Image

പി.കെ.പാറക്കടവ്: മിന്നല്‍ കഥകളുടെ തമ്പുരാന്‍ (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 17 September, 2018
പി.കെ.പാറക്കടവ്: മിന്നല്‍ കഥകളുടെ തമ്പുരാന്‍ (മീട്ടു റഹ്മത്ത് കലാം)
മിന്നല്‍ക്കഥകളിലുടെ മലയാള സാഹിത്യത്തില്‍ ഭാവുകത്വ പരിണാമം സൃഷ്ടിച്ച പി.കെ. പാറക്കടവിന്റെ എഴുത്തും ജീവിതവും.

കാച്ചിക്കുറുക്കിയെടുത്ത അക്ഷരങ്ങളിലൂടെ തീക്ഷ്ണവും തീവ്രവുമായ കഥകള്‍ തീര്‍ത്ത്, എഴുത്തില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ ആളാണ് പി.കെ.പാറക്കടവ്. സാമൂഹികവും പാരിസ്ഥികവുമായ വിഷയങ്ങള്‍ ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ട് വായനക്കാരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതിലെ കയ്യടക്കമാണ് ആ തൂലിക വ്യത്യസ്തമാക്കുന്നത്.

അഹമ്മദ് എന്ന യഥാര്‍ത്ഥ നാമധേയം മറച്ചുവെച്ച് പാറക്കടവ് എന്ന പേരില്‍ എഴുതിത്തുടങ്ങിയതിന്റെ കാരണം ?

ചെറുപ്പം മുതലേ എഴുതിയിരുന്നു. സ്വന്തംപേരില്‍ എഴുതാന്‍ ചമ്മല്‍ തോന്നിയപ്പോള്‍ പല വഴികള്‍ ചിന്തിച്ചു. പ്രിയ എഴുത്തുകാരായ ബഷീറും തകഴിയും പൊറ്റക്കാടുമെല്ലാം ജന്മനാട് പേരിനൊപ്പം കൂട്ടിയതും ഉപബോധമനസിന് പ്രേരണ ആയിരുന്നിരിക്കാം. പി.കെ. പാറക്കടവ് എന്നപേരില്‍ ആദ്യം എഴുതിയ വിസ എന്ന കഥ ചര്‍ച്ചചെയ്യപ്പെട്ടതോടെ ആ പേരിന് സ്വീകാര്യതയായി. ആ പേരില്‍ എഴുത്ത് തുടരുകയും അറിയപ്പെടുകയും ചെയ്തു.

എഴുത്തുകാരന്‍ ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭം?

വെറും പന്ത്രണ്ട് വരിയില്‍ എഴുതിയ ആദ്യകഥയ്ക്ക് തന്നെ എന്റെ ഗ്രാമത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞതോടെ അക്ഷരങ്ങളിലുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചു. മുന്‍ഗാമികള്‍ വെട്ടിയിട്ട വഴിയില്‍നിന്ന് മാറിനടക്കാനുള്ള ആഗ്രഹമാണ് കുഞ്ഞുകഥകളുടെ വലിയലോകത്തേക്ക് എന്നെ നടത്തിയത്. ആ തീരുമാനത്തിലെ ശരിയാണ് നാല് പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് എന്നെ നിലനിര്‍ത്തുന്നത്.

അക്ഷരലോകത്തേക്കുള്ള പ്രചോദനം?

കോഴിക്കോട് ജില്ലയിലെ പാറക്കടവിലുള്ള പൊന്നങ്കോട് എന്ന വലിയ തറവാട്ടിലായിരുന്നു കുട്ടിക്കാലം. ഒരുപാട് അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു അത്. അപ്പോഴും ഏകാന്തത ഞാന്‍ ഇഷ്ടപ്പെട്ടു. മുകളിലെ പത്തായപ്പുരയില്‍ ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിലായിരുന്നു എന്റെ വായന. എത്ര വൈകിയാലും ഉമ്മ മറിയം കൂട്ടിരിക്കും. ബഷീര്‍ കൃതികള്‍ ഉറക്കെ വായിച്ചിരുന്നത് അവര്‍ക്കുകൂടി വേണ്ടിയാണ്. എന്റെ വായനയില്‍ വിടരുന്ന ആ കണ്ണുകള്‍ തന്നെയാണ് എന്നും പ്രചോദനം. ഒന്നും വായിക്കാറില്ലെങ്കിലും തറവാടുമായി ബന്ധപ്പെട്ട ഒരുപാട് കഥകള്‍ ഉമ്മ പറഞ്ഞുതന്നതാണ് സത്യത്തില്‍ മാജിക്കല്‍ റിയലിസത്തിന്റെ മനസില്‍ വീണ ആദ്യവിത്തുകള്‍.

സ്‌കൂളിലേക്കുള്ള യാത്രയാണ് പ്രകൃതിയോട് അടുപ്പിച്ചത്. മഴയോടും മരങ്ങളോടും മിണ്ടിയും പറഞ്ഞുമാണ് നടത്തം. പോകുന്ന വഴിയിലെ വിളഞ്ഞ നെല്‍പ്പാടങ്ങളും പുഴയില്‍ തുള്ളിക്കളിക്കുന്ന മീനുകളും വെള്ളച്ചാട്ടങ്ങളും തുടങ്ങി അന്ന് മനസ്സില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എഴുത്തിന് മിഴിവ് പകര്‍ന്നു.പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള വിശാലമായ ലോകം കാണിച്ചുതന്ന അധ്യാപകരാണ് മറ്റൊരു ഭാഗ്യം. പേള്‍.എസ്. ബക്കിന്റെ ഗുഡ് എര്‍ത്തിന്റെ വിവര്‍ത്തനം €ാസ്സിക് ആണെന്നൊന്നും അറിയാതെ യൂ.പി സ്‌കൂളില്‍ വച്ച് വായിച്ചത് ഹിന്ദി പഠിപ്പിച്ചിരുന്ന കണാരന്‍ മാസ്റ്റര്‍ പറഞ്ഞിട്ടാണ്. ചിത്രരചന അദ്ധ്യാപകന്‍ ദാമുമാഷ് ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിച്ച വയലാര്‍ കവിതകളാണ് കവിതകളോടുള്ള പ്രണയം ജനിപ്പിച്ചത്. നാല്പതുവര്‍ഷം മുന്‍പ് കേട്ട വരികള്‍ ഇന്നും ഓര്‍മയിലുണ്ട്. മലയാളം പഠിപ്പിച്ചിരുന്ന നാരായണക്കുറുപ്പ് മാഷ് , എന്റെ ഉത്തരക്കടലാസ് മറ്റുകുട്ടികള്‍ കേള്‍ക്കെ സ്‌നേഹത്തോടെ ഉറക്കെവായിച്ചിരുന്നതുപോലും എഴുത്തും വായനയും മെച്ചപ്പെടുത്തി. അന്നത്തെ ശിക്ഷണവും പ്രകൃതിയുമാണ് ഇന്നുകാണുന്ന എന്നെ വാര്‍ത്തെടുത്തത്.

അന്നത്തെയും ഇന്നത്തെയും വായനയുടെ സ്വഭാവം താരതമ്യപ്പെടുത്തിയാല്‍ വായന കുറഞ്ഞതായി അഭിപ്രായമുണ്ടോ?

എംടി , മാധവിക്കുട്ടി,ടി.പത്മനാഭന്‍, ഒ.വി.വിജയന്‍ തുടങ്ങിയവരുടെ കൃതികള്‍ വായിക്കുന്നത് ഫറൂക്ക് കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ്. ഖസാക്കിന്റെ ഇതിഹാസം വായിക്കാന്‍ തന്നത് അക്ബര്‍ കക്കട്ടിലാണ്. സാഹിത്യത്തിന്റെ സുവര്‍ണകാലമായ എഴുപതുകളില്‍ ഇന്നത്തെ തലമുറ സിനിമയിലെ ഡയലോഗ് പറയുന്നപോലെ ഞങ്ങള്‍ മികച്ച പുസ്തകങ്ങളിലെ വരികള്‍ ഉരുവിടും. ഹോസ്റ്റലിലെ ബദാം മരത്തിനു കീഴില്‍ സാഹിത്യ സംവാദങ്ങള്‍ നടത്തി എന്തിനോടും പ്രതികരിച്ചിരുന്നു ഞങ്ങള്‍. സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളും സമയവും ഉണ്ടായിരുന്നു. ഗ്രന്ഥശാലകളുമായി അടുത്ത ബന്ധം നിലനിര്‍ത്തി. ഇന്ന് ലൈബ്രറികളോടുള്ള ആഭിമുഖ്യം കുറഞ്ഞെന്നത് നേരാണ്.പക്ഷെ വായന കുറഞ്ഞിട്ടില്ല. കാശുകൊടുത്ത് പുസ്തകം സ്വന്തമാക്കുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായതിന് തെളിവാണ് കൂടുതല്‍ വിറ്റഴിയുന്നതും അനേകം പ്രതികള്‍ പ്രസിദ്ധീകൃതവുമായ സമീപകാല കൃതികള്‍. അന്നന്നു വായിച്ച കവിതകളെയും കഥകളെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ എഴുതുന്ന ഒരുപാടുപേരുണ്ട് .എഴുത്തിന്റെയും വായനയുടെയും കൂട്ടായ്മകളും നിരവധിയുണ്ട്.

കുഞ്ഞുകഥകളുടെ തമ്പുരാനായി അറിയപ്പെടുമ്പോള്‍ ഇങ്ങനൊരു സാഹിത്യശാഖയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ചെറിയ കഥകള്‍ക്ക് വലിയ ആശയം മുന്നോട്ടുവെക്കാമെന്ന് ആളുകള്‍ തിരിച്ചറിയുന്ന കാലത്തിനുമുന്‍പേ കുഞ്ഞുകഥകള്‍ ഞാന്‍ എഴുതിത്തുടങ്ങി. മിനിക്കഥകളെന്ന് അവയെ വിളിക്കുന്നവരോട് കലഹിക്കും. മിനിസ്‌ക്കര്‍ട്ടേ ഉള്ളു കഥയില്ലെന്ന് തിരുത്തും. ഫ്‌ലാഷ് ഫിക്ഷന്‍ എന്നതിന് യോജ്യമായി എനിക്ക് തോന്നിയിട്ടുള്ളത് മിന്നല്‍ കഥകള്‍ എന്നപേരാണ്. ഇംീഷില്‍ അതിന് കൂടുതല്‍ ആരാധകരുണ്ട്. അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് ഫ്‌ലാഷ് ഫിക്ഷന് മാന്‍ ബുക്കര്‍ പ്രൈസ് വരെ ലഭിച്ചിട്ടുണ്ട്. നമുക്ക് വലിയ വീട് , വലിയ കാര്‍ , വലിയ പുസ്തകങ്ങള്‍ അങ്ങനൊക്കെയാണ് സങ്കല്‍പം.ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന എക്കാലത്തെയും €ാസ്സിക് ചെറിയൊരു പുസ്തകമാണ്. ചുരുങ്ങിയ വാക്കുകളിലും മഹത്തരമായ ആശയങ്ങള്‍ കൊണ്ടുവരാന്‍ കഴിയും എന്നതിന് തെളിവാണത്. ചെറിയകഥകള്‍ എഴുതിയാല്‍ മുഖ്യധാരയില്‍ എത്തപ്പെടില്ലെന്ന് ആദ്യകാലത്ത് ഒരുപാടുപേര്‍ ഉപദേശിച്ചിരുന്നു. എന്റെ വഴിയേ സഞ്ചരിച്ചതാണ് എന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്‌നേഹത്തിന്റെ താക്കോല്‍ ,വൃക്ഷവും കവിയും,കേരളീയര്‍, വേരും തളിരും ,വാസ്‌കോഡഗാമ തിരിച്ചുപോകുന്നു തുടങ്ങി പല രചനകളും വിവിധ സര്‍വ്വകലാശാലകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റെഴുത്തുകാരുമായുള്ള ആത്മബന്ധം?

ഖസാക്കിന്റെ ഇതിഹാസം എനിക്കേറ്റവും പ്രിയപ്പെട്ട കൃതിയാണ്. ഒ.വി.വിജയനോടുള്ള ആരാധനകാരണം മലയാളനാട്ടിലെ ഇന്ദ്രപ്രസ്ഥം എന്ന പംക്തി ആര്‍ത്തിയോടെയാണ് വായിച്ചിരുന്നത്. അദ്ദേഹത്തിന്റെ അഭിമുഖം എടുക്കുന്നതിനായി സെക്കന്ദരാബാദില്‍ പോയിതാമസിച്ചതു മുതല്‍ക്കാണ് ആത്മബന്ധം ഉടലെടുത്തത്. നിരന്തരം കത്തുകള്‍ എഴുതുകയും ഭാഷാപോഷിണിയില്‍ വന്നതടക്കമുള്ള എന്റെകഥകളെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സ്മാരകശിലകള്‍ വായിച്ച് ഭ്രാന്തുപിടിച്ച കോളജ് വിദ്യാര്‍ത്ഥി ആയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ തേടിച്ചെന്ന് പരിചയപ്പെടുന്നത്. സഹോദര തുല്യമായ ബന്ധമായിരുന്നു കുഞ്ഞിക്കയുമായി. അദ്ദേഹമെന്റെ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്.

പത്രാധിപരായുള്ള ജോലിയിലെ പരിമിതികളും നേട്ടങ്ങളും?

പത്രാധിപര്‍ എന്ന ജോലിയില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ള വായന നമ്മുടെ സമയം അപഹരിക്കും. സ്വന്തം എഴുത്തുകുത്തുകള്‍ക്കായി വെളുപ്പിന് ഉണര്‍ന്ന് നേരം കണ്ടെത്തേണ്ടതായി വന്നിട്ടുണ്ട്. ഞാന്‍ പത്രാധിപര്‍ ആയിരിക്കെയാണ് കെ.ആര്‍.മീരയുടെ ആരാച്ചാരും ടി .ഡി. രാമകൃഷ്ണന്റെ ആണ്ടാള്‍ ദേവനായകിയും കെ.പി.രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകവും പ്രസിദ്ധീകരിച്ചത്. അവ പുസ്തകങ്ങളായപ്പോള്‍ ലഭിച്ച സ്വീകാര്യത എന്റെ തെരഞ്ഞെടുപ്പിനുള്ള അംഗീകാരംകൂടിയാണ്.

പത്രാധിപര്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ സൃഷ്ടിയില്‍ ഇടപെടാറുണ്ടോ?

ലേഖനങ്ങളില്‍ ഒരു പരിധിവരെ അത് സാധ്യമാണെങ്കിലും കഥകളില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സര്‍ഗാത്മക സൃഷ്ടികളില്‍ മറ്റൊരാള്‍ കൈകടത്തിക്കൂടാ. മെച്ചമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുകയും തുറന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

നോവലുകളിലേക്കുള്ള കൂടുമാറ്റം എങ്ങനെ ആയിരുന്നു?

അതൊരു കൂടുമാറ്റമല്ല.കുഞ്ഞുകഥകള്‍ തന്നെയാണ് തട്ടകം. വലിപ്പമാണ് കഥയുടെ മഹത്വത്തിന് ആധാരമെങ്കില്‍ വിലാസിനിയുടെ അവകാശികള്‍ ആയിരുന്നിരിക്കും മലയാളത്തില്‍ ഏറ്റവും മികച്ചത്. ഇത്ര പേജ് തികയ്ക്കണം എന്ന മുന്‍വിധിയോടെയല്ല , പ്രമേയം എന്ത് ആവശ്യപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ വേണം ക്യാന്‍വാസ് തീരുമാനിക്കാന്‍. ആദ്യം കഥ ഉള്ളില്‍ പേറി നടക്കുന്നതാണ് എന്റെ രീതി. എഡിറ്റിംഗ് ഒക്കെ മനസില്‍ത്തന്നെ നടത്തും. അവസാനഘട്ടത്തില്‍ കടലാസ്സില്‍ വാക്കുകള്‍ വാര്‍ന്നുവീഴുമ്പോള്‍ വെട്ടിത്തിരുത്തലുകളുടെ ആവശ്യം വരാറില്ല.

കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രം പൂര്‍ണമാകുന്ന കഥകളായി രൂപപ്പെട്ടതുകൊണ്ടാണ് മീസാന്‍ കല്ലുകളുടെ കാവലും ഇടിമിന്നലുകളുടെ പ്രണയവും നോവലായി രചിച്ചത്.

പുരസ്‌കാരങ്ങളെ എങ്ങനെ കാണുന്നു?

ഇതിനകം എന്റെ മുപ്പത്തിയെട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇംീഷ്ഹിന്ദി അറബി മറാഠി തമിഴ് തെലുങ്ക് ഭാഷകളിലേക്ക് കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി സമഗ്ര സാഹിത്യ സംഭാവന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍ ഒരുകൃതിയുടെ പ്രകാശം വീശുന്നു എന്നതും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നു എന്നതും സത്യമാണ്. ബഷീറിനെപ്പോലുള്ള ജീനിയസുകളുടെ വലിപ്പം അവര്‍ നേടിയ അവാര്‍ഡുകളുടെ എണ്ണം കണക്കാക്കിയല്ല എന്നതും ശ്രദ്ധേയമാണ്. വായനക്കാരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം.

ഞാന്‍ എഴുതിയ രുചി എന്ന കഥ ഒരു ഹോട്ടലില്‍ ഫ്രെയിം ചെയ്തുവച്ചിരിക്കുന്നത് കണ്ടെന്ന് മുഞ്ഞനാട് പത്മകുമാര്‍ അടുത്തിടെ പറഞ്ഞു. എഴുത്തുകാരന്‍ എന്നനിലയില്‍ അതുകേട്ട് സംതൃപ്തി തോന്നി. നിത്യ ചൈതന്യ യതിമുതല്‍ പാഠപുസ്തകത്തില്‍ എന്റെ കഥ വായിച്ച സ്‌കൂള്‍കുട്ടികള്‍ വരെ അയയ്ക്കുന്ന കത്തുകള്‍ ഫയല്‍ ചെയ്തുസൂക്ഷിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം വാക്കുകളില്‍ ഒതുങ്ങില്ല.

ഴുത്തില്‍ വ്യക്തിപരമായ അനുഭവങ്ങളുടെ സ്വാധീനമുണ്ടോ?

തീര്‍ച്ചയായും. കണ്ടതോ കേട്ടതോ ആയ അനുഭവങ്ങളില്‍ ഭാവന ചാലിച്ചാണ് എന്റെ രചനകളില്‍ ഏറെയും രൂപപ്പെട്ടിട്ടുള്ളത്. മീസാന്‍കല്ലുകളുടെ കാവല്‍ എന്ന നോവലിലെ ഉമ്മാച്ചു ഉമ്മ ഞാന്‍ കേട്ടതില്‍വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് അധികാരിയായ ആങ്ങളയുടെ വീട്ടിലേക്ക് മഞ്ചലില്‍ ആളുകള്‍ ചുമന്നാണ് അവരെ കൊണ്ടുപോയിരുന്നത്. ഒരിക്കല്‍ അവര്‍ വീട്ടില്‍ചെന്നപ്പോള്‍ സ്വീകരിക്കാന്‍ ആങ്ങള കാത്തുനില്‍ക്കാത്തതിന് പിണങ്ങി ഇറങ്ങിയതൊക്കെ ഉമ്മപറഞ്ഞ് കേട്ടതാണ്.

പൂര്‍ണമായും പലസ്തീന്റെ പശ്ചാത്തലത്തിലാണ് ഇടിമിന്നലുകളുടെ പ്രണയം രചിച്ചത്. ബഹ്‌റൈന്‍ ഖത്തര്‍ സൗദി തുടങ്ങിയ രാജ്യങ്ങളില്‍ താമസിച്ചത് ഗള്‍ഫ് ജീവിതം അടുത്തറിയാനും അറബിയിലെയും ഉറുദുവിലെയും കവിതകള്‍ വായിക്കാനും ഇടയാക്കി. ഇതൊക്കെ നോവല്‍ രൂപപ്പെടാന്‍ സഹായകമായ ഘടകങ്ങളാണ്. ചരിത്രപരവും രാഷ്ര്ടീയപരമായും അതിസൂക്ഷ്മമായ അവഗാഹമില്ലാതെ അത്തരത്തിലൊരു രചന സാധ്യമാവില്ല.

ചുമരില്‍ തൂങ്ങുന്ന കുഞ്ഞുകഥകള്‍ എന്ന ആശയത്തെക്കുറിച്ച് ?

ചുവരില്‍ തൂങ്ങുന്ന അക്ഷരങ്ങള്‍ വേഗം ഹൃദയത്തില്‍ കയറിക്കൂടും. സ്വന്തം കൈപ്പടയില്‍ ഇംീഷ് പരിഭാഷയുമായി തയ്യാറാക്കിയ കഥകള്‍ ടി.പത്മനാഭന്‍ ഉള്‍പ്പെടെ പലരും എന്റെ കയ്യില്‍നിന്ന് വാങ്ങിയിട്ടുണ്ട് .

എഴുത്തിലെ രാഷ്ര്ടീയം?

കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സര്‍ക്കാരിന്റെയും മൗനത്തില്‍ പ്രതിഷേധിച്ച് അക്കാദമി അംഗത്വം രാജിവച്ച ആളാണ് ഞാന്‍. അത്തരത്തില്‍ അയാം എ പൊളിറ്റിക്കല്‍ റൈറ്റര്‍. കക്ഷി രാഷ്ട്രീയമല്ല.

സ്ത്രീകളോട് ദളിതരോട് ന്യൂനപക്ഷങ്ങളോട് ഒക്കെ അനുഭാവം പ്രകടിപ്പിക്കുന്ന രാഷ്ര്ടീയത്തിലാണ് വിശ്വാസം. ഈ ലോകം ഇങ്ങനെ ആയിരുന്നില്ല വേണ്ടിയത് എന്ന ചിന്തയില്‍ നിന്നാണ് എഴുത്തിന്റെ ഉത്ഭവം. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത്രമേല്‍ ശക്തമായ മറ്റൊരായുധമില്ല. ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകം വിരല്‍ചൂണ്ടുന്നത് ഗാന്ധിജിയെ വധിച്ച തോക്ക് ഇപ്പോഴും ഉണ്ടെന്ന വസ്തുതയിലേക്കാണ്.

കെ.ഇ.കൊടുങ്ങല്ലൂരിന്റെ മകളെ ജീവിതസഖിയായി ലഭിച്ചത് എഴുത്തുജീവിതത്തില്‍ ഗുണം ചെയ്തിട്ടുണ്ടോ?

എം. ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാഹിത്യചര്‍ച്ചകള്‍ വീട്ടില്‍ കണ്ടുവളര്‍ന്നതുകൊണ്ട് ഭാര്യ സൈബുന്നിസയ്ക്കും എഴുത്തിനെ വിലയിരുത്താന്‍ നല്ല കഴിവാണ്. അവളാണെന്റെ ആദ്യ വായനക്കാരി. കൃത്യമായ അഭിപ്രായം ഭാര്യയില്‍ നിന്നും മക്കള്‍ ആതിരയില്‍നിന്നും അനുജയില്‍ നിന്നും ലഭിക്കാറുണ്ട്. കെ.ഇ.കൊടുങ്ങല്ലൂരിനെപ്പോലൊരു ചിന്തകനെക്കുറിച്ച് മലയാളചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത പലരും പറയാറുണ്ട്. അത് ചെയ്യണമെന്നുണ്ട്.മലയാള സാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടായിരിക്കും.
കടപ്പാട്: മംഗളം  
പി.കെ.പാറക്കടവ്: മിന്നല്‍ കഥകളുടെ തമ്പുരാന്‍ (മീട്ടു റഹ്മത്ത് കലാം)പി.കെ.പാറക്കടവ്: മിന്നല്‍ കഥകളുടെ തമ്പുരാന്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക