Image

നല്ല രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, മായാവതി

Published on 17 September, 2018
നല്ല രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, മായാവതി

 ബിജെപിക്കെതിരെ ശക്തമായ പോരാട്ടമാണ് മഹാസഖ്യം കാഴ്ച്ചവെക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് വന്‍വിജയമാവുകയും ചെയ്തിരുന്നു. യുപിയിലെ സഖ്യം രാജ്യത്തിന്റെ മൊത്തം വികാരത്തെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയ്ക്കിടെ മായാവതിയുടെ പ്രതിഷേധം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് അവര്‍ ഉടക്കിട്ടിരിക്കുന്നത്. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വരെ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം മതേതര സഖ്യത്തില്‍ ആദ്യമായി വിള്ളല്‍ വീണിരിക്കുകയാണ്.

യുപിയില്‍ തന്റെ പ്രതിച്ഛായ മോശമാകുന്നുവെന്നും വോട്ടുബാങ്കില്‍ കാര്യമായി ചോര്‍ച്ചയുണ്ടാവുന്നതുമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഇത് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തങ്ങള്‍ക്ക് അനുകൂലമായി ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം മാറികൊണ്ടിരിക്കുകയാണെന്ന് അവര്‍ വിലയിരുത്തുന്നു. അതേസമയം മായാവതി ഇടഞ്ഞത് മറ്റ് പ്രതിപക്ഷ കക്ഷികളെ നിരാശരാക്കിയിട്ടുണ്ട്.

ബിഎസ്പി ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി മാത്രമാണ് ഉള്ളതെന്ന് മായാവതി സൂചിപ്പിച്ചു. ഇതുവഴി മറ്റാരെയും തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാക്കാനും താല്‍പര്യമില്ലെന്ന് അവര്‍ പറയുന്നു. ഇത് കോണ്‍ഗ്രസിനും അഖിലേഷ് യാദവിനും കൂടിയുള്ള മുന്നറിയിപ്പാണ്. അഖിലേഷ് കോണ്‍ഗ്രസുമായി അടുക്കാനുള്ള തീരുമാനത്തില്‍ മായാവതി ചൊടിച്ചിരിക്കുകയാണ്

സീറ്റ് വിഭജനത്തില്‍ ബിഎസ്പിക്ക് കടുത്ത അതൃപ്തിയാണുള്ളതെന്ന് മായാവതി സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോടും അവര്‍ക്ക് യോജിപ്പില്ല. തങ്ങള്‍ക്ക് ന്യായപ്രകാരമുള്ള സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് മായാവതി പ്രഖ്യാപിച്ചു. ഇതോടെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ മഹാസഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുകയാണ്. അതേസമയം ഇത് വെറും ഭീഷണി മാത്രമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക