Image

'മോദിതരംഗം ഊര്‍ജമായി കൂടെയുണ്ട്'; സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ക്കിടെ ബ്ലോഗുമായി മോഹന്‍ലാല്‍

Published on 21 September, 2018
'മോദിതരംഗം ഊര്‍ജമായി കൂടെയുണ്ട്'; സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ക്കിടെ ബ്ലോഗുമായി മോഹന്‍ലാല്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ അതിനെക്കുറിച്ച് ബ്ലോഗ് എഴുതി രംഗത്തെത്തിയിരിക്കുകയാണ് താരം. 'നരേന്ദ്രമോദിയെ ഞാന്‍ സന്ദര്‍ശിച്ചതിനെ ത്തുടര്‍ന്ന് പല പല ഊഹാപോഹങ്ങളോടെയും വാര്‍ത്തകള്‍ പ്രചരിച്ചു. അത് സ്വാഭാവികമാണ്. അതുകൊണ്ട് ഞാനതിനൊന്നും മറുപടി പറഞ്ഞില്ല'. ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നു. തന്റെ പേരില്‍ ഉയര്‍ന്നുകേട്ട അഭ്യൂഹങ്ങള്‍ തള്ളിക്കളയാനില്ലെന്ന താരത്തിന്റെ നിലപാട് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

സെപ്റ്റംബര്‍ 3നാണ് മോഹന്‍ലാല്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്ന് 2019 തിരഞ്ഞെടുപ്പില്‍ ലാല്‍ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാര്!ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു.  തന്റെ സ്ഥാനാര്‍തിത്വം സംബന്ധിച്ച മാധ്യമവാര്‍ത്തകളോടോ റിപ്പോര്‍ട്ടുകളോടോ നിഷേധാത്മക സമീപനം ഇതുവരെ മോഹന്‍ലാല്‍ സ്വീകരിച്ചിട്ടില്ല. ലോക്‌സഭാ സ്ഥാനാര്‍ഥിയാകുമോ എന്ന് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ ലാലിന്റെ മറുപടി. ഏറ്റവും പുതിയ ബ്ലോഗിലും  ഇതേ നിലപാട് ശക്തമായി ആവര്‍ത്തിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 

പ്രധാനമന്ത്രിയെ ആവോളം പുകഴ്ത്തുന്നതിനാണ് പുതിയ ബ്ലോഗിലൂടെയുള്ള ശ്രമവും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും പ്രവാസി ക്ഷേമത്തെക്കുറിച്ചും മലയാളികളുടെ സേവനമനോഭാവത്തെക്കുറിച്ചുമെല്ലാം തങ്ങള്‍ സംസാരിച്ചെന്ന് വ്യക്തമാക്കിയതിലൂടെ നടനെന്ന നിലയ്ക്കല്ല സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കായിരുന്നു തന്നോട് മോദി പെരുമാറിയതെന്ന് ലാല്‍ പറയാതെ പറഞ്ഞിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്ന് കാണാം എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തന്നെ യാത്രയാക്കിയതെന്ന് മോഹന്‍ ലാല്‍ പറയുന്നു. അതു വെറുമൊരു ഉപചാരവാക്കല്ലെന്നും അതിലെ ആത്മാര്‍ഥത താന്‍ അനുഭവിച്ചറിഞ്ഞതാണെന്നും പറഞ്ഞ ലാല്‍ മോദി തന്നിലേക്ക് പകര്‍ന്ന പോസിറ്റീവ് ഊര്‍ജം മൂന്നാഴ്ച്ചയ്ക്ക് ശേഷവും തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക