Image

കോട്ടയം നഗരത്തിലെ ഗതാഗത പരിഷ്കാരത്തിന് സമ്മിശ്ര പ്രതികരണം

Published on 03 April, 2012
കോട്ടയം നഗരത്തിലെ ഗതാഗത പരിഷ്കാരത്തിന് സമ്മിശ്ര പ്രതികരണം
കോട്ടയം: നഗരത്തിലെ ഗതാഗത പരിഷ്കാരത്തിന് സമ്മിശ്ര പ്രതികരണം. തിരുനക്കര ഭാഗത്തെ കുരുക്കഴിക്കാന്‍  ഞായറാഴ്ച മുതല്‍ നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരമാണ് പരീക്ഷണ ദിനമായ തിങ്കളാഴ്ച സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചത്.
പ്രവൃത്തിദിനമായതിനാല്‍ വാഹനങ്ങള്‍ മുഴുവന്‍ നഗരത്തിലെത്തിയപ്പോള്‍ കുരുക്കിന് ആശ്വാസമുണ്ടായില്ലെന്ന് മാത്രമല്ല ചില പുതിയ അഴിയാക്കുരുക്കുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഇതില്‍ പ്രധാനം മാര്‍ക്കറ്റ് റോഡാണ്. ചങ്ങനാശേരി ഭാഗത്തേക്കുള്ള സ്വകാര്യബസുകളും ഭാരവണ്ടികളും മാര്‍ക്കറ്റ് റോഡിലൂടെ കയറിയിറങ്ങിയപ്പോള്‍ മാര്‍ക്കറ്റ്റോഡില്‍ ലോറികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലാതായി. ഇവിടുത്തെ വ്യാപാരികളും തൊഴിലാളികളുമാണ് പ്രധാനമായും പ്രതിഷേധിച്ചത്.
 പച്ചക്കറി മാര്‍ക്കറ്റ് കോടിമതയിലേക്ക് മാറ്റിയതിന്‍െറ ആശ്വാസം അനുഭവപ്പെട്ടെങ്കിലും ബസുകള്‍ ഈ വഴി വന്നതോടെ ഹോള്‍സെയില്‍ വ്യാപാരികള്‍ക്ക് ചരക്ക് കയറ്റിയിറക്കാന്‍ ബുദ്ധിമുട്ടുണ്ടായി. അതേ സമയം കുറേയധികം വാഹനങ്ങള്‍ തിരുനക്കരയില്‍ എത്താതെ തിരിഞ്ഞുപോയത് ടി.ബി റോഡിലെയും ഗാന്ധിസ്ക്വയറിലെയും തിരക്ക് കുറക്കാന്‍ കാരണമായി.
പച്ചക്കറി മാര്‍ക്കറ്റിന് മുന്നിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതിന്‍െറ ആശ്വാസം അവിടുള്ള വ്യാപാരികള്‍ക്കുമുണ്ട്. ഇവിടെ സ്റ്റേയുള്ളതിനാല്‍ കച്ചവടവും ലഭിച്ചു.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യബസുകള്‍ ഏറെയും മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നുള്ളവയായതിനാല്‍ ആ ബസുകള്‍ ഗതാഗത ക്രമീകരണത്തിന്‍െറ ഭാഗമായിട്ടില്ല. ഇവ നാഗമ്പടം, ലോഗോസ് ജങ്ഷന്‍, കെ.കെ റോഡുവഴി തിരുനക്കര സ്റ്റാന്‍ഡില്‍ തന്നെയാണ് എത്തുന്നത്. ഈ ബസുകള്‍ സൃഷ്ടിക്കുന്ന കുരുക്കഴിക്കാന്‍ വേറെ പരിഷ്കാരങ്ങള്‍ വേണ്ടിവരും.
തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നിലും അനുപമ തിയറ്ററിന് മുന്നിലും കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക