Image

ജസ്‌നയെ കാണാതായിട്ട്‌ 6 മാസം, ഉത്തരമില്ലാതെ പോലീസ്‌

Published on 22 September, 2018
ജസ്‌നയെ കാണാതായിട്ട്‌ 6 മാസം, ഉത്തരമില്ലാതെ പോലീസ്‌


കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ കാണാതായിട്ട്‌ ആറ്‌ മാസങ്ങള്‍ കഴിയുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചെങ്കിലും ജസ്‌ന എവിടെ എന്ന ചോദ്യത്തിന്‌ പോലീസിന്‌ ഇതുവരെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നിലവില്‍ പോലീസ്‌ അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്‌. പ്രളയത്തിന്‌ മുമ്പ്‌ വരെ അന്വേഷണം സജീവമായിരുന്നെങ്കിലും അതിന്‌ ശേഷം അന്വേഷണം മന്ദഗതിയിലാണ്‌. ഇപ്പോള്‍ പേരിന്‌ മാത്രമാണ്‌ അന്വേഷണം നടക്കുന്നത്‌.

കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത്‌ മാര്‍ച്ച്‌ 22 നാണ്‌. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന്‌ പറഞ്ഞ്‌ പോയ ജെസ്‌നയെക്കുറിച്ച്‌ പിന്നീട്‌ കാണാതാവുകയായിരുന്നു. പിന്നീട്‌ പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞിരുന്നില്ല.


സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്‌. തുടര്‍ന്ന്‌ ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്‌. എന്നാല്‍ പിന്നീട്‌ ജെസ്‌നയ്‌ക്ക്‌ എന്തുസംഭവിച്ചുവെന്ന്‌ ആര്‍ക്കുമറിയില്ല. പിന്നീടുള്ള ദിനങ്ങളില്‍ പലതരത്തിലുള്ള വാര്‍ത്തകളാണ്‌ പുറത്തു വന്നുകൊണ്ടിരുന്നത്‌.
ജെസ്‌നയെ കാണാതായുള്ള പരാതിയില്‍ ഐജി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചാണ്‌ അന്വേഷണം നടത്തിയിരുന്നത്‌. പ്രളയത്തിന്‌ മുമ്പ്‌ അന്തിമ ഘട്ടത്തിലാണെന്ന്‌ തോന്നിപ്പിച്ച കേസില്‍ പിന്നീട്‌ വിവരങ്ങള്‍ ഒന്നുമില്ലാതാവുകയായിരുന്നു.


അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന്‌ വീഴ്‌ച്ച സംഭവിച്ചതായി ആരോപണം ഉണ്ടായിരുന്നു. പരാതി നല്‍ക്കിയെങ്കിലും ആദ്യഘട്ടത്തില്‍ പോലീസ്‌ കേസിനെ ഗൗരവമായി കണ്ടില്ലെന്ന്‌ ജസ്‌നയുടെ ബന്ധുക്കളടക്കംകുറ്റപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക