Image

കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്‌റ്റിലേക്ക്‌

Published on 21 September, 2018
കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്‌റ്റിലേക്ക്‌


കൊച്ചി :കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ ഉടനെ അറസ്റ്റ്‌ ചെയ്യും. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്‌ ഓഫീസില്‍ മൂന്ന്‌ ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ്‌ അറസ്‌റ്റിന്‌ തീരുമാനമായത്‌.

കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന്‌ ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക്‌ ശേഷമാണ്‌ വെള്ളിയാഴ്‌ച ഉച്ചയോടെ അറസ്‌റ്റ്‌ ചെയ്യാനുള്ള നടപടികളിലേക്ക്‌ കടന്നത്‌.
അതേസമയം നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

മൂന്നുദിവസത്തെ ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്‌ക്കലിന്‌ പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്‌ത്രീ പരാതിപ്പെട്ട 2014 മെയ്‌ അഞ്ചിന്‌ താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്‌ക്കല്‍ ആവര്‍ത്തിച്ചു.

എന്നാല്‍, കുറവിലങ്ങാട്ട്‌ എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന്‌ വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.

പല ചോദ്യങ്ങള്‍ക്കും മുമ്പില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ്‌ നിസ്സഹായനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക