Image

എന്റെ കൂട്ടുകാര്‍ (മഹാകപി വയനാടന്‍)

Published on 17 September, 2018
എന്റെ കൂട്ടുകാര്‍ (മഹാകപി വയനാടന്‍)
ഒരോടക്കുഴല്‍ തീര്‍ക്കാന്‍ ഞാന്‍ വെട്ടിയമുളന്തണ്ടില്‍
ഒരു തണ്ടുതുരപ്പന്‍ പുഴുവിരുന്ന് മയങ്ങുന്നു
ഒരിറക്ക് ദാഹജലം ഞാന്‍ കോരിയെടുത്തതില്‍
ആരോ കൊടിയവിഷം കലര്‍ത്തിയിരുന്നു

പാഴ്‌വരകള്‍ മായിക്കാന്‍ ഞാന്‍ ഒടിച്ചെടുത്തൊരു
അഴകൊത്ത മഷിത്തണ്ട് വെറും പൊങ്ങായിരുന്നു
അഴകായി ഞാന്‍ വരച്ചെടുത്ത ചിത്രങ്ങളെല്ലാം
പാഴ്വരകളായി കരുതി കാലം മായിക്കുന്നു

പണ്ട് നീന്തിത്തുടിച്ച് കളിച്ചുരസിച്ച പുഴയൊന്നില്‍
വീണ്ടുമൊന്ന് മുങ്ങിക്കുളിക്കുവാന്‍ ഞാന്‍ ചെന്നിടവേ
കുണ്ടും കുഴിയും മലിനദ്രവവും ദുര്‍ഗ്ഗന്ധവും
കണ്ട് സഹിക്കാതെ എന്നുള്ളം പൊട്ടിയൊലിക്കുന്നു

തരി കഞ്ഞിയും കുടിച്ച് ഒരിത്തിരി ഉറങ്ങിയിട്ടാ
പെരുമീനുദിക്കും മുമ്പുണര്‍ന്ന് പണിക്ക് ഇറങ്ങിയത്
ഒരിതിഹാസമെന്ന് പുച്ഛം പറഞ്ഞു മ്ലേച്ഛതയാം
ഇരട്ടിമധുരം ചപ്പി ആരോ പല്ലിളിക്കുന്നു

അറിവ് നല്‍കും അക്ഷരങ്ങളെ മറന്നിടുന്നു
കറകലര്‍ത്തി എങ്ങും ജീവിതങ്ങള്‍ മഥിക്കുന്നു
വെറി പൂണ്ടെങ്ങും പണം പണം എന്നമറുന്ന
വെറിയൊച്ച കേട്ടെന്‍റെ കാതുരണ്ടും പൊട്ടുന്നു

എന്നേക്കാള്‍ ഞാന്‍ സ്‌നേഹിച്ച കൂട്ടുകാരെല്ലാം
പിന്നെ തരമ്പോലെ എന്നെ മുതലെടുക്കുന്നു
ഒന്നും രണ്ടും പറഞ്ഞുകലഹിച്ച് അകന്നിട്ടോ
എന്നെയേറെ പുലഭ്യം പറയുന്ന ബന്ധുക്കളും

എനിക്കിന്നില്ല കൂട്ടുകാരായിട്ടാരും എങ്കിലും
എനിക്കിന്നില്ല ബന്ധുക്കളായിട്ടാരും എങ്കിലും
തനയനല്ലോ ഞാനെന്നും ഈ പ്രകൃതിമാതാവിന്‍
കനിവോടെ പാടിയുറക്കും അറിവാണ് എന്നച്ഛന്‍

അറിവില്ലായ്മ എങ്ങും കൊടികുത്തി വാഴുന്നതും
മറനീക്കി എങ്ങും ജന്തുത്വം വിരാജിക്കുന്നതും
അറിവില്ലാത്തോരെ അറിയിക്കാന്‍ അച്ഛന്‍ തന്ന
കുറച്ചക്ഷരങ്ങള്‍ മാത്രമാണിന്ന് എന്‍റെ കൂട്ടുകാര്‍

മഹാകപി വയനാടന്‍
ഈറ്റില്ലം
1186 മകരം
Join WhatsApp News
വിദ്യാധരൻ 2018-09-17 23:58:17
വിദ്യാനാമ നരസ്യരൂപമധികം 
           പ്രച്ഛന്നഗുപ്തം ധനം 
വിദ്യാഭോഗകരീ യശഃസുഖകരീ 
          വിദ്യാഗുരൂണാം ഗുരുഃ 
വിദ്യാബന്ധു ജനോ വിദേശഗമനേ 
          വിദ്യാ പരാ ദേവതാ 
വിദ്യാ രാജസു പൂജ്യതേ നഹി ധനം 
          വിദ്യാവിഹീനഃ പശു    (ഭർത്തൃഹരി -(നീതിശതകം ) 

വിദ്യ മനുഷ്യന്റെ രൂപവിശേഷണമാണ്, ഒളിഞ്ഞിരിക്കുന്ന സുരക്ഷിതമായ ധനമാണ് . അത് സൽക്കീർത്തിയും സുഖവും ഭോഗങ്ങളും പ്രദാനം ചെയ്യുന്നു. വിദ്യ ഗുരുക്കന്മാരുടെ ഗുരുവാണ് . വിദേശസഞ്ചാരത്തിൽ അത് ബന്ധുജനവും  പരദേവതയുമാണ് . വിദ്യ രാജാക്കന്മാരാൽ പൂജിക്കപ്പെടുന്നു, ധനം അവിടെ ബഹുമാനമര്ഹിക്കുന്നില്ല . വിദ്യാശൂന്യൻ മൃഗപ്രായനത്രേ  

നല്ല കവിതക്ക് അഭിനന്ദനം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക