Image

സാലറി ചലഞ്ച് അമേരിക്കയിലേക്കും, 150 കോടി യു.എസ് മലയാളി സമാഹരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21 September, 2018
സാലറി ചലഞ്ച് അമേരിക്കയിലേക്കും, 150 കോടി യു.എസ് മലയാളി സമാഹരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
ന്യൂയോര്‍ക്ക്: ലോകമെങ്ങുമുള്ള മലയാളികളില്‍ ഏറ്റവും സമ്പന്നരായവര്‍ അമേരിക്കയിലാണെന്നും പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മ്മിക്കുന്നതിനു അവര്‍ 150 കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലുണ്ടായ തകര്‍ച്ച വിവരണാതീതമാണ്. പഴയ കേരളം തിരിച്ചുകൊണ്ടുവരികയല്ല, മറിച്ച് പുതിയൊരു കേരളം സൃഷ്ടിക്കുകയാണ് നമ്മുടെ ദൗത്യം. കേരള പുനര്‍നിര്‍മ്മാണത്തിനു ഒരു മാസത്തെ ശമ്പളമെന്ന "സാലറി ചലഞ്ച്' ലോകമെങ്ങുമുള്ള മലയാളികള്‍ക്കു നല്‍കുകയാണ്. യാതൊരു നിര്‍ബന്ധവും കൂടാതെ സ്വമേധയാ തരുവാന്‍ സന്നദ്ധരാകുന്നവര്‍ക്ക് സ്വാഗതം- റോക്ക്‌ലാന്റിലെ സഫേണില്‍ അമേരിക്കന്‍ സംഘടനകളുടെ ഭാരവാഹികള്‍, മത മേലധ്യക്ഷന്മാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മിനസോട്ടയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കില്‍ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള വഴിമധ്യേ അമേരിക്കന്‍ മലയാളികളോട് സംവദിക്കാന്‍ എത്തിയ മുഖ്യമന്ത്രി ക്ഷീണം മറന്നും കണക്കും വിശദീകരണങ്ങളുമായി കേരളത്തിന്റെ സ്ഥിതി വിവരിച്ചു.

നല്‍കുന്ന പണം മറ്റെന്തിനെങ്കിലും വിനിയോഗിക്കുമെന്ന ആശങ്കയൊന്നും വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പാക്കും. അതുപോലെ തന്നെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഏതെങ്കിലും പ്രൊജക്ട് ഏറ്റെടുക്കാനോ ഏതെങ്കിലും പ്രദേശത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താനോ താത്പര്യമുണ്ടെങ്കില്‍ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കും. 235 ബോട്ടുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നു. അതില്‍ 20 എണ്ണം കൊടുക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അതിനും സ്വാഗതം. മുഴുവനും കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതും സന്തോഷം തന്നെ.

ഒരുലക്ഷത്തിപതിമൂവായിരത്തി അമ്പത്താറ് വീടുകളാണ് നശിച്ചത്. 40,188 വലിയ മൃഗങ്ങള്‍ ചത്തൊടുങ്ങി. 71,,000 -ല്‍പ്പരം ചെറിയ മൃഗങ്ങളും, 7,99,000 പക്ഷികളും, കോഴികളും ചത്തു. ഇവയില്‍ പലതും ആളുകളുടെ ഉപജീവനമായിരുന്നു.

ആലപ്പുഴ- ചങ്ങനാശേരി റോഡ് പാടെ തകര്‍ന്നു. അതു പൂര്‍ണ്ണമായി നിര്‍മ്മിച്ചു തരാന്‍ ചിലരോട് ആവശ്യപ്പെട്ടിട്ട് നടന്നില്ല. 510 പാലങ്ങള്‍ തകര്‍ന്നു. 9538 കി.മീ മരാമത്ത് വകുപ്പിന്റെ റോഡ് തകര്‍ന്നു. പഞ്ചായത്ത് റോഡുകള്‍ വേറെ. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ ഒരുലക്ഷം രൂപയാണ് ലഭ്യമാകുന്നത്. രണ്ടുകോടി വേണ്ടിടത്താണിത്.

പുനരധിവാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. പുനര്‍നിര്‍മ്മാണമാണ് ഉണ്ടാവേണ്ടത്. അടുത്തമാസം 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കയിലെത്തുന്നുണ്ട്. സമാഹരിക്കുന്ന തുക അദ്ദേഹത്തെ ഏല്‍പിക്കാം.

തുക സമാഹരണത്തിനായി ദേശീയ തലത്തില്‍ കമ്മിറ്റി രൂപീകരിച്ചതായി സമ്മേളനത്തിനു ചുക്കാന്‍ പിടിച്ച ഫൊക്കാന നേതാവ് ഡോ. എം. അനിരുദ്ധന്‍ അറിയിച്ചു. ദേശീയ സംഘടനാ നേതാക്കള്‍, ലോക കേരളസഭാംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ട്രഷറര്‍ കെ.പി. ഹരിദാസ് ആയിരിക്കും.

ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ക്‌നാനായ യാക്കോബായ സഭാ മെത്രാപ്പോലീത്ത ആയൂബ് മോര്‍ സില്‍വാനോസ്, മലങ്കര യാക്കോബായ സഭാ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ഗായകരായ എം.ജി ശ്രീകുമാര്‍, മാര്‍ക്കോസ് ഏബ്രഹാം, സുധീപ് കുമാര്‍, കോണ്‍സല്‍ ദേവീദാസന്‍ നായര്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള വൈസ് ചെയര്‍ എസ്.കെ. ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സഹോദരീ സഹോദരന്മാരെ എന്നഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രത്യേക സാഹചര്യത്തിലാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നു പറഞ്ഞു. എല്ലാവര്‍ഷവും നല്ല മഴ ഉണ്ടാകും. ചിലപ്പോള്‍ വെള്ളപ്പൊക്കവും. എന്നാല്‍ ഇപ്പോഴുണ്ടായത് കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. 1924-ലേതിനേക്കാള്‍ വലിയ ദുരന്തമാണുണ്ടായത്. അന്നു പെയ്ത മഴയേക്കാള്‍, ആര്‍ത്തലച്ചുവന്ന വെള്ളത്തേക്കാള്‍ കൂടുതലാണ് ഇത്തവണ എന്നുള്ളതാണ് വസ്തുത. ഇതില്‍ വന്ന നാശനഷ്ടങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

ജീവനഷ്ടം, വസ്തുനഷ്ടം, ജീവനോപാധികളുടെ നഷ്ടം എന്നിവ. എല്ലാ ജില്ലകളിലും പ്രളയം നാശംവിതച്ചു. വീടുകള്‍ വന്‍തോതില്‍ നശിച്ചു. ചിലതു വാസയോഗ്യമല്ലാതായി. ചിലതിനു ഭാഗികമായി കേടുപറ്റി.

ദുരന്തത്തെ തുടര്‍ന്ന് ഏറ്റവും വലിയ കൂട്ടായ്മ കേരളം കണ്ടു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കൈമെയ് മറന്നു എല്ലാവരും രംഗത്തിറങ്ങി. ഒരുഘട്ടത്തില്‍ 3,91,000 കുടുംബങ്ങള്‍ ദുരിതാശ്വാ ക്യാമ്പുകളിലുണ്ടായിരുന്നു. 5,000-ല്‍പ്പരം ക്യാമ്പുകള്‍. മത്സ്യത്തൊഴിലാളി മുതല്‍ കേന്ദ്രസേന വരെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. എല്ലാവരും സമയബന്ധിതമായി പ്രവര്‍ത്തിച്ചു. വെള്ളം പൊങ്ങനാരംഭിച്ചതോടെ മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതിനു ആലോചന വന്നു. വെള്ളം ഇരച്ചു കയറുമ്പോള്‍ യുവതലമുറ സാഹസികമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കൂടെ പോലീസ്, ഫയര്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും.

ഇത്തരം രക്ഷാപ്രവര്‍ത്തനം കാരണം ആളപായം കുറഞ്ഞു. എന്നിട്ടും ഈ സീസണില്‍ 483 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ചു. കേന്ദ്രവുമായി കൈകോര്‍ത്താണ് നീങ്ങിയത്.

ദുരിതാശ്വാസ ക്യാമ്പുകളുടെ ഉന്നത നിലവാരം യുണിസെഫ് അധികൃതര്‍ക്കുതന്നെ അതിശയമായിരുന്നു. ഒരു ആശങ്കയുമില്ലാതെയാണ് നാം പ്രവര്‍ത്തിച്ചത്. നമ്മുടെ പ്രവര്‍ത്തനംകൊണ്ട് ആരുടെ മുന്നിലും നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം.

ഈ തകര്‍ച്ച നാം ഒരവസരമായി എടുക്കണം. മുമ്പുണ്ടായിരുന്നത് പുനര്‍നിര്‍മ്മിക്കുകയല്ല വേണ്ടത്. പുതിയ രീതിയില്‍ പുതുക്കി പണിയുകയാണ് വേണ്ടത്. ദുരന്തം ചില കാര്യങ്ങള്‍ പഠിപ്പിച്ചു. അവ ഉള്‍ക്കൊണ്ടായിരിക്കും ഇനി പ്രവര്‍ത്തനം. ഇക്കാര്യത്തില്‍ ഒരേ മനസ്സോടെ മുന്നേറണം.

നാശനഷ്ടം 30,000 കോടി എന്നതാണ് പ്രാഥമിക കണക്ക്. ഇത് ഉയരാം. സംസ്ഥാനത്തെ ഒരു വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണിത്. നാം ചെറിയ സംസ്ഥാനമാണ്. വലിയ സമ്പന്നമല്ല. പക്ഷെ നാം സ്തംഭിച്ചു നില്‍ക്കാന്‍ തീരുമാനിച്ചില്ല. ഇതുവരെ ഉണ്ടായ പുരോഗതി നഷ്ടമാകാതെ നാം മുന്നേറുകതന്നെ ചെയ്യും. അസാധ്യമായതിനെ സാധ്യമാക്കുന്ന മലയാളിയുടെ കരുത്ത് കാട്ടേണ്ട സമയമാണിത്.

പുതിയ കേരളമാണ് നാം സൃഷ്ടിക്കേണ്ടത്. അതിനു എല്ലാവിധ സഹായവും വേണം. കേരളത്തിന്റെ ഭാഗധേയം മാറ്റുന്ന വികസന പരിപ്രേക്ഷ്യം. അതു നാടിന്റെ പ്രതിഛായ മാറ്റും. ബ്ലുപ്രിന്റ് തയാറാക്കി മുന്നേറാനാണ് നാം ശ്രമിക്കേണ്ടത്.

നാലു മേഖലകളിലാണ് നാം ശ്രദ്ധിക്കുന്നത്. ധനസമാഹരണം, പുനരധിവാസം, പുനര്‍നിര്‍മ്മാണം തുടങ്ങിയവ.

കേരളത്തിലെ 80 ശതമാനം ജനങ്ങളെ നേരിട്ടോ, അല്ലാതെയോ പ്രളയം ബാധിച്ചു. കുട്ടനാട് വെള്ളത്തിലാണ്. ഒരു ജോലിയും ചെയ്യാനാവില്ല. എന്നിട്ടും അവര്‍ സമാഹരിച്ച പണത്തിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നു.

ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് അതുണ്ടാക്കി കൊടുക്കണം. ക്രൗഡ് ഫണ്ടിംഗ് വഴി പണം സമാഹരിക്കാം. പ്രൊജക്ടുകളില്‍ പണം നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതാകാം. ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയില്‍ നിന്നു 7000 കോടി ലഭ്യമാക്കാന്‍ ചര്‍ച്ച നടക്കുന്നു.

ജവുളിക്കടകളില്‍ വെള്ളം കയറി തുണികളെല്ലാം നശിച്ചപ്പോള്‍ കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അവിടെ എന്തു ചെയ്യാന്‍ കഴിയും?

അപകടം സംഭവിച്ച സ്ഥലങ്ങളില്‍ ഇനി താമസിക്കുക സാധ്യമല്ല. അവരെ മാറ്റിപ്പാര്‍പ്പിക്കണം. പ്രത്യേകിച്ച് ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍.

മാലിന്യം നീക്കാന്‍ വലിയ വിഷമം നേരിടുന്നു. നദികളുടെ രീതിയും സ്വഭാവവും മാറി. ചെളി മാറ്റി നദികള്‍ ശുദ്ധീകരിക്കണം. കിണറുകളും ശുദ്ധീകരിക്കേണ്ടതുണ്ട്.

മൂന്നുമാസത്തിനകം സംഭാവന നല്‍കുന്നവരുടെ ഡോണര്‍ കോണ്‍ഫറന്‍സ് വിളിച്ച് എത്ര സഹായം ലഭിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിക്കും.

ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പത്തുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ മതി.

നെയ്ത്തു തൊഴിലാളികള്‍ക്ക് എല്ലാം നശിച്ചു. കന്നുകാലികള്‍ ചത്തതോടെ പല വീടുകളും പട്ടിണിയിലായി. കന്നുകാലികളുടെ ശരീരം മറവു ചെയ്യുക വലിയ പ്രശ്‌നമായി. ഇന്‍ഷ്വറന്‍സ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കുട്ടനാടിനു പ്രത്യേക പദ്ധതി ഉണ്ടാവണം.

ഭാര്യയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ക്ഷീണിതനായി കാണപ്പെട്ട മുഖ്യമന്ത്രി രോഗാവസ്ഥയില്‍ നിന്നു പൂര്‍ണ്ണമായി മോചിതനായിട്ടില്ല എന്നതാണ് തോന്നിയത്.

പ്രളയത്തിനു താനും സാക്ഷിയായെന്നു മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പറഞ്ഞു. വീട്ടില്‍ നിന്നു മാറിപ്പോകേണ്ടിവന്നു. കത്രീനയുടെ കാലത്ത് ന്യൂ ഓര്‍ലിയന്‍സില്‍ ഉണ്ടായ അത്രപോലും മരണം കേരളത്തിലെ 14 ജില്ലകളില്‍ കൂടിയും ഉണ്ടായില്ലെന്നദ്ദേഹം പറഞ്ഞു.

ഇനിയും ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ കെല്‍പുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. പുതിയ വികസന രീതികളും ഉണ്ടാവണം. അതിനനുസൃതമായി സമൂഹവും മാറണം. കേരളത്തില്‍ പള്ളികള്‍ ഇല്ലാത്ത സഭകള്‍ പോലും കേരളത്തിനായി ധനസമാഹരണം നടന്നുണ്ടെന്ന്   അദ്ദേഹം പറഞ്ഞു.

താനും വെള്ളപ്പൊക്കത്തിന്റെ ഇരയായതാണെന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. തന്റെ ഗ്രാമമായ പറപ്പൂക്കര ഒറ്റപ്പെട്ടു. കുടുംബത്തിന്റെ ആഘോഷത്തിനായി മാറ്റിവെച്ച ഭക്ഷണമെല്ലാം ക്യാമ്പില്‍ വിതരണം ചെയ്തു.

പുനരധിവാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ആയൂബ് മോര്‍ സില്‍വാനോസ്, എല്‍ദോ മോര്‍ തീത്തോസ് എന്നീ മെത്രാപ്പോലീത്തമാര്‍ അഭ്യര്‍ത്ഥിച്ചു.

പിന്നണിഗായകര്‍ ചേര്‍ന്നു ആറുമാസം മുമ്പ് രൂപംകൊടുത്ത "സമം' എന്ന സംഘടന ഡിസംബര്‍ 1,2 തീയതികളില്‍ ഗാനപരിപാടി നടത്തി അതില്‍ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് എം.ജി ശ്രീകുമാര്‍ പറഞ്ഞു. യേശുദാസാണ് സംഘടനയുടെ ചെയര്‍. താന്‍ വൈസ് ചെയറും.

ജോര്‍ജ് തോമസ്, ജോണ്‍ ഐസക്ക് തുടങ്ങിയവരായിരുന്നു എം.സിമാര്‍. പോള്‍ കറുകപ്പള്ളില്‍, 
അനിയന്‍ ജോര്‍ജ് , ബേബി ഊരാളില്‍, സുനില്‍ തൈമറ്റം, ഇ .എം.സ്റ്റീഫൻ, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ഡോ. ജേക്കബ് തോമസ്, ടെറന്‍സണ്‍ തോമസ്, ജിബി തോമസ്, ഡോ. തോമസ് മാത്യു, ഡോ.എസ്. ലാല്‍, പീറ്റര്‍ കുളങ്ങര, യു.എ നസീര്‍ തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു.

ഡോ. ക്രുഷ്ണ കിഷോര്‍, ഷിജോ പൗലോസ് എന്ന്വരുടെ നേത്രുത്വത്തില്‍ ഏഷ്യാനെറ്റ് സമ്മേളനം പൂര്‍ണമായി ലൈവ് ആയി റിപ്പോർട്ട് ചെയ്തു 
സാലറി ചലഞ്ച് അമേരിക്കയിലേക്കും, 150 കോടി യു.എസ് മലയാളി സമാഹരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക