Image

ഇതാഅമേരിക്കയില്‍ നിന്നൊരു ' ബല്ലാത്ത പഹയന്‍ !' (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 19 September, 2018
ഇതാഅമേരിക്കയില്‍ നിന്നൊരു    ' ബല്ലാത്ത പഹയന്‍ !' (അനില്‍ പെണ്ണുക്കര )
ഇന്നത്തെ തലമുറയ്ക്ക്  നവമാധ്യമങ്ങളോടുള്ള അടുപ്പം നിര്‍വചിക്കാവുന്നതിലുമപ്പുറമാണ്. ഒരുപക്ഷെ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തേക്കാള്‍ ആഴവും ശക്തവുമായിരിക്കും അത്. ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോയും വിഡിയോകളും പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ വാരിക്കൂട്ടാന്‍ തമ്മിലടി നടക്കുകയാണിപ്പോള്‍. ഇക്കൂട്ടരില്‍ നിന്നും ഒരൊറ്റ സെല്‍ഫി വീഡിയോ കൊണ്ട് സ്റ്റാറായി മാറിയ വ്യക്തിയാണ് വിനോദ് നാരായണ്‍. 'ബല്ലാത്ത പഹയന്‍' എന്ന എഫ് ബി പേജാണ് വിനോദ് നാരായന്റെ തുറുപ്പു ചീട്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിനോദ് നാരായണ്‍ സ്റ്റാറും ബല്ലാത്ത പഹയന്‍ സൂപ്പര്‍ സ്റ്റാറുമാണ്. 

ഇവിടെ പക്ഷെ മറ്റെല്ലാവരെയും പോലെ സ്വന്തം ഫോട്ടോയും കോമാളിത്തരങ്ങള്‍ കാട്ടിയുള്ള വിഡിയോകളുമല്ല വിനോദിനെ പ്രശസ്തനാക്കിയത്, മറിച്ച് നമ്മുടെ സമൂഹത്തിലെ ,കേരളത്തിലെ  പ്രശ്‌നങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ സമൂഹത്തോട് പറയുക എന്ന ലക്ഷ്യമാണ്.

ഇന്ന് സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനുള്ള ഒരു വേദി എന്നതാണ് വിനോദിനെ സംബന്ധിച്ചിടത്തോളം ബല്ലാത്ത പഹയന്‍. 18 വര്‍ഷത്തോളം യൂ എസില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന വിനോദ് യൂ എസ് തിരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിന്റെയും ഹിലരിയുടെയും വിഡിയോകള്‍ പോസ്റ്റ് ചെയ്താണ് രംഗത്തെത്തിയത്. ഓഫീസില്‍ നിന്നുള്ള ഒഴിവു സമയങ്ങളില്‍ ചെയ്ത ഒരു കുസൃതി മാത്രമായിരുന്നു ആദ്യം ബല്ലാത്ത പഹയന്‍. എന്നാല്‍ ആ ഫേസ് ബുക്ക്  പേജ് സമൂഹത്തില്‍ നടമാടുന്ന പ്രശ്‌നങ്ങക്കെതിരെ സംസാരിക്കാനുള്ള വേദിയായി മാറിയത് വളരെ പെട്ടന്നാണ്. 

ഒട്ടനേകം വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിനോദ് നാരായണും ബല്ലാത്ത പഹയനും ജനങ്ങള്‍ക്ക് പ്രിയങ്കരമായതിനു പിന്നില്‍ ഒരൊറ്റ വീഡിയോ മാത്രമാണ്.  കേരളം നേരിട്ട പ്രളയദുരന്തങ്ങളെക്കുറിച്ച് സുരേഷ് കൊച്ചാട്ടില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസ്സേജുമായി ബന്ധപ്പെട്ടതായിരുന്നു ആ വീഡിയോ. കേരളം മഹാപ്രളയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സമ്പന്നരെ മാത്രമാണ് അത് ബാധിച്ചതെന്നും അതിനാല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കേണ്ടതില്ലെന്നും സുരേഷ് കൊച്ചാട്ടില്‍ ഫേസ്ബുക്കില്‍ പറഞ്ഞു. ഇതിനെതിരെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും പുറത്തിറങ്ങിയിരുന്നു. ആ സാഹചര്യത്തിലാണ് വിനോദ് നാരായണ്‍ ബല്ലാത്ത പഹയന്‍ എന്ന പേജിലൂടെ കടന്നുവരുന്നത്.

സുരേഷിന്റെ അഭിപ്രായങ്ങള്‍ക്ക് ചുട്ട മറുപടി കൊടുക്കുകയാണ് വിനോദ് നാരായണ്‍. കേരളത്തില്‍ പ്രളയം വന്നെത്തിയ സമയത്ത് ഓരോ വീട്ടുവാതില്‍ക്കലും എത്തി അത് സമ്പന്നരാണോ അതോ പാവപ്പെട്ടവരാണോ എന്ന് കണ്ടെത്തിയാണ് വെള്ളം ഒഴുകിയിരുന്നത് എന്നായിരുന്നു വിനോദ് നാരായണ്‍ സുരേഷിന് നല്‍കിയ മറുപടി. 765000 പേരാണ് വിനോദിന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്. അസ്സല്‍ കോഴിക്കോടന്‍ ഭാഷയില്‍ വളരെ സരസമായി അവതരിപ്പിച്ചതിനാലാണ് വിനോദിന് ഇത്രയധികം ആരാധകര്‍ ഉണ്ടായതെന്ന് പറയാം. 

മുന്നേ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്‌റ്റോ പരിശീലനമോ ഇല്ലാതെയുള്ള അവതരണരീതിയാണ് വിനോദിന്റെ മറ്റൊരു പ്രത്യേകത. വെട്ടിത്തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ ഒരു കോഴിക്കോട്ടുകാരന്റെ മനസില്‍ നിന്ന് വരുന്ന കാര്യങ്ങളാണ് ഓരോ വിഡിയോയും പറയുന്നത്.വിനോദിന്റെ രസകരമായ മറ്റൊരു വീഡിയോ ആണ് അര്‍ണബ് ഗോസ്വാമിയുടേത്. ഏകദേശം 968000 പേരാണ് ആ വീഡിയോ കണ്ടത്. അര്‍ണബിന്റെത് പോലുള്ള സ്യുട്ട് ധരിച്ച് ഇംഗ്ലീഷില്‍ വിനോദ് സംസാരിച്ചു. വീഡിയോയുടെ അവസാനം ക്യാമറക്ക് മുന്നില്‍ നിന്ന് എഴുന്നേറ്റ് പോവുമ്പോള്‍ വിനോദ് സ്യുട്ടിനു താഴെ ലുങ്കിയാണ് ഉടുത്തിരിക്കുന്നതെന്ന് മനസിലാവും.  മലയാളിയുടെ സ്വഭാവ സവിശേഷതയെക്കുറിച്ച് പറയാന്‍ ഇതിലും നല്ല വഴി വേറെ ഇല്ല.

 വിനോദിന്റെ വീഡിയോകള്‍ എല്ലാം തന്നെ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കുള്ള ഒരു സാധാരണക്കാരന്റെ പ്രതികരണമാണിത്. ബല്ലാത്ത പഹയന്‍ പല രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചു, പല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കെതിരെ സംസാരിച്ചു, പലരുടെയും പൊള്ളത്തരങ്ങളെ പൊളിച്ചടുക്കി. ഇത്തരത്തില്‍ വിനോദ് അരങ്ങു തകര്‍ക്കുമ്പോള്‍ പലരും ആശ്ചര്യത്തോടുകൂടി ചോദിച്ചു, 'പേടിയില്ലേ ഇങ്ങനെയുള്ള വീഡിയോകള്‍ ഉണ്ടാക്കാന്‍ ?' വിനോദ് പറഞ്ഞു, 'ഞാന്‍ മുമ്പ് സോണിയ ഗാന്ധിയെക്കുറിച്ചും മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും എന്നോട് അതേക്കുറിച്ച് ആരും ഒന്നും ചോദിച്ചിട്ടില്ല. ഇന്ന് നരേന്ദ്രമോദിയെക്കുറിച്ചും അസാറാം ബാപ്പുവിനെക്കുറിച്ചും എഴുതുമ്പോള്‍ ആളുകള്‍ ചോദിക്കും, ഇന്ത്യയിലേക്ക് ഇനി പോകാന്‍ സാധിക്കുമോ എന്ന്. ' ശരിയാണ്, ഇന്നത്തെ ഇന്ത്യയെക്കുറിച്ച് മനസിലുള്ളത് പറയാന്‍ ആരും ധൈര്യം കാണിക്കില്ല. പലരും പലതിനോടും കണ്ണടച്ച് പിടിക്കുന്നു. വിനോദ് എന്ന ഒറ്റയാള്‍ സംസാരിക്കുമ്പോള്‍ അത് ആയിരങ്ങളുടെ, ലക്ഷങ്ങളുടെ മനസിലുള്ളതാണെന്നതാണ് സത്യം. 

തെറ്റുകളും  കള്ളത്തരങ്ങളും വിഡ്ഢിത്തങ്ങളും കണ്ട് തുറന്നടിച്ച് സംസാരിക്കാന്‍ വിനോദ് കാണിച്ച മനസും ധൈര്യവും ഇന്നര്‍ക്കുണ്ട് ? ഇന്ന് ബല്ലാത്ത പഹയന്റെ അടുത്ത വിഡിയോയെക്കുറിച്ച് ചോദിച്ചാല്‍ വിനോദ് പറയുന്നത് ഇങ്ങനെയാണ്, ' പ്രശ്‌നങ്ങള്‍ ഉള്ളിടത്ത് ബല്ലാത്ത പഹയന്‍ സംസാരിക്കും. '

ഇതാഅമേരിക്കയില്‍ നിന്നൊരു    ' ബല്ലാത്ത പഹയന്‍ !' (അനില്‍ പെണ്ണുക്കര )ഇതാഅമേരിക്കയില്‍ നിന്നൊരു    ' ബല്ലാത്ത പഹയന്‍ !' (അനില്‍ പെണ്ണുക്കര )ഇതാഅമേരിക്കയില്‍ നിന്നൊരു    ' ബല്ലാത്ത പഹയന്‍ !' (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക