Image

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് നീക്കി

Published on 20 September, 2018
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് നീക്കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് നീക്കി. മുംബൈ അതിരൂപത സഹായ മെത്രാന്‍ ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ ചുമതല നല്‍കിയത്. ഡല്‍ഹിയില്‍ നിന്നുള്ള വത്തിക്കാന്‍ കാര്യാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.

ഫ്രാങ്കോ മുളയ്ക്കലിന്റെ കത്ത് പരിഗണിച്ച്‌ രൂപതയുടെ ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി അദ്ദേഹത്തെ ഒഴിവാക്കുന്നു എന്നാണ് വത്തിക്കാന്‍ പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കുന്നത്. കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. മാത്രമല്ല കേസുമായി മുന്നോട്ടുപോകുന്നതിനും രൂപതയ്ക്ക് പുറത്ത് ദീര്‍ഘനാള്‍ തങ്ങേണ്ടി വന്നേക്കാം. ഇത് പരിഗണിച്ച്‌ ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്നായിരുന്നു ഫ്രാങ്കോ ആവശ്യപ്പെട്ടിരുന്നത്.

നേരത്തെ ചോദ്യം ചെയ്യലിന് പോകുന്നതിന് മുമ്ബായി, ജലന്ധര്‍ രൂപതയുടെ ഭരണ ചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിനാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൈമാറിയിരുന്നത്. എന്നാല്‍ അത്തരമൊരു ഭരണ ചുമതല കൈമാറ്റത്തിന് പകരം ബിഷപ്പിന്റെ ചുമതല മുംബൈ സഹായ മെത്രാന് നല്‍കാനാണ് വത്തിക്കാന്‍ തീരുമാനിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് മുറിയിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ബിഷപ്പിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നും, അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക