Image

സാഹിത്യത്തില്‍ വേര്‍തിരിവുണ്ടോ? അതാവശ്യമോ? (അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 19 September, 2018
സാഹിത്യത്തില്‍ വേര്‍തിരിവുണ്ടോ? അതാവശ്യമോ?  (അബ്ദുള്‍ പുന്നയൂര്‍ക്കുളം)
മലയാള സാഹിത്യത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊരു വേര്‍തിരിവുണ്ടോ? ഉണ്ടെങ്കില്‍ അത് ആവശ്യമാണോ?

അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ വേര്‍തിരിവുണ്ട്. പക്ഷേ, ആ വേര്‍തിരിവിന്റെ ആവശ്യമില്ല എന്ന് ധൈര്യമായി പറയാം. കാരണം സാഹിത്യം സമൂഹത്തിന്റെ സമ്പത്താണ്. അത് അമേരിക്കയിലായാലും കേരളത്തിലായാലും എവിടെയായാലുംഒന്നു തന്നെയാണ്. രാജ്യമല്ല പ്രധാനം; സൃഷ്ടിയാണ് പ്രധാനം.

മനുഷ്യനന്മക്കായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍ എവിടെയിരുന്നാലും ഉല്‍കൃഷ്ട രചനകളേ രചിക്കൂ. അത്തരം ഉന്നത എഴുത്തുകാര്‍ അമേരിക്കന്‍ സാഹിത്യകാരന്മാരിലും ഉണ്ട്. അവരെ വേര്‍തിരിക്കാനാവില്ല.

സമൂഹമാണ് സാഹിത്യകാരനെ സൃഷ്ടിക്കന്നത്്. സാഹിത്യം സമൂഹത്തിന്റെ ശബ്ദമാണ്. എഴുത്തുകാരന്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ പഠിച്ചേ പറ്റൂ. പഠിക്കാതെ എഴുതുന്ന കൃതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, അത്തരം കൃതികള്‍ വിസ്മൃതിയിലേക്ക് ആണ്ട് പോകയും ചെയ്യും.

കലകാരന്റെ പരമോന്നതമായ ലക്ഷ്യം സമൂഹത്തിന്റെ ഉന്നതിയാണെന്നതില്‍ സംശയമില്ല. അതേസമയം, സൃഷ്ടിയുടെ മേന്മയനുസരിച്ചു എവിടെയും വേര്‍തിരിവുണ്ടാവും.

സാഹിത്യകാരന്മാര്‍ സത്യം പറയണം. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യം ഇക്കാലത്ത് കുറഞ്ഞവരുന്ന ചുറ്റുപാടില്‍ അതെങ്ങനെ സാധ്യമാവും? ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ശ്രീമാന്‍ പിടി പൗലോസ് രണ്ടാഴ്ച മുമ്പ് ഇമലയാളിയില്‍ എഴുതിയ ലേഖനം ഇവിടെ പ്രസക്തമാണ്.

യഥാര്‍ത്ഥത്തില്‍ എഴുത്തുകാരനും സമൂഹവും തമ്മിലുളള സംവാദമാണ് സാഹിത്യം. ഉദാ: ഈ കഴിഞ്ഞ പ്രളയത്തില്‍ തികച്ചും നിസ്വാര്‍ഥമായി കടലിന്റെ മക്കളും യുവാക്കളും നാടിനെ രക്ഷിച്ചത് പ്രശംസനീയമാണ്. അതിനവരെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. നാടിനെ രക്ഷിച്ച അവരുടെ സംഭാവനയാണ് ഏറ്റം ഉദാത്തമായ സാഹിത്യമായി ഞാന്‍ കാണുന്നത്. കടലിന്റെ മക്കള്‍ നാടിനെ രക്ഷിച്ച ത്യാഗമനോഭാവ കഥ കേള്‍ക്കുമ്പോള്‍ അവരെപ്പറ്റി കവിത എഴുതാന്‍ മനം തുടിക്കുന്നു.

സര്‍ഗസൃഷ്ടി വിജയിക്കണമെങ്കില്‍ അര്‍പ്പണമനോഭാവം കൂടിയേ തീരൂ. അര്‍പ്പണമനോഭാവം വളര്‍ത്തിയെടുക്കാന്‍ അമേരിക്കന്‍ എഴുത്തുകാര്‍ക്ക് പല പ്രതിബന്ധങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ് കടുംബം, ജോലി, മോര്‍ട്ട്‌ഗേജ്. അതില്‍ നിന്നു അല്പ സമയം അരിച്ചെടുത്തു വേണം അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സര്‍ഗസൃഷ്ടികള്‍ നടത്തുന്നത്. അതേസമയം, കേരളത്തിലെ എഴുത്തുകാര്‍ക്ക് സാഹിത്യരചനക്കു സൗകര്യങ്ങളേറെയുണ്ട്.

ഞാന്‍ കഴിഞ്ഞാഴ്ച സാംസി കൊടുമണോട് ചോദിച്ചു അമേരിക്കന്‍ മലയാളീ എഴുത്തുകാരുടെ പ്ലസ്‌പോയിന്റിനെപ്പറ്റി. സാംസി പറഞ്ഞു: അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് ഭാവനയും അനുഭവവും കലാവാസനയും ഉണ്ട്, എങ്കിലും വായനയുടെ കുറവുണ്ട്.

മറ്റു പ്രതിബന്ധങ്ങള്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ പ്രവേശിക്കാനുളള പ്രയാസങ്ങള്‍. ചിലപ്പോള്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍ തന്നെ ഇമലയാളിയെപ്പോലെ നിര്‍ബാധം പ്രോത്സാഹിപ്പിക്കാതെ പരസ്യത്തിനു പ്രാധാന്യം കൊടുക്കുന്നു.

മറ്റൊരു പ്രധാന നിരുത്സാഹപ്പെടുത്തല്‍ എഴുത്തുകാരുടെ ജീവിതപങ്കാളിയുടേതാണ്, പ്രത്യേകിച്ച് ഭാര്യമാര്‍. അവര്‍ സര്‍ഗസൃഷ്ടിക്ക് അതിന്‍േറതായ മേന്മ കാണുന്നില്ല. അവര്‍ പറയുന്നതില്‍ കാര്യമുണ്ട്. ഉളള പണംചെലവഴിച്ച് പുസ്തങ്ങളച്ചടിച്ച് അട്ടത്ത്‌വെക്കുക. വാര്‍ദ്ധക്യകാലത്ത് ദിവസത്തിന്റെ സിംഹഭാഗം കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് അസുഖം വര്‍ദ്ധിപ്പിക്കുക.

കൂടുതലായി ഇവിടത്തെ എഴുത്തുകാര്‍ തന്നെ പരസ്പരം നിരുത്‌സാഹപ്പെടുത്തുന്ന പ്രവണത നിര്‍ത്തണം. രചനയെയാണ് വിമര്‍ശിക്കേണ്ടത്; രചയിതാവിനെയല്ല. ഇവിടത്തെ എഴുത്തുകാരെ പരസ്പരം തരംതാഴ്ത്തുമ്പോള്‍ അതിന്റെ അപഹാസ്യ പ്രതിദ്ധ്വനി കേരളം വരെ മുഴങ്ങുന്നു. അത് വേദനാജനകമാണ്.

എന്നിരുന്നാലും മലയാളംപത്രം, മലയാളംപത്രിക, കേരളാഎക്‌സ്പ്രസ്, കൈരളി , ജനനി മാഗസിന്‍, ഇമലയാളി, ജോയച്ചന്‍ പുതുക്കുളം, മലയാളംഡൈലിന്യൂസ് എന്നിവ ഇവിടത്തെ എഴുത്തുകാരെ പ്രോത്‌സാഹിപ്പിക്കുന്നത് അഭിനന്ദനീയമാണ്.

അതിലും ഉപരിയായി ഇമലയാളി എല്ലാ വര്‍ഷവും ഭാഷയേയും തളര്‍ന്ന എഴുത്തുകാരെയും പ്രോത്‌സാഹിപ്പിക്കുന്ന പുരസ്‌കാരത്തിനെ എത്ര പ്രശംസിച്ചാലും അത് കൂടുതലാവുകയില്ല. അമേരിക്കന്‍ മലയാളികള്‍ എഴുതുന്ന കലത്തോളം ഇമലയാളി ഞങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ തന്നു ഞങ്ങളെ ധന്യമാക്കുമെന്ന് വിചാരിക്കുന്നു. ആഗ്രഹിക്കുന്നു.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുളള നന്ദി:

നമസ്‌കാരം. സത്യത്തില്‍ എനിക്ക് ജോര്‍ജ് ജോസഫ് പതിനെട്ടു വര്‍ഷം മുമ്പ് ഒരു പുരസ്‌കാരം തന്നിരുന്നു. പുരസ്‌കാരം എന്നു ഞാന്‍ പറയുന്നത് ജോര്‍ജ് ജോസഫ് മലയാളംപത്രത്തില്‍ എന്റെ ‘സ്‌നേഹസൂചി’ എന്ന കവിതാസമാഹാരത്തിനു ഒരു ആസ്വാദനം എഴുതി, എന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് അമേരിക്കയില്‍ നിന്നുളള ആദ്യത്തെ വലിയ ഉപഹാരമായി ഞാന്‍ കാണുന്നു.

എനിക്കൊരു കംപ്യൂട്ടറും ഡിക്ഷണറികളുമുണ്ടെങ്കില്‍ ചടഞ്ഞിരുന്ന് വയറ് നിറയെ കവിതയെഴുതാനാണ് മോഹം. പക്ഷെ കവിത ചൊല്ലുന്നതിലുളള മടികൊണ്ടാണ് ഞാന്‍ കഥയിലേക്കും നോവലിലേക്കും തിരിയുന്നത്.

അവാര്‍ഡുകള്‍ എനിക്കൊരു തത്ക്കാല അഭയമായി ഞാന്‍ കരുതുന്നു. ഒരു get lost എന്ന feeling ഉണ്ടാകുമ്പോള്‍ ആരെങ്കിലും കൈപിടിച്ചു കയറ്റുന്നതുപോലെ…

ഇമലയാളിയുടെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. സുധീര്‍ പണിക്കവീട്ടില്‍ പറഞ്ഞാണറിഞ്ഞത്.് ഈ പുരസ്‌കാരത്തിനു ജോര്‍ജ് ജോസഫിനും ഇമലയാളി ഭാരവാഹികള്‍ക്കും ഞാന്‍ ഹാര്‍ദ്ദമായി നന്ദി പറയുന്നു. ഇനിയും എന്നെപ്പോലെയുളള അവശ കലാകാരന്മാരെ ഇമലയാളി കൈപിടിച്ചു ഉയര്‍ത്തട്ടെ. 
സാഹിത്യത്തില്‍ വേര്‍തിരിവുണ്ടോ? അതാവശ്യമോ?  (അബ്ദുള്‍ പുന്നയൂര്‍ക്കുളം)സാഹിത്യത്തില്‍ വേര്‍തിരിവുണ്ടോ? അതാവശ്യമോ?  (അബ്ദുള്‍ പുന്നയൂര്‍ക്കുളം)സാഹിത്യത്തില്‍ വേര്‍തിരിവുണ്ടോ? അതാവശ്യമോ?  (അബ്ദുള്‍ പുന്നയൂര്‍ക്കുളം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക