Image

വ്യാജ ഇമെയിലുകളെക്കുറിച്ച് ബോധവാന്മാരകണമെന്ന് എജൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഏബ്രഹാം തോമസ്)

Published on 19 September, 2018
വ്യാജ ഇമെയിലുകളെക്കുറിച്ച് ബോധവാന്മാരകണമെന്ന് എജൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഏബ്രഹാം തോമസ്)
ഒരു പ്രധാന കബളിപ്പിക്കല്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നു. ഹാക്കര്‍മാര്‍ ചില കോളജുകളില്‍ നിന്നു കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ വിജയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ധനസഹായ റീഫണ്ടുകളുടെ പേരില്‍ വരുന്ന വ്യാജ ഇമെയിലുകളെക്കുറിച്ച് ബോധവാന്മാരകണമെന്ന് എജൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഫെഡറല്‍ സ്റ്റുഡന്റ് എയിഡ് റിഫണ്ടിലാണ് ഈ തട്ടിപ്പ് ലക്ഷ്യമിടുന്നത്. ട്യൂഷന്‍ ഫീസും മറ്റു വിദ്യാഭ്യാസ ചെലവുകളും കഴിഞ്ഞ് ഫിനാന്‍ഷ്യല്‍ എയിഡില്‍ മിച്ചം വരുന്ന തുക അതാത് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ടതാണ്. ഏതൊക്കെ വിദ്യാര്‍ഥിക്ക് എത്ര തുകയാണ് റീ ഫണ്ടായി ലഭിക്കേണ്ടതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

യുഎസ് എജൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഓഫിസ് ഓഫ് ഫെഡറല്‍ സ്റ്റുഡന്റ് എയ്ഡിന് കോളേജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും ലഭിച്ച അനവധി റിപ്പോര്‍ട്ടുകളില്‍ വിദ്യാര്‍ഥികളുടെ ഇമെയില്‍ വിലാസങ്ങളിലേയ്ക്ക് അയയ്ക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് അറിയിച്ചു. എന്നാല്‍ സൈബര്‍ ആക്രമണം ഉണ്ടായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

പാസ് വേര്‍ഡ് സുരക്ഷയുള്ള ഒരു വെബ് സൈറ്റില്‍ നിന്നാണെന്ന വ്യാജേന വരുന്ന ഈ മെയില്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ വിവരങ്ങള്‍ അറിയിക്കുവാന്‍ ആവശ്യപ്പെടുന്നു. ഇതാണു തട്ടിപ്പിന്റെ തുടക്കം.

തട്ടിപ്പുകള്‍ നടത്തുന്നവര്‍ ആവശ്യമായ ഗവേഷണം നടത്തി എങ്ങനെയാണ് സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നതെന്ന് മനസ്സിലാക്കുന്നു. ഈ ഓപ്പറേഷനുകള്‍ വിജയമാകാറുണ്ടെന്നും വിദ്യാര്‍ഥികള്‍ തങ്ങളുടെ വിവരം അറിയിക്കാറുണ്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

25,000 ഡോളര്‍ ഫെഡറല്‍ ധനസഹായം ലഭിച്ച ഒരു വിദ്യാര്‍ഥിക്ക് ട്യൂഷനും മുറിവാടകയും ഭക്ഷണവും എല്ലാം കഴിഞ്ഞ് ചിലപ്പോള്‍ 4,000 ഡോളര്‍ ബാക്കിയുണ്ടാവും. ഈ തുക വിദ്യാര്‍ഥിക്ക് തിരിച്ചു നല്‍കുക ഡെബിറ്റ് കാര്‍ഡ് വഴിയോ അക്കൗണ്ടിലേയ്ക്ക് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടത്തിയോ ആകാം. തുക തങ്ങളിലേയ്ക്ക് ഒഴുക്കുവാനാണ് വ്യാജ ഇമെയിലുകളിലൂടെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

മറ്റൊരു തട്ടിപ്പ് (വീണ്ടും) ഇന്റേണല്‍ റവന്യു സര്‍വീസിന്റെ പേരിലാണ്. വളരെ ഗൗരവമേറിയ ടെലിഫോണ്‍ സന്ദേശമാണ് വരുന്നത്. നിങ്ങളുടെ ആദായ നികുതി റിട്ടേണില്‍ ക്രമക്കേടുകളുണ്ട്. 24 മണിക്കൂറിനുള്ളില്‍ തിരിച്ച് വിളിച്ചില്ലെങ്കില്‍ ഐആര്‍എസ് നിങ്ങളുടെ പേരില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോകും. നടപടികളില്‍ അറസ്റ്റും ഉള്‍പ്പെടുന്നു. സാധാരണ ഇത്തരം താക്കീതുകള്‍ ലഭിക്കുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. സെപ്റ്റംബര്‍ മൂന്നാമത്തെ ആഴ്ച എങ്ങനെയാണ് ഇത്തരം സന്ദേശങ്ങള്‍ വരിക എന്നു നാം ആദ്യം അമ്പരക്കും. ഏപ്രില്‍ 15 നുള്ളില്‍ ആദായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ആറു മാസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 6 മാസം കഴിഞ്ഞാണോ നിങ്ങള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് എന്നറിയാന്‍ വെറുതെ ചൂണ്ടയിടുകയാണ് (ഫിഷിംഗ്).

നിങ്ങളുടെ പേരില്‍ ഒരു വലിയ പ്രധാനപ്പെട്ട പാഴ്‌സല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. തിരിച്ച് അയയ്ക്കാതിരിക്കണമെങ്കില്‍ നിങ്ങളുടെ താഴെപറയുന്ന വിവരങ്ങള്‍ നല്‍കുക (തുടര്‍ന്ന് ആവശ്യപ്പെടുന്നത് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളാണ്) വലിയ ധനികരുടെ സ്വത്ത് പ്രകാരമുള്ള മില്യന്‍ കണക്കിന് ഡോളറുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്ന വര്‍ഷങ്ങളായി ലഭിച്ചു വരുന്ന ഈ മെയിലുകള്‍ ചില്ലറ മാറ്റങ്ങളോടെ വീണ്ടും വീണ്ടും മെയില്‍ ബോക്‌സുകളില്‍ എത്തുന്നു. മിസ്റ്ററി ഷോപ്പറായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. മെയിലില്‍ എത്തുന്ന ചെക്ക് നിങ്ങള്‍ക്ക് ഷോപ്പിങ് നടത്താനാണ്. ചെക്ക് അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്താല്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ അപ്രത്യക്ഷമാകാനാണ് സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക