Image

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കും.

Published on 20 September, 2018
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കും.
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിയമോപദേശമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി) ഓഫിസ് അനേഷണസംഘത്തിന് നല്‍കിയതെന്ന് അറിയുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച അറസ്റ്റ് ഉണ്ടായേക്കും.

കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഫ്രാങ്കോ മുളക്കലിന് പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കാനായില്ല.

ചില കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്താനുണ്ടെന്ന് കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഫ്രാങ്കോ മുളക്കലിന്റെ മൊഴി വിശകലനം ചെയ്യും.

വെള്ളിയാഴ്ചയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് അറസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ചോദ്യം ചെയ്യലുമായി അദ്ദേഹം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിലൂടെ ഒട്ടേറെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

ആദ്യ പീഡനം നടന്ന 2014 മേയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നെന്നും ആവര്‍ത്തിച്ചു. കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശക രജിസ്റ്റര്‍ രേഖകളും തൊടുപുഴയില്‍ എത്തിയില്ലെന്നതിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നില്‍ വെച്ചെങ്കിലും അവ തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കന്യാസ്ത്രീയെ പരിചയമില്ലെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നുമുള്ള വാദങ്ങളും തെളിവുസഹിതം പൊലീസ് പൊളിച്ചു. തിരുവസ്ത്രം ഉപേക്ഷിച്ച രണ്ട് കന്യാസ്ത്രീകളെക്കുറിച്ച ചോദ്യത്തിന് താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി.

നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുളക്കലിനെ അറസ്റ്റ് ചെയ്യാനാകുമോ, ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നടപടി നീട്ടി വെക്കേണ്ടതുണ്ടോ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും നിയമോപദേശം തേടിയത്. പഴുതുകളെല്ലാം അടച്ച് അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് ലഭിച്ച ഉപദേശം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക