Image

കേരളം, ഇനി എങ്ങോട്ട്? (ഷാജി പഴൂപറമ്പില്‍)

Published on 18 September, 2018
കേരളം, ഇനി എങ്ങോട്ട്? (ഷാജി പഴൂപറമ്പില്‍)
കേരളത്തില്‍ സംഭവിച്ച മഹാ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങള്‍ വഴി കണ്ടതാണ്.ഭൂകമ്പവും, വെള്ളപ്പൊക്കവും ആണ് കേരളത്തിന്റെ നിലനില്പിന്റെ ഏറ്റവും വലിയ ഭീഷണികള്‍. രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഒന്നും സംഭവിക്കാതിരുന്നതു് ഭാഗ്യം കൊണ്ടായിരുന്നു.ഈ കഴിഞ്ഞ പ്രളയത്തിന്റെ സാറ്റലൈറ്റ് പിക്ചര്‍ നോക്കിയാല്‍ മഴ ദിവസങ്ങളോളം കേരളത്തില്‍ തന്നെ പെയ്തു കൊണ്ടിരുന്നു.സാധാരണ കാറ്റു വീശി കാര്‍ മേഘങ്ങള്‍ ആന്ധ്രയുടെ ഉള്‍ തീര പ്രദേശത്തേക്ക് പോകേണ്ടതായിരുന്നു.ഇത്തവണ അത് സംഭവിച്ചില്ല.ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുമ്പ് പുഴകളുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് രക്ഷ പെടാന്‍ കുറഞ്ഞത് പന്ത്രണ്ടു മണിക്കൂറെങ്കിലും കൊടുക്കേണ്ടതായിരുന്നു.ഡ്രോണുകള്‍ ഉപയോഗിച്ച് നദികളുടെ ജല നിരപ്പ് മനസിലാക്കാവുന്നതാണ്.

ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുമ്പ് യഥാര്‍ത്ഥ സ്ഥിതി വിശേഷങ്ങള്‍ മൊബൈല്‍, സോഷ്യല്‍ മീഡിയ വഴി ആള്‍ക്കാരെ അറിയിക്കേണ്ടതായിരുന്നു. കനത്ത മഴയും കാറ്റും കാരണം പലരും വീട്ടില്‍ തന്നെ ഒതുങ്ങി കൂടി. കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയത് അല്പം വൈകി പോയി.ഇസ്രേയലിന്റെ അത്യാധുനിക നൈറ്റ് വിഷന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ കൈയിലുണ്ട് . ചെങ്ങന്നൂര്‍,റാന്നി പോലുള്ള സ്ഥലത്തു ഒറ്റപെട്ടു പോയ ആള്‍ക്കാരെ കണ്ടു പിടിക്കാന്‍ ഡ്രോണുകളാണ് ഏറ്റവും എളുപ്പം. അന്താരാഷ്ട്ര സംഘടന ആയ ഇന്ത്യന്‍ റെഡ് ക്രോസ്സിനെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരള ഗവണ്മെന്റ് സമീപിക്കേണ്ടതായിരുന്നു.

സ്വന്തം വീട്ടിലായാലും സമൂഹത്തില്‍ ആണെകിലും ഉണ്ടാവുന്ന ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ പലതും പഠിക്കേണ്ടത് ഉണ്ട്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദ്യമായി കേരളത്തിന്റെ സാമ്പത്തിക നില ഉയര്‍ത്തണം.കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടുന്ന സഹായം പരിമിതമാണ്. നമ്മുടെ പ്രധാന വരുമാന മാര്‍ഗത്തിലൊന്നായ ടൂറിസം മേഖല വികസിപ്പിക്കണം.കേരളത്തിന്റെ മുഖ്യ പ്രശ്‌നം ഗതാഗത സൗകര്യം ഇല്ലെന്നുള്ളതാണ് . നെടുമ്പാശ്ശേരി,എറണാകുളം,കുമരകം,തേക്കടി,ശബരിമല,കോവളം തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ ബന്ധപ്പെടുത്തി ടണലുകള്‍ വഴി അണ്ടര്‍ ഗ്രൗണ്ട് ഡ്രൈനേജ് സിസ്റ്റം സംഘടിപ്പിച്ചുള്ള ഹൈവേ പണിയണം.ഇതിനു വരുന്ന ചെലവിനായി ഗവണ്മെന്റ് ബോണ്ടുകള്‍ ഇറക്കുക.

കേരളത്തില്‍ നിക്ഷേപിക്കാന്‍ ആള്‍ക്കാരെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട് വരില്ല.ഇട നിലക്കാരെ മാറ്റി ഇലക്ട്രോണിക് ടോള്‍ നടപ്പിലാക്കുക.കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം രാഷ്ട്രീയക്കാരെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ പൂര്‍ണമായും ഏല്‍പ്പിക്കുക.ടൂറിസം മേഖലയില്‍ വന്‍ നികുതി ഇളവുകള്‍ കൊടുക്കുക.യൂറോപ്പില്‍ നിന്നും വന്നിരുന്ന ടൂറിസ്റ്റുകള്‍ പലരും കേരളം ഉപേക്ഷിച്ചു തൊട്ടു അടുത്തുള്ള ശ്രീലങ്കയിലേക്കാണ് പോകുന്നത്.ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലങ്ങളില്‍ ഉള്ള പുറമ്പോക്കുകള്‍ പലതും ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്, അത് ഗവണ്മെന്റു തിരിച്ചു എടുത്ത് ബഹു രാഷ്ട്ര കമ്പനികള്‍ക്കു വിട്ടു കൊടുക്കുക.അടുത്തതായി കുട്ടികളെയും ജനങ്ങളെയും പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക.ഇന്ന് പ്രകൃതി സംരക്ഷണ നിയമങ്ങള്‍ പലതും ഉണ്ടെങ്കിലും ഉത്തരവാദ പെട്ട അധികാരികള്‍ പോലും അത് വേണ്ടവിധം പാലിക്കുന്നില്ല.എയര്‍പോര്‍ട്ട്,ആശുപത്രികള്‍,സ്കൂളുകള്‍ തുടങ്ങിയവ പലപ്പോഴും പണിയുന്നത് പാടങ്ങള്‍ നികത്തിയാണ്.വെള്ളപ്പൊക്കത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ പ്രകുതിയുടെ സംവിധാനങ്ങളായ നദികള്‍,കായലുകള്‍,തോടുകള്‍,പാടങ്ങള്‍,മരങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കേണ്ടത് ഒരോ പൗരന്റെയും ചുമതലയാണ്.മലിന വസ്തുക്കള്‍ കായലുകളിലും മറ്റും വലിച്ചെറിയുന്നത് കഠിന കുറ്റകരമാക്കുക.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പാടങ്ങളും ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുത്തു കൃഷി ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് വിട്ടു കൊടുക്കുക.
കൂടെ കൂടെയുള്ള ബന്തും സമരങ്ങളും ഉപേക്ഷിച്ചു ജാതി മതഭേദമെന്യേ നവ കേരളത്തിന്റെ നിര്‍മ്മാണത്തിന് എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.മറ്റൊന്ന്, കോഴ വാങ്ങിച്ചു ശീലിച്ചവരെയും, ക്രിമിനല്‍ കുറ്റവാളികളെയും ഒഴിവാക്കി കൂടുതലും ന്യൂ ജനറേഷനില്‍ പെട്ടവരെ ജന പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ പഴയ മാവേലിയുടെ നാട് നവ കേരളമായി വാര്‍ത്തെടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക