നത്‌ എന്നാണ്‌ വിമര്‍ശകരുടെ ആക്ഷേപം.

ഈ വര്‍ഷം ഒടുവില്‍ നടക്കുമെന്നു കരുതുന്ന ചന്ദ്രയാന്‍ പദ്ധതിക്കായി 95 മില്യണ്‍ പൗണ്ട്‌ ചെലവാക്കുന്ന ഇന്ത്യക്കു പട്ടിണി മാറ്റാന്‍ ഉള്ള കെല്‍പ്പുണ്ടെന്നാണ്‌ ഇക്കൂട്ടര്‍ വാദിക്കുന്നത്‌.

എന്നാല്‍ ഇന്ത്യ പോലൊരു രാജ്യത്തിന്‌ ധനസഹായം നല്‍കുന്നത്‌ ഒറ്റയടിക്ക്‌ നിര്‍ത്തിയാല്‍ ജനലക്ഷങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്‌ കൊണ്ട്‌ വന്ന ശേഷം വീണ്ടും ഇരുട്ടില്‍ തള്ളിയിടുന്ന നടപടിയായി ലോകമനസാക്ഷി കണക്കാക്കും എന്നാണ്‌ ഡിപ്പാര്‍ട്ടമെന്റ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ നിലപാട്‌.

ഈ വര്‍ഷം 52 മില്യണ്‍ പൗണ്ടും അടുത്ത വര്‍ഷം 46 മില്യണ്‍ പൗണ്ടും ഇന്ത്യക്കു നല്‍കുമെന്ന ഡിപ്പാര്‍ട്ടമെന്റ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ അറിയിപ്പാണ്‌ വീണ്ടും കോലാഹല കാരണമായി മാറിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക