Image

സുപ്രീം കോടതി കമ്മിറ്റി തിരുവനന്തപുരത്തും തെളിവെടുത്തേക്കും - നമ്ബി നാരായണന്‍

Published on 19 September, 2018
സുപ്രീം കോടതി കമ്മിറ്റി തിരുവനന്തപുരത്തും തെളിവെടുത്തേക്കും - നമ്ബി നാരായണന്‍
ചാരക്കേസില്‍ വസ്തുതാന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച ജഡ്ജിമാരുടെ കമ്മിറ്റി തിരുവനന്തപുരത്തും തെളിവെടുത്തേക്കുമെന്ന് മുന്‍ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍ പറഞ്ഞു. 50 ലക്ഷം രൂപയുടെ സമാശ്വാസ ധനത്തെക്കാള്‍ തന്നെ ആശ്വസിപ്പിച്ചത് ചാരനല്ലെന്ന പ്രഖ്യാപനമാണ്. 24 വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയത് ഇൗ ആത്മാഭിമാനം വീണ്ടെടുക്കാനാണ്. ആരോപണവിമുക്തനായത് അറിയാതെ കഴിഞ്ഞദിവസം ബാംഗ്ളൂരില്‍ മരിച്ച ചന്ദ്രശേഖരന്റെ ഭാര്യ വിജയമ്മയും കരഞ്ഞ് പറഞ്ഞത് ഇൗ വിധി കേട്ടിട്ട് മരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ എന്നാണ്. അതാണ് ആത്മാഭിമാനം. അതിന് വേണ്ടിയാണ് പോരാടിയത്. നിയമപോരാട്ടം കഴിഞ്ഞുവെങ്കിലും ഒരു കോടി രൂപ സമഗ്രനഷ്ടപരിഹാരം തേടിയുള്ള കേസ് തുടരും. അതും 50 ലക്ഷം രൂപയുടെ ആശ്വാസധനവുമായി ബന്ധമില്ലെന്നും കേസരി സ്മാരക പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ചാരക്കേസില്‍ മുന്‍പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരിലും അതുമായി ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളിലും നിന്ന് കമ്മിറ്റി തെളിവെടുക്കുമെന്നാണ് അറിയുന്നത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അന്ന് സ്വാര്‍ത്ഥ താല്‍പര്യമൊന്നുമില്ലായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങിനെയല്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തില്‍ എന്തിന് വേണ്ടിയായിരുന്നു ഇൗ കള്ളക്കേസ് എടുത്തതെന്നാണ് കണ്ടെത്താനുള്ളത്. കമ്മിറ്റി അന്വേഷിക്കുന്നതും അതായിരിക്കും. രണ്ട് സംശയങ്ങളാണുള്ളത്. മുഖ്യമന്ത്രി കരുണാകരനെ കുടുക്കാനുണ്ടാക്കിയതാണോ. അല്ലെങ്കില്‍ ഇന്ത്യ ബഹിരാകാശ ശക്തിയായി തീരുന്നതിനെ തകര്‍ക്കാന്‍ വിദേശശക്തികള്‍ നടത്തിയതാണോ എന്നതാണത്. രണ്ടായാലും കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പുറത്തുകൊണ്ടുവരണം. അത്യുഗ്രശേഷിയുള്ള വിക്ഷേപണറോക്കറ്റുകളുണ്ടാക്കാനുള്ള ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചത് 2014ലാണ്. 1994 ല്‍ താനത് ശത്രുരാജ്യത്തിന് കൊടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ചാരക്കേസ് കെട്ടിച്ചമച്ചത്. ഇല്ലാത്തകാര്യം എങ്ങിനെയാണ് വിദേശരാജ്യത്തിന് കൊടുക്കുകയെന്ന അടിസ്ഥാനചോദ്യം പോലും അന്നാരും ഉന്നയിച്ചില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക