Image

ഫൊക്കാന-ഫോമാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും (അന്വേഷി)

Published on 18 September, 2018
ഫൊക്കാന-ഫോമാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും (അന്വേഷി)
അപ്ലൈഡ് പൊളിറ്റിക്‌സാണ് അമേരിക്കന്‍ മലയാളി സംഘടനകളിലെ പുത്തന്‍ പ്രവണത. എന്താണ് വേണ്ടതെന്നോ അതിനെ നേടിയെടുക്കാന്‍ വേണ്ടുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന രീതി. ഗിവ് ആന്‍ഡ് ടെയ്ക് എന്നല്ല വിഷ് ആന്‍ഡ് ടെയ്ക് എന്ന നിലയിലായി കാര്യങ്ങള്‍.

രാഷ്ട്രീയ വളര്‍ച്ചയുടെ പ്രതിഫലനം തന്നെയാണ് അപ്ലൈഡ് പൊളിറ്റിക്‌സെന്ന് വേണമെങ്കില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍ത്ഥിക്കാം. പക്ഷേ അതൊരു വളര്‍ച്ച പ്രാപിച്ച ജനാധിപത്യ പ്രവണതയുടെ പ്രതിഫലനമാണ്. പ്രവാസ നാട്ടില്‍ ഒരു സമൂഹമെന്ന ഐഡന്‍റ്റിറ്റി ഇതുവരെയും നേടിയിട്ടില്ലാത്ത മലയാളികള്‍ക്കിടയില്‍ അപ്ലൈഡ് പൊളിറ്റിക്‌സിനല്ല ആദര്‍ശ രാഷ്ട്രീയത്തിന്റെ ഉള്‍ക്കരുത്തിനാണ് ഇപ്പോഴും വില.

കാലത്തെ പിന്നോട്ട് ഓടിക്കാം... മുപ്പതാണ്ടുകള്‍ക്ക് മുമ്പ് വിവിധയിടങ്ങളില്‍ പടര്‍ന്നു കിടക്കുന്ന മലയാളി സമൂഹത്തെ യോജിപ്പിക്കാന്‍ ഫൊക്കാന എന്ന പേരില്‍ ദേശീയ സംഘടന രൂപമെടുക്കുന്നു. അന്ന് അതിന്റെ തലപ്പത്തിരിക്കുന്നവരെ തിരഞ്ഞെടുത്തിരുന്നത് സമവായത്തിലൂടെ ആയിരുന്നു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തിന്റെ സമാപന ദിവസത്തിലായിരുന്നു അടുത്ത പ്രസിഡന്റ്ആരാവണമെന്ന ചര്‍ച്ച പോ ലും നടക്കുക. രാഷ്ട്രീയ ഉപജാപങ്ങള്‍ക്കോ ഉള്‍പ്പാര്‍ട്ടി പോരിനോ അന്നൊന്നും സാധ്യതയില്ലായിരുന്നു. അല്ലെങ്കില്‍ അതൊരു ആവശ്യകത അല്ലായിരുന്നു. ഉചിതമായ സ്ഥാനാര്‍ത്ഥിയെ ആരെങ്കിലും നിര്‍ദ്ദേശിക്കുന്നു. പിറ്റേന്ന് അദ്ദേഹം പ്രസിഡന്റാവുന്നു. ഡോ.എം. അനിരുദ്ധനും, ഡോ. പാര്‍ത്ഥസാരഥി പിളളയും മന്മഥന്‍ നായരും, ജെ. മാത്യുവുമൊക്കെ അങ്ങനെ ഫൊക്കാന പ്രസിഡന്റായവരാണ്.

തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ കഥ മാറി. പേരിനൊപ്പം ഫൊക്കാന പ്രസിഡന്റ് എന്ന കളഭച്ചാര്‍ത്തുണ്ടെങ്കില്‍ ഇവിടെയും നാട്ടിലും ആദരവ് കിട്ടുമെന്ന് കണ്ട് പലരും പ്രസിഡന്റ്പദത്തിനായി കച്ചമുറുക്കി. റോച്ചസ്റ്ററില്‍ 1998 ല്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ ജ്വരം അതിന്റെ പാരമര്യത്തിലെത്തി. മാത്യു കൊക്കൂറയും കളത്തില്‍ പാപ്പച്ചനും തമ്മിലായിരുന്നു വടംവലി. ഒടുവില്‍ കളത്തില്‍ പ്രസിഡന്റായി.
പാനലുകള്‍ രൂപപ്പെട്ടതും അന്നു മുതലാണ്. ഇരു പാനലുകളായി മത്സരിച്ചവരില്‍ പലരും അന്തിമ വിജയികളായി. ഓരോ സ്ഥാനത്തിനു വേണ്ടിയും അണിയറ പ്രവര്‍ത്തനങ്ങളും അടിയൊഴുക്കുകളും ഉണ്ടായി എന്നതാണ് ഒരു പാനലില്‍ നിന്നു മാത്രമുളളവര്‍ ജയിക്കാതിരുന്നതിനു കാരണം. വിവിധയിടങ്ങളില്‍ സമ്മര്‍ദ്ദ കേന്ദ്രങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതും അന്നു മുതലാണ്.

കണ്‍വന്‍ഷനൊപ്പം ഇലക്ഷന്‍ ജ്വരവും ശക്തിപ്പെട്ടത് അക്കാലം മുതലാണ്. ആദ്യദിനം മുതല്‍ ഇലക്ഷന്‍ പ്രചാരണം തുടങ്ങുകയും അത് അവസാന ദിനത്തില്‍ നടക്കുന്ന ഇലക്ഷനില്‍ തീപാറിക്കുകയും ചെയ്തു തുടങ്ങി. റോച്ചസ്റ്റര്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ അതിഥിയായി പങ്കെടുത്ത തിരുവല്ലയുടെ മുന്‍ എം.എല്‍.എ അന്തരിച്ച മാമ്മന്‍ മത്തായി (വിജയന്‍) നാട്ടില്‍ പോലും ഇത്തരമൊരു ഇലക്ഷന്‍ ജ്വരം കണ്ടിട്ടില്ലെന്ന് അന്വേഷിയോട് പറയുകയുണ്ടായി. മുഖ്യാതിഥിയായിരുന്ന മന്ത്രി അന്തരിച്ച ടി.കെ രാമകൃഷ്ണന്‍ ഇലക്ഷന്റെ ടെന്‍ഷന്‍ കൊണ്ടാണോ ഈ മുടിയെല്ലാം കൊഴിഞ്ഞു പോയതെന്ന് ഒരു സ്ഥാനാര്‍ത്ഥിയോട് തമാശയായി ചോദിക്കുന്നതും അന്വേഷി കേട്ടു.

തുടര്‍ന്നങ്ങോട്ടാണ് മുന്‍കൂട്ടിയുളള ഇലക്ഷന്‍ പ്രചാരണത്തില്‍ സ്ഥാനമോഹികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒന്നും രണ്ടും വര്‍ഷമല്ല നാലും എട്ടും വര്‍ഷങ്ങള്‍ മുന്‍കൂട്ടി കണ്ടു കൊണ്ടുളള ചുവടുവയ്പുകള്‍ക്കാണ് പദമോഹികള്‍ തയാറെടുത്തത്. ആരെങ്കിലും ഒരാള്‍ ഒരു സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയാല്‍ അയാളെക്കൊണ്ട് തനിക്കെന്താണ് പ്രയോനമെന്ന് പദമോഹികള്‍ കണക്കു കൂട്ടിത്തുടങ്ങും. പ്രയോജനമൊന്നുമില്ലെങ്കില്‍ അയാളെ തോല്‍പ്പിക്കാനുളള ശ്രമങ്ങളാണ് പിന്നെ. പ്രയോജനമുണ്ടെങ്കില്‍ ജയിപ്പിക്കാനും. സൈദ്ധാന്തിക കാഴ്ചപ്പാടോ അമേരിക്കന്‍ മലയാളി സമൂഹത്തോടുളള പ്രതിബദ്ധതയോ ഒന്നും ഇവിടെ പ്രശ്‌നമല്ല. തങ്ങളുടെ നേട്ടം മാത്രം ലക്ഷ്യം.

ഇത്തരത്തില്‍ ഇലക്ഷന്‍ വിജയം നേട്ടം മുന്നില്‍ കണ്ടുകൊണ്ടുളള പ്രവര്‍ത്തനങ്ങളാലാണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാവുകയും ഫോമ എന്ന സംഘടന രൂപപ്പെടുകയും ചെയ്തത്. അതിനിടയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നൊരു ആഗോള സംഘടനയും ഉണ്ടായി.

ഫൊക്കാനക്ക് പകരക്കാരല്ല തങ്ങളെന്ന് വേള്‍ഡ് മലയാളി കൗണ്‍സിലും ഫോമയും അവകാശപ്പെടുന്നുണ്ടെങ്കിലും അവയുടെ അടിസ്ഥാന സ്വഭാവം ഫൊക്കാനയുടേതു തന്നെ.ഫോമയേയും വേള്‍ഡ് മലയാളി കൗണ്‍സിലിനെയും ഈ ഇലക്ഷന്‍ ജ്വരം ബാധിച്ചു തുടങ്ങി.

ഫോമയിലാകട്ടെ 2020 എന്നല്ല 2022 ലും 2024 ലും തങ്ങള്‍ സ്ഥാനാത്ഥികളാ കുമെന്ന് പലരും പ്രഖ്യാപിച്ചു കഴിഞ്ഞു. 2018 ലെ ഭാരവാഹികള്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല എന്നോര്‍ക്കണം.ദേശീയ സംഘടനകളിലെ ഈ കിടമത്സരം പ്രാദേശിക അസോസിയേഷനുകളിലേക്കും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വലിയൊരു നഷ്ടവും അമേരിക്കന്‍ മലയാളി സമൂഹത്തിനുണ്ടായി.

സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പും കഴിവുമുളളവര്‍ ഒരു സംഘടനയിലും അംഗമാവാതെ തങ്ങളുടേതായ ചട്ടക്കൂടുകളില്‍ ഒതുങ്ങി. മത സംഘടനകളിലേക്കാണ് പലരും തുടര്‍ന്ന് ചേക്കേറിയത്. സാമൂഹ്യ സംഘടനകള്‍ ക്ഷയിക്കുകയും മതസംഘടനകള്‍ ശക്തിപ്രാപിക്കുകയും ചെയ്തതാണ് ഇതിന്റെ പരിണിതഫലം. അതിന്നും തുടരുന്നു... തുടരുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക