Image

മെനേ, മെനേ, തെഖേല്‍ , പാര്‍സീന്‍' (അഗസ്റ്റിന്‍ കണിയാമറ്റം, (റിട്ട സെഷന്‍സ് ആന്‍ഡ് ജില്ലാ ജഡ്ജി)

Published on 18 September, 2018
മെനേ, മെനേ, തെഖേല്‍ , പാര്‍സീന്‍'  (അഗസ്റ്റിന്‍ കണിയാമറ്റം, (റിട്ട സെഷന്‍സ് ആന്‍ഡ് ജില്ലാ ജഡ്ജി)
വേലിതന്നെ വിളവ് തിന്നുമ്പോള്‍ (പരമ്പര 4)

മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍' -ഇതാണ് അര്‍ത്ഥം: മെനേ-ദൈവം നിന്റെ രാജ്യത്തിന്റെനാളുകള്‍ എണ്ണുകയും, അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. തെഖേല്‍-നിന്നെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പേരെസ്- നിന്റെ രാജ്യം വിഭജിച്ച് മോദിയാക്കാര്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു'(ദാനിയേല്‍ 5:25:28). ജറുസലേം ദേവാലയത്തില്‍നിന്നും കൊണ്ടുവന്ന വിശുദ്ധപാത്രങ്ങളെ അവഹേളനാ പാത്രങ്ങളാക്കിയ ബല്‍ഷാസര്‍ രാജാവിന് ദൈവം വിധിച്ച ശിക്ഷയാണിത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ദൈവത്തിനു വേണ്ടി മാത്രമായി മാറ്റിവയ്ക്കപ്പെട്ട കര്‍ത്താവിന്റെ മണവാട്ടികളെയാണ് കൂട്ടത്തോടെ അവഹേളനാ പാത്രങ്ങളാക്കിയത്.

2000 വര്‍ഷത്തെ പഴക്കമുള്ള ഭാരത കത്തോലിക്കാസഭക്ക് ചരിത്രത്തിലൊരിക്കലും ഇത്ര വലിയ ഒരു അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. പുരോഹിതനായിരുന്ന ഏലിയുടെ മക്കള്‍ സമാഗമ കൂടാരത്തിന്റെ പ്രവേശനകവാടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് ശയിച്ചിരുന്ന'(1 സാമുവല്‍ 2:22) പഴയ നിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി ഫിലിസ്ത്യരുമായുണ്ടായ യുദ്ധത്തില്‍ ഏലിയുടെ മക്കളും, മുപ്പതിനായിരം ഇസ്രായേല്‍ പടയാളികളും വധിക്കപ്പെട്ടതായും, ദൈവത്തിന്റെ പേടകം ഫിലിസ്ത്യര്‍ കൈവശപ്പെടുത്തിയതായും, ഈ വാര്‍ത്തകേട്ട് മക്കളെ തിരുത്താന്‍ കൂട്ടാക്കാതിരുന്ന ഏലി പുരോഹിതന്‍ പീഠത്തില്‍നിന്ന് മറിഞ്ഞുവീണ് കഴുത്തൊടിഞ്ഞു മരിച്ചതായും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കുന്നു.

സ്ത്രീകളോടൊത്ത് ശയിച്ചില്ലെങ്കില്‍പോലും, തങ്ങളെയേല്‍പിച്ച ആടുകളെ പോറ്റാതെ, തങ്ങളെ തന്നെ പോറ്റിയ ഇടയന്മാരോടും, ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു. ഇതാ ഞാന്‍ ഇടന്മാര്‍ക്ക് എതിരാണ്. എന്റെ ആടുകള്‍ക്ക് ഞാന്‍ അവരോട് കണക്കു ചോദിക്കും, അവരുടെ മേയ്ക്കലിന് ഞാന്‍ അറുതി വരുത്തും. ഇനിമേല്‍ ഇടയന്മാര്‍ തങ്ങളെ തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്ക് ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍ നിന്ന് രക്ഷിക്കും'(എസക്കിയേല്‍ 34: 10).

ഒരു ഡസനിലേറെ കന്യാസ്ത്രീകളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും, ദൈവവിശ്വാസികളായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്ന കോടിക്കണക്കിന് മനുഷ്യമക്കളുടെയും കണ്ണുനീര്‍ അ- ഹിമാലയം ഇന്ന് പ്രളയജലം പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആ പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ഏതെല്ലാം ഉന്നത പീഠങ്ങള്‍ നിലംപൊത്തുമെന്നും അനീതിയും, അക്രമവും കണ്ടിട്ടും കണ്ടിട്ടില്ലെന്നു നടിക്കുന്ന ഏതെല്ലാം 'ഏലി' പുരോഹിതന്മാര്‍ 'വീണ് കഴുത്തൊഴിയുമെന്നും,' 'ഫിലിസ്ത്യരുടെ' മേല്‍ക്കോയ്മ ഇസ്രായേല്‍ ജനത്തിന്റെ മേല്‍' അഗ്‌നിപാതം പോലെ എപ്പോള്‍ വന്നു പതിക്കുമെന്നും, ഏതെല്ലാം ഇടയന്മാരുടെ മേയ്ക്കലിന് അറുതി വരുത്തുമെന്നും ജനം കാണാനിരിക്കുന്നതേയുള്ളൂ.

2015 മാര്‍ച്ച് മാസം 14-ന് ബംഗാളിലെ റാന്‍ഗഡ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന 'ജീസസ് ആന്റ് മേരി' കോണ്‍വന്റില്‍ അതിക്രമിച്ചു കയറി ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത നസ്റുള്‍ ഇസ്ലാം എന്ന മനുഷ്യനെ കല്‍ക്കട്ടയിലെ ഒരു കോടതി ശിക്ഷിച്ചു. ബംഗ്ലാദേശ് ബിഷപ്പുമാരുടെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി തിയോഫില്‍ നോക്റെക് 'നീതിലഭിച്ചതില്‍ സന്തോഷിക്കുന്നു' എന്നു പറഞ്ഞ് ആ ശിഷാവിധിയെ സ്വാഗതം ചെയ്തു. 2018 ഓഗസ്റ്റ് മാസം 20 ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ സഭയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗീക പീഢനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ലൈംഗീകാരോപണം നേരിട്ട വാഷിംങ്ങ്ടണിലെ കര്‍ദ്ദിനാള്‍ തിയോഡര്‍ മക്ക്കാരിക്ക് വരെ രാജിവച്ചു പോകാന്‍ നിര്‍ബന്ധിതനായി പക്ഷേ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ 'ദാനിയേലിന്റെ നീതിബോധം' അവകാശപ്പെടുന്ന പലമെത്രാന്മാരും 'ഏലി പുരോഹിതന്റെ' അലംഭാവം വെച്ചുപുലര്‍ത്തിയത് ഏന്തുകൊണ്ട്? ഗജ്റൗഉയിലെ കന്യാസ്ത്രീ കൂട്ടബലാത്സംഗ കാര്യത്തില്‍ കത്തിജ്വലിച്ച ഇവരുടെയെല്ലാം ധാര്‍മ്മിക വീര്യം എന്തേ ഇപ്പോള്‍ ഇത്രമാത്രം തണുത്തുറഞ്ഞുപോയി? പോലീസിന്റെ നിലപാടനുസരിച്ചായിരിക്കും ഫ്രാങ്കോ വിഷയത്തില്‍ സി.ബിസി.ഐ.(CBCI) നിലപാടു സ്വീകരിക്കുക എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ക്രിസ്തുവിന്റെ കാര്യത്തിലും പീലാത്തോസിന്റെ വിധിയുടെ അ്ടിസ്ഥാനത്തിലാവുമോ സി.ബിസി.ഐ.(CBCI) നിലപാടെടുക്കുക? ലജ്ജയില്ലേ ധാര്‍മ്മികതയുടെ ഈ ആചാര്യന്മാര്‍ക്ക്?

'ലൗകീകന്മാര്‍' എന്ന് മെത്രാന്മാര്‍ കരുതുന്ന മന്ത്രിമാരെല്ലാവരും തന്നെ തങ്ങള്‍ക്കെതിരെ ലൈംഗീകാരോപണം വന്നപ്പോള്‍ രാജിവെച്ച് അന്വേഷണത്തെ നേരിട്ടു. കേസില്‍ നിന്നും കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ തിരിച്ച് മന്ത്രിസ്ഥാനത്ത് വീണ്ടും അവരോധിക്കപ്പെട്ടത്. നീതിക്കും, ധാര്‍മ്മികതക്കും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും മഹാ പുരോഹിതന്മാര്‍ക്കും മേല്‍ പ്രസ്താവിച്ച ഒരു കേന്ദ്രമന്ത്രിയുടെ ധാര്‍മ്മിക ബോധമെങ്കിലും അവകാശപ്പെടാനാവുമോ?

കന്യാസ്ത്രീകളുടെ ദൈവവിളികളുടെ എണ്ണം കുറയുന്നു എന്ന് നിരവധി അച്ചന്മാരും, ബിഷപ്പുമാരും നിലവിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതു ശരിയാണു താനും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭരണത്തില്‍ കീഴില്‍ മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനില്‍ നിന്നു മാത്രം 18 ഓളം കന്യാസ്ത്രീകള്‍ സന്യാസ ജീവിതം ഉപേക്ഷിച്ചുപോയതായിട്ടാണല്ലോ അറിയുന്നത്. ഇങ്ങനെയുള്ളൊരു അവസ്ഥയില്‍ കേരളത്തിലെ എത്ര മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ സന്യാസിനിമാരാകാന്‍ പറഞ്ഞയയ്ക്കാന്‍ തയ്യാറാവും?

കന്യാസ്ത്രീകളും അവരുടെ ബന്ധുക്കളും കൂടി ബിഷപ് ഫ്രാങ്കോയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബിഷപ്പിന്റെ പി.ആര്‍.ഓ. ഫാ.പീറ്റര്‍ കാവുമ്പാട്ട് പോലീസില്‍ പരാതി കൊടുത്തതായി നാം പത്രങ്ങളില്‍ വായിച്ചു. ക്രിസ്തുവിന്റെ പാടത്ത് കൊയ്യാന്‍ പോയ കന്യാസ്ത്രീകള്‍ക്ക് ബിഷപ്പും, അച്ചന്മാരും കൊടുക്കുന്ന കൂലി എത്ര മഹത്തരം കന്യാസ്ത്രീക്കെതിരെ ശക്തമായ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിഷപ്പിന്റെ പ്രതിനിധിയായ വൈദീകന്‍ ഡിജിപി ക്ക് നിവേദനം കൊടുത്തായി വാര്‍ത്തയുണ്ടായിരുന്നു. ബിഷപ്പിന്റെ ഗുണ്ടകള്‍ മാദ്ധ്യമപ്രവര്‍ത്തകരെ എടുത്തിട്ട് പൂശിയതായും വാര്‍ത്ത വന്നു. എത്ര മഹത്തായ ക്രൈസ്തവ സാക്ഷ്യം ഇങ്ങനെയുള്ള ബിഷപ്പുമാരും, ശിങ്കിടികളും, ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്നെങ്കില്‍ ക്രിസ്തുവിന്‍ കുരിശാരോഹണം ചെയ്യേണ്ടിവരുമായിരുന്നില്ല

മെത്രാന്‍മാരെയും, കര്‍ദ്ദിനാള്‍മാരെയും വലയം ചെയ്തു നില്‍ക്കുന്ന സ്തുതിപാഠകരായ അച്ഛന്മാരുടെയും, അല്‍മേനികളുടെയും, രാഷ്ട്രീയക്കാരുടെയും ഒരു നിരതന്നെയുണ്ട് ഉദരപൂരണത്തിനും, കാമ്യസാദ്ധ്യത്തിനും വേണ്ടി അടുത്തുകൂടിയിരിക്കുന്നവരാണവര്‍. പരസ്പരം കൊടുക്കല്‍ വാങ്ങലുകളാണവിടെ നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ പിറ്റെ ദിവസം തന്നെ കേരളാ പോലീസ് അയാളെ തൂക്കി അകത്തിടുമായിരുന്നു. തങ്ങളുടെ പിന്നില്‍ അണിനിരന്നിരിക്കുന്നു എന്ന് ബിഷപ്പുമാര്‍ അവകാശപ്പെടുന്ന വോട്ടുബാങ്കു കാണിച്ചാണ് സഭയും രാഷ്ട്രീയക്കാരും പരസ്പരം കച്ചവടം ഉറപ്പിക്കുന്നത്. ഇക്കാര്യത്തില്‍ എല്‍ ഡി എഫ് ഉം, യൂ ഡി എഫ് ഉം, ബി ജെ പി യും എന്ന വ്യത്യാസമില്ല. അച്ചന്മാരെയും, ബിഷപ്പുമാരെയും 'സോപ്പിട്ട്' നില്‍ക്കുന്ന അല്‍മേനികളില്‍ ചിലര്‍ക്കെങ്കിലും അവര്‍ വഴിയായി പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സീറ്റ് തരമാക്കാനും, മന്ത്രിസ്ഥാനവും, പല തരത്തിലുള്ള നിയമനങ്ങളും തരപ്പെടുത്തിയെടുക്കാനും കഴിയും.

മെത്രാന്‍മാരെ സുഖിപ്പിച്ചു നില്‍ക്കുന്ന അച്ചന്മാര്‍ക്ക് രൂപതാ തലത്തില്‍ നല്ല നല്ല ലാവണങ്ങളും, നിയമനങ്ങളും നേടിയെടുക്കാന്‍ കഴിയും. എന്നാല്‍ ബിഷപ്പിനെ പ്രീതിപ്പെടുത്തി നില്‍ക്കാന്‍ സാധിക്കാതെ അച്ചന്മാര്‍ ഒതുക്കപ്പെടും. ബിഷപ്പിനേക്കാള്‍ കൂടുതല്‍ വ്യക്തിപ്രഭാവവും, കഴിവുമുള്ള വൈദികരെ വെട്ടിയൊതുക്കും. ഇതിന് ഒന്നാമത്തെ ഉദ്ദാഹരണം ബിഷപ്പ് ഫ്രാങ്കോയുടെ തന്നെ രൂപതയില്‍ ജോലിചെയ്തിരുന്ന സുപ്രസിദ്ധ ധ്യാനഗുരുവായിരുന്ന ഫാദര്‍ ബേസില്‍ ആണ്. ഫാ. ബേസില്‍ തന്നെക്കാള്‍ പ്രശസ്തനാണെന്നു തോന്നിയ ബിഷപ് ഫ്രാങ്കോ ആ വൈദികനെ കൂദാശ മുടക്കി ഒരു മൂലയ്ക്ക് ഒതുക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടവകയില്‍ സന്ദര്‍ശനത്തിനു വന്ന ഫ്രാങ്കോയെ അവിടുത്തെ ആചാരപ്രകാരം കുതിരയുടെ പുറത്തു കയറ്റി ആനയിച്ചില്ലെന്നും ഫ്രാങ്കോയെക്കാള്‍ കൂടുതല്‍ ബഹുമാനം ബേസില്‍ അച്ഛന് ലഭിച്ചതുമാണ് ഫ്രാങ്കോയെ പ്രകോപിപ്പിക്കാന്‍ കരണമത്രേ.

രണ്ടാമത്തെ ഉദാഹരണം ഒരു കാലത്ത് കേരളത്തിന്റെ ആദ്ധ്യാത്മിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉദയസൂര്യനെപ്പോലെ ശോഭിച്ചിരുന്ന ദിവംഗതനായ ഫാദര്‍ ജോസഫ് വടക്കന്‍ ആണ് 1964-65 കാലത്ത് താന്‍ കാനഡയിലായിരുന്ന കാലത്ത് പ്രൊട്ടസ്റ്റന്റ് സഭക്കാരുടെ ക്ഷണമനുസരിച്ച് അവരുടെ പള്ളികളില്‍ പോയി ധ്യാന പ്രസംഗങ്ങള്‍ നടത്തിയതും, ഒരമ്മ മക്കളെ പോലെ അവിടെ കത്തോലിക്കരും, അകത്തോലിക്കരും ജീവിച്ചിരുന്നതും, ഇന്ത്യയില്‍ മടങ്ങി വരുമ്പോള്‍ 'തൊഴിലാളി' പത്രത്തിനടുത്തുള്ള 'സുറാമിപ്പള്ളി'യില്‍ പോയി തനിക്ക് പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞേക്കുമല്ലോയെന്ന് 'തൊഴിലാളി' പത്രത്തില്‍ താന്‍ ലേഖമെഴുതിയതും, അതിന്റെ പേരില്‍ 'കൂദാശ' മുടക്കി പത്തുകൊല്ലം സഭാധികാരികള്‍ തന്നെ ഷെഡ്ഡിലടച്ചതുമായ സംഭവങ്ങള്‍ 'ദൈവം ശാസ്ത്രപീഠത്തില്‍' എന്ന തന്റെ പുസ്തകത്തില്‍ ഫാദര്‍ വടക്കന്‍ വിവരിച്ചിരിക്കുന്നത് അടുത്തിടെ ഞാന്‍ വായിക്കാനിടയായി. എന്നാല്‍ അഭിവന്ദ്യനായ തൂങ്കുഴിപിതാവിന്റെ കാലത്ത് അദ്ദേഹം ഫാദര്‍ വടക്കനെ ചെന്നു കണ്ടതും, അര്‍ഹിക്കുന്ന ആദരവ് അദ്ദേഹത്തിന് കൊടുത്തതുമായ സംഭവങ്ങളും ഞാന്‍ ഉള്‍പ്പുളകത്തോടെ ഓര്‍മ്മിക്കുന്നു. ്സ്വതന്ത്രമായ കാഴ്ചപ്പാടും, വ്യക്തി മഹത്വവുമുള്ള പല ഉന്നത ശീര്‍ഷകരെയും ചില മെത്രാന്മാര്‍ക്ക് താല്‍പര്യമല്ല; അവര്‍ക്കു താല്‍പര്യം റാന്‍മൂളികളെയാണ്. അവരുടെ മേശമേല്‍ നിന്നു വീഴുന്ന അപ്പക്കഷ്ണങ്ങള്‍ക്കുവേണ്ടി, വാലാട്ടി നില്‍ക്കുന്ന കുറച്ചുപേര്‍ എപ്പോഴും ഈ പുരോഹിതപ്രമുഖര്‍ക്കു ചുറ്റും ഉണ്ടായിരിക്കും.

എനിക്ക് വ്യക്തമായറിയാവുന്ന മൂന്നാമത്തെ ഉദ്ദാഹരണം 1973 ല്‍ മാനന്തവാടി രൂപതയുടെ രൂപീകരണകാലം മുതല്‍ അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം രൂപതയെ മുന്നില്‍നിന്നു നയിക്കുകയും, 1995-97 കാലത്ത് രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ അപ്പസ്തോലിക്കയായിരുന്ന രൂപൂതയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത ദിവംഗതനായ മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ ജോസഫച്ചന്റെ കാര്യമാണ്.
കഴിഞ്ഞ ജൂലൈ 18 നു 'ഭിന്നത വിതയ്ക്കുന്നതാര്' എന്ന ശീര്‍ഷകത്തില്‍ ഞാനെഴുതിയ ലേഖനത്തിന് ബഹുമാനപ്പെട്ട ജോസഫ് പടന്നമാക്കല്‍ വളരെ സുന്ദരമായ ഒരു കമന്റ് എഴുതുകയുണ്ടായി. അതില്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് അച്ചനെപ്പറ്റിയും ബിഷപ് ജോസഫ് പൗവത്തിലിന്റെ നോമിനി എന്ന നിലയില്‍ മാനന്തവാടിയിലേക്ക് മെത്രാനാക്കി ഡല്‍ഹിയില്‍ നിന്നു കൊണ്ടുവന്ന ബിഷപ്പ് എമ്മാനുവല്‍ പോത്തനാംമുഴിയെക്കുറിച്ചും സൂചിപ്പുകയുണ്ടായി.എന്നാല്‍ മാര്‍ പോത്തനാമ്മുഴിയുടെ ആദ്യത്തെ പരിശ്രമംതന്നെ മാനന്തവാടി രൂപതയില്‍ പൗവ്വത്തില്‍ പിതാവിന്റെ ശൈലിയും, ക്രമവും അടിച്ചേല്‍പ്പിക്കാനായിരുന്നു. എന്നാല്‍ ബഹുമാനപ്പെട്ട അച്ചന്മാരുടേയോ അല്മായരുടെയോ പിന്‍തുണ നേടിയെടുക്കുന്ന കാര്യത്തില്‍ പോത്തനാംമുഴി അമ്പേ പരാജയമടഞ്ഞു. ഇതിന് ഉത്തരവാദി മോണ്‍സിഞ്ഞോര്‍ ജോസഫച്ചനായിരുന്നെന്ന് പോത്തനാമുഴി തെറ്റിദ്ധരിച്ചു. അതിനുള്ള ശിക്ഷയെന്നോണം കാല്‍ നൂറ്റാണ്ടുകാലം അദ്ദേഹം ജോലി ചെയ്തിരുന്ന ബിഷപ്സ് ഹൗസില്‍ നിന്നും മോണ്‍സിഞ്ഞോറെ പുറത്താക്കുകയും, ഒരു ആസ്പത്രിപോലും ഇല്ലാതിരുന്ന തരിയോട് എന്ന കുഗ്രാമത്തിലേക്ക് വികാരിയായി അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു.

തരിയോടായിരിക്കുമ്പോള്‍ കടുത്ത മാനസിക പീഡനങ്ങള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തു. തല്‍ഫലമായി പള്ളിമുറിയില്‍വെച്ച് ഒരു ദിവസം അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതമുണ്ടായി. ആസ്പത്രിയിലെത്തിക്കാന്‍ സമയത്ത് ഒരു വാഹനം പോലും ലഭിച്ചില്ല. കല്‍പറ്റയിലെ ഒരു സാധാരണ ആസ്പത്രിയില്‍ അദ്ദേഹത്തെ എത്തിക്കുമ്പോഴേക്കും ഹൃദയത്തിന്റെയും, തലച്ചോറിന്റേയും പ്രവര്‍ത്തനം 75% നിലച്ചു പോയിരുന്നു എങ്കിലും മരണക്കിടക്കയിലെത്തുന്ന ദിവസംവരെ അദ്ദേഹം രൂപതക്കുവേണ്ടി തുടര്‍ന്നും ജോലി ചെയ്തു. ഒരു രോഗിയായിത്തന്നെ 2014 ജനുവരി 17 ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. മാനന്തവാടി രൂപത അദ്ദേഹത്തിന് കണ്ണീരില്‍ കുതിര്‍ന്ന ഒരു അന്തിമയാത്ര നല്‍കുകയും ചെയ്തു. ഇതിനെല്ലാം വഴിവെച്ച ബിഷപ്പ് ഇമ്മാനുവേല്‍ പോത്തനാംമുഴി അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം കരസ്ഥമാക്കാന്‍ രാഷ്ട്രീയ മാതൃകയില്‍ സഭയില്‍ ഗ്രൂപ്പിസം കളിക്കുകയും കളിപ്പിക്കുകയും അതിന് വേണ്ടി പലരേയും ഒതുക്കുകയും, ഒതുക്കുവാന്‍ വഴിവെക്കുകയും ചെയ്ത മാര്‍ ജോസഫ് പൂവ്വത്തിലിന്റെ പത്തിയും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഒടിഞ്ഞ് പോയിരുന്നു. 'പശുവും ചത്തു, മോരിലെ പുളിയും പോയി', എന്നിട്ടു പോലും സ്നേഹത്തിന്റേയും, രക്ഷയുടേയും, ഐക്യത്തിന്റേയും ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ക്രിസ്തു സ്ഥാപിച്ച പരിശുദ്ധ കുര്‍ബ്ബാനയുടെ പേരില്‍പോലും ഇന്നും സീറോ മലബാര്‍ സഭ രണ്ട് ചേരിയായി പരസ്പരം മത്സരിച്ചും, ഒതുക്കിയും ഒതുക്കപ്പെട്ടും നില്‍ക്കുന്നത് പരമ പരിശുദ്ധനായ ദൈവത്തിന്റെ ഹൃദയത്തെ ഇന്നും എത്രമാത്രം കുത്തി മുറിവേല്‍പ്പിക്കുന്നില്ല! ഇതിനൊരന്ത്യം വരാത്തിടത്തോളം സീറോ മലബാര്‍ സഭയില്‍ ക്രിസ്തുവിന്റെ സമാധാനം സംജാതമാക്കുകയില്ല. ക്രിസ്തുവിനെ പീഢിപ്പിക്കുകയും കുരിശിലേറ്റുകയും ചെയ്ത ഇസ്രായേല്‍ മക്കള്‍ തലമുറ തലമുറകളായി ലോകമാസകലം പീഡനമേറ്റുവാങ്ങി. സീറോ മലബാര്‍ സഭാ മക്കളുടെ കാര്യത്തിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ജലദ്ധര്‍ പീഢനവും, സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണവും, ഫാദര്‍ റോബിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട നിരവധി കേസുകളും ഇതിന്റെ ചില ബഹിര്‍സ്പുരണങ്ങള്‍ മാത്രം.

സ്നേഹം പ്രസംഗിച്ചതുകൊണ്ടും കാര്യമില്ല. അത് ജീവിതത്തിന്റെ മുഖ മുദ്രയാക്കാന്‍ നമുക്കു കഴിയണം ഏറ്റവും ചുരുങ്ങിയത് കുര്‍ബ്ബാന ക്രമത്തിന്റെ കാര്യത്തിലെങ്കിലും യോജിക്കാനാവണം. അല്ലെങ്കില്‍ റോം ഇടപെടണം അല്ലാത്ത പക്ഷം കാലത്തിന്റെ ചുവരെഴുത്ത് നാം വായിക്കേണ്ടിവരും. 'മെനേ, തെഖേല്‍, പാര്‍സീന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക