Image

മുല്ലപ്പള്ളി വന്നു, പിള്ള ക്ഷണിച്ചു, സുധാകരന്‍ ക്ഷോഭിച്ചു

ശ്രീകുമാര്‍ Published on 21 September, 2018
മുല്ലപ്പള്ളി വന്നു, പിള്ള ക്ഷണിച്ചു, സുധാകരന്‍ ക്ഷോഭിച്ചു
ഗ്രൂപ്പ് കാന്‍സര്‍ ബാധിച്ച കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടാക്കിയ സമവായ സ്ഥാനാര്‍ത്ഥിയായാണ് മുതിര്‍ന്ന നേതാവും ഹൈക്കമാന്റിന്റെ പെറ്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുന്നത്. കെ സുധാകരനെ പ്രതീക്ഷിച്ചിരുന്ന അണികളെ നിരാശരാക്കിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി ആ ഇടിവെട്ട് തീരുമാനം കൈക്കൊണ്ടത്. എ.കെ ആന്റണിയുടെ ആശിര്‍വാദങ്ങളോടയാണ് മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ അമരക്കാരനായത്. കെ സുധാകരനെയെും എം.ഐ ഷാനവാസിനെയും കൊടിക്കുന്നില്‍ സുരേഷിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിക്കുകയുണ്ടായി. കെ സുധാകരനെ തഴഞ്ഞതിലുള്ള രോഷം സൈബര്‍ ഇടങ്ങളില്‍ അടക്കം പ്രകടമാണ്. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത ഫ്‌ളക്‌സ് യുദ്ധങ്ങള്‍ക്കും സെല്‍ഫ് പ്രൊമോഷന്‍ തന്ത്രങ്ങള്‍ക്കുമൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതോടെ ഗ്രൂപ്പ് യുദ്ധം അവസാനിക്കുന്നില്ല എന്ന സൂചനയാണ് കെ.പി.സി.സിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 

ഈ അവസരം മുതലെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്തുവന്നു. മറ്റുപാര്‍ട്ടിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നുള്ള വായ്ത്താരിയാണ് ശ്രീധരന്‍ പിള്ള തുടരുന്നത്.  ''ക്ഷണിച്ചാല്‍ സി.പി.എമ്മിലെ ബ്രാഞ്ച് ഭാരവാഹികളടക്കം ബി.ജെ.പിയിലേക്ക് വരും. ആരെയും പ്രത്യേകമായി ബി.ജെ.പി ലക്ഷ്യം വെക്കുന്നില്ല. ജനപക്ഷത്താണ് ബി.ജെ.പി നിലയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. അതേസമയം നേതാക്കളുടെ പേരെടുത്ത് പറയുന്നില്ല. അത്തരത്തില്‍ ഒരു വിവാദമുണ്ടാക്കാന്‍ താല്‍പ്പര്യവുമില്ല..തെരഞ്ഞെടുപ്പ് കാലത്ത് പലതും പറയും...'' പിള്ള വക്കീല്‍ പറഞ്ഞു. അത് കാര്യമാക്കാനുണ്ടോ എന്ന ശ്രീധരന്‍ പിള്ളയുടെ പെട്രോള്‍ വിലവര്‍ദ്ധനവിനെപ്പറ്റിയുള്ള ചോദ്യത്തിന്റെ മറുപടി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് സി.പി.എമ്മിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. 

ജനകീയ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടല്ല മറ്റ് പാര്‍ട്ടിയില്‍ നിന്നും വരുന്നവരെ സ്വീകരിക്കുന്നതെന്നും ബി.ജെ.പിയുടെ മനസ്സിന്റെ വലിപ്പം കൊണ്ടാണതെന്നും അദ്ദഹേം പറഞ്ഞു. കെ.പി.സി.സിയുടെ പുതിയ ഭാരവാഹിക പട്ടികയില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് കെ സുധാകരന്റെ പേരുപറയാതെ പിള്ള നുള്ളിപ്പറഞ്ഞത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നുള്ള പ്രചരണങ്ങള്‍ മുമ്പ് വ്യാപകമായിരുന്നു. കെ സുധാകരന്റെ പേരും ഈ പിട്ടികയില്‍ പലരും ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെ.പി.സി.സി ഭാരവാഹിക പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തിയ കെ സുധാകരനെ പരോക്ഷമായി ശ്രീധരന്‍ പിള്ള അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്.

കെ.പി.സി.സി പ്രസിഡന്റാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവായിരുന്നു കെ സുധാകരന്‍. എന്നാല്‍ ഹൈക്കമാന്റ് മുല്ലപ്പള്ളിയെ തുണച്ചു.  കെ സുധാകരന് ലഭിച്ചത് വെറും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം മാത്രം. രാഹുല്‍ ഗാന്ധി വിലാസം ഹെക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞ ആദ്യഘട്ടത്തില്‍ സുധാകരന്‍ കടുത്ത അതൃപ്തി ഉള്ളതായും പുതിയ ഭാരവാഹിത്വം അദ്ദേഹം ഏറ്റെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്തകളെ പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും നേതൃത്വത്തിന്റെ തീരുമാനതത്തില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ളയുടെ ചൊറിച്ചില്‍. 

വി.എം സുധീരന്റെ അപ്രതീക്ഷിത രാജിക്ക് ശേഷം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തുടക്കത്തില്‍ ഒട്ടേറെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി, കെ സുധാകരന്‍, ബെന്നി ബെഹനാന്‍, വി.ഡി സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിങ്ങനെ ആ പേരുകള്‍ അനിശ്ചിതമായി നീണ്ടുകൊണ്ടേയിരുന്നു. ഇതിനിടയില്‍ താത്ക്കാലിക അധ്യക്ഷന്‍ എം.എം ഹസ്സന്‍ തന്നെ സ്ഥിരക്കാരന്‍ ആവുമെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും കെ മുരളീധരനും സ്വമേധയാ പിന്‍വാങ്ങിയപ്പോഴും കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നിങ്ങനെ ചില പുതിയ പേരുകളും തിരുവനന്തപുരത്തെ ഇന്ദിരാ ഭവന്റെ അന്തരീക്ഷത്തില്‍ പാറിക്കളിച്ചു.

ഇതിനിടെ രാജ്യസഭ അംഗത്വം പുതുക്കികിട്ടാതെ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉറഞ്ഞു തുള്ളിയ പി.ജെ കുര്യന്‍ കൂടി കളം കൊഴുപ്പിക്കാനെത്തി. പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങള്‍ അദ്ദേഹം മുന്നോട്ടു വെച്ചു. അതില്‍ പ്രധാനപ്പെട്ടത് ജാതി-മത പരിഗണ പാടില്ലെന്നും പ്രവര്‍ത്തന പാരമ്പര്യവും സംഘാടക മികവും നോക്കി വേണം പുതിയ പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്നുള്ളതുമായിരുന്നു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കു അദ്ദേഹം സ്വയം പ്രൊമോട്ട് ചെയ്യുകയാണെന്ന മട്ടില്‍ ചില വ്യാഖ്യാനങ്ങളും വന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധി സമവായ മന്ത്രം ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന ഇഷ്ട പേരിലേക്ക് പൊടുന്നനെ വിരല്‍ ചൂണ്ടുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിന് പ്രസിഡന്റുമാര്‍ക്ക് സഹായവുമായി വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ കൂടി വേണമെന്ന നിലപാടിലാണ് കെ സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹം തന്നെ സ്ഥാനം ഏറ്റെുടുക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. 

''ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അനുസരിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍. എന്നെ നേതൃത്വം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. പുതിയ നേതൃത്വ നിയമനത്തില്‍ എനിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പാര്‍ട്ടി തീരുമാനം ഏറ്റെടുത്ത് ഞാന്‍ കളത്തിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. യുവജനങ്ങളുടെ പിന്തുണയാണ് എനിക്ക് വേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എ.ഐ.സി.സിയാണ് അവസാന വാക്ക്. ഞാന്‍ കളത്തിലേക്ക് ഇറങ്ങുമ്പോള്‍ കരുത്തായി തണലായി കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ യുവജനങ്ങള്‍ എന്റെ കൂടെ ഉണ്ടാവണം. പലഘടകങ്ങള്‍ പരിഗണിച്ചാണ് നേതൃത്വത്തെ തീരുമാനിക്കുക. ചിലപ്പോള്‍ എന്റെ ആഗ്രഹം നടന്നെന്നു വരില്ല. അത് കോണ്‍ഗ്രസ്സില്‍ അസാധാരണമല്ല...'' എന്ന് സുധാകരന്‍ വ്യക്തമാക്കുമ്പോള്‍ അതില്‍ ഇച്ഛാഭംഗത്തിന്റെ ചില മുരള്‍ചകള്‍ ഉണ്ടെന്നു കാണാം. കാരണം കേരളക്കിലെ കോണ്‍ഗ്രസിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇതിനേക്കാളും പറ്റിയ അവസരം സുധാകരന് ലഭിക്കില്ല. 

സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ടായിരുന്നു. ഈ നിരാശ അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. മുല്ലപ്പള്ളി നല്ല നേതാവാണെങ്കിലും സുധാകരനെ പോലെ കരുത്തനായൊരു നേതാവിനെയായിരുന്നു പാര്‍ട്ടിക്ക് ഇപ്പോള്‍ വേണ്ടത് എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. സുധാകരന് വേണ്ടി പ്രവര്‍ത്തകര്‍ മാസങ്ങളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരണവും സംഘടിപ്പച്ച് വരികയായിരുന്നു. അതേതായാലും കുട്ടിച്ചോറായി.

മുല്ലപ്പള്ളി വന്നു, പിള്ള ക്ഷണിച്ചു, സുധാകരന്‍ ക്ഷോഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക