Image

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് കെ.കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് മകന്‍ കെ.മുരളീധരന്‍ എം.എല്‍.എ

Published on 16 September, 2018
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് കെ.കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് മകന്‍ കെ.മുരളീധരന്‍ എം.എല്‍.എ
ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് കെ.കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് മകന്‍ കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു, കരുണാകരന്‍ രാജിവച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പിസം കൊണ്ടല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നു ഘടകകക്ഷികള്‍ അന്ന് നിലപാടെടുത്തിരുന്നു. നരസിംഹ റാവുവിന്റെ കൊടും ചതിയാണെന്നാണ് കരുണാകരന്‍ അന്ന് പറഞ്ഞത്. ആരൊക്കെയാണ് ചതിച്ചതെന്ന് ഭാവനയ്ക്ക് അനുസരിച്ച്‌ ഓരോരുത്തരും തീരുമാനിക്കും. ചാരക്കേസ് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു. കരുണാകരന്റെ രാജി ആവശ്യപ്പെട്ടവര്‍ക്ക് ഇതൊരു കാരണമാകുകയായിരുന്നു. ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ ഒരു ക്യാബിനറ്റ് പദവി നല്‍കി കരുണാകരനെ മാറ്റാനായിരുന്നു യു.ഡി.എഫ് നിര്‍ദ്ദേശം. രണ്ട് ഘടകകക്ഷികള്‍ കെ.കരുണാകരനെ മാറ്റുന്നതിനെ അനുകൂലിച്ചില്ല. നരസിംഹ റാവു വിചാരിച്ചിരുന്നെങ്കില്‍ അന്ന് കെ.കരുണാകരന് ഒരുകുഴപ്പവും ഉണ്ടാകുമായിരുന്നില്ല. 1995 ഫെബ്രുവരിയില്‍ കരുണാകരന്‍ രാജിവയ്‌ക്കേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു നേരിട്ട് പറഞ്ഞത്. മാര്‍ച്ചില്‍ റാവു തന്നെ നേരിട്ട് വിളിച്ച്‌ രാജിവയ്ക്കാന്‍ കരുണാകരനോട് ആവശ്യപ്പെട്ടു. തനിക്ക് കേസിനെ കുറിച്ച്‌ കൂടുതലൊന്നും അറിയില്ല. പത്മജയോട് കരുണാകരന്‍ വേറെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. ഒരു തെളിവും ഇല്ലാതെ ആര്‍ക്കെക്കതിരെയും മൈതാന പ്രസംഗം നടത്തിയിട്ട് കാര്യമില്ല. പാര്‍ട്ടിയില്‍ ഇനി ഇതൊരു ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ല. ഒരു നീതിയും ലഭിക്കാതെ മരിച്ചത് കെ.കരുണാകരനാണ്. അത് തന്റെ കുടുംബത്തിന്റെ സ്വകാര്യ ദു:ഖമായി കണക്കാക്കുന്നു. ഇന്നത്തോടെ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. കെ.കരുണാകരന്റെ ജീവിതത്തിലുണ്ടായിരുന്ന കറുത്ത പാട് മരണശേഷമാണെങ്കിലും മാറിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്. അതാണു സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക