Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-14: സാംസി കൊടുമണ്‍)

Published on 22 September, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-14: സാംസി കൊടുമണ്‍)
ഇന്നലെ മരിച്ചവനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി ജോസ് ലിവിങ്ങ് റൂമിലെ സോഫയില്‍ ഒന്നമര്‍ന്നിരുന്നു. അവന്‍ ഓര്‍ത്തു, മനുഷ്യന്‍, അവന്റെ പ്രയാണ പഥങ്ങളില്‍ ഒരു പ്രവാഹമായി ഒഴുകുന്നു. വായുപോലെ അവന്‍ സഞ്ചരിച്ചു കൊണ്ടേ യിരിക്കുന്നു. അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തേക്കുള്ള യാത്ര തുടക്കം.... പിന്നെ അവനു യാത്ര ചെയ്യാതിരിക്കാന്‍ വയ്യാതായി. എപ്പോഴും അവന്‍ അസ്വസ്ഥനായിരുന്നു. അന്വേഷണം അവന്റെ ആത്മസത്തയെ തേടിയായിരുന്നു. അവന്‍ ഇടയനായി. മേച്ചില്‍പുറങ്ങള്‍ തേടി. അതൃപ്തന്‍ പിന്നെയും നടന്നു. അതിര്‍വരമ്പുകളിലൂടെ അവന്‍ അന്നം ഉണ്ട ാക്കി. ജനം മണല്‍ത്തരിപോലെ പെരുകി. അന്നം കിട്ടാത്തവര്‍ ഇന്നും യാത്രയിലാണ്. വയറിനു വേണ്ട ിയുള്ള പ്രയാണം. അനേകായിരം ചിതലുകള്‍ വളരുന്ന ഒരറയാണു വയര്‍. കാമ്പുള്ള മരങ്ങളെപ്പോലും അവന്‍ തിന്നു തീര്‍ക്കുന്നു. പിന്നെയും താ.... താ.... എന്നുള്ള നിലവിളി മാത്രം. കഥ വയറിന്റേതാണ്. വയര്‍ നയിക്കുന്ന വഴിയില്‍ തല വെറും കാഴ്ചക്കാരന്‍ മാത്രം. വയര്‍ കരഞ്ഞാല്‍ തല പിന്നെ എന്തു ചെയ്യാന്‍. ആരാണു കേമന്‍ തലയോ, വയറോ?

ചോദ്യം രസിച്ചിട്ടെന്നപോലെ, ജോസ് എന്ന ജോസ് മാത്യു സ്വയം ചിരിച്ചു. വെളിയില്‍ നിലയ്ക്കാത്ത ശക്തമായ കാറ്റ്. കുടിയേറ്റക്കാരിലെ രണ്ട ാം നിരക്കാരനായിട്ടാണ് ജോസ് ഈ സ്വപ്ന ഭൂമിയിലെത്തിയത്. യഹൂദന് വാഗ്ദത്ത ഭൂമയിലേക്കുള്ള തീര്‍ത്ഥയാത്ര പോലെ ആയിരുന്നില്ല ഈ യാത്ര.

ഒന്നാം തലമുറക്കാര്‍ ഒന്നു മിണ്ട ാന്‍ മലയാളിക്കുവേണ്ട ി കൊതിച്ചതുപോലത്തെ അവസ്ഥ ആയിരുന്നില്ല. കൈത്താങ്ങുമായി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍, അളിയനും പെങ്ങളും അവരുടെ കുട്ടികളും കാത്തു നില്‍പ്പുണ്ട ായിരുന്നു. ജോസ്, ഭാര്യ സിസിലും മൂന്നു വയസ്സുള്ള ഡേവിഡുമായി ഇവിടെ കാലു കുത്തുമ്പോള്‍ മോഹങ്ങള്‍ വളരെ ചെറുതായിരുന്നു. നാട്ടില്‍ ഒരു വീട്. കൈയ്യില്‍ കുറച്ചു പണം. എല്ലാംകൂടി ഒരാറേഴു ലക്ഷം രൂപ. ഒരു അഞ്ചു വര്‍ഷം. കണക്കുകള്‍ കൃത്യമായിരുന്നു. പ്രശാന്തസുന്ദരമായ ആഗസ്റ്റുമാസത്തിലെ ആ സന്ധ്യയ്ക്ക് കുളിര്‍മയായിരുന്നുവോ? അമേരിക്കയിലെ ആദ്യ പ്രാണവായു ഉള്ളിലേക്കു വലിച്ചെടുക്കുമ്പോള്‍, അറിഞ്ഞില്ല അത് നീണ്ട സഹനത്തിനുള്ള തയ്യാറെടുപ്പിന്റെ ഊര്‍ജ്ജമാണെന്ന്. ആ പ്രാണ വായുവില്‍ തണുപ്പിന്റെ കണികകള്‍ തങ്ങി നിന്നിരുന്നു. എയര്‍പോര്‍ട്ടിലെ തിരക്ക് താണ്ട ി, ഉറ്റവര്‍ നല്‍കുന്ന സംരക്ഷണയില്‍ പാര്‍ക്കിങ്ങ് ലോട്ടിലെത്തിയപ്പോള്‍ വിവിധതരം കാറുകളുടെ പ്രളയം. കൗതുകത്തോടെ എല്ലാം നോക്കിക്കണ്ട ു. പുതിയ ഭൂമിയിലെ പുതുമുഖങ്ങള്‍ക്ക്, പഴയ ഭൂമിയിലെ പരിചയിച്ച ഒട്ടിയ കവിളുകളും പ്രത്യാശ നഷ്ടപ്പെട്ട കണ്ണുകളുമായിരുന്നില്ല. പകരം തിരക്കുകളുടെ അസഹ്യതയും എല്ലാത്തിനോടുമുള്ള പുച്ഛ രസത്തിന്റെ ബഹിര്‍സ്ഫുരണവും.

വരവേല്‍പ്പിന്റെ പുതുമ പെട്ടെന്ന് തീരുമെന്നും, ജീവിത സത്യങ്ങള്‍ തുറിച്ചു നോക്കുമെന്നും അറിയാമായിരുന്നു. ജോണിച്ചായനില്‍ കാലത്തിന്റെ ചെറിയ കയ്യേറ്റങ്ങള്‍ പ്രത്യക്ഷമായിട്ടുണ്ടെ ങ്കിലും പഴയപോലെ നിസ്സംഗതയുടെ ഒരു ചെറുചിരി ആ മുഖത്തുണ്ട ായിരുന്നു. ഉയരമുള്ള ആഞ്ഞിലിയിലും മാവിലുമൊക്കെ വലിഞ്ഞു കയറി ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുയുള്ള, ഞങ്ങളുടെയൊക്കെ താരമായിരുന്ന ജോണിച്ചായന്‍ മൗനിയായിരിക്കുന്നു. കഷ്ടപ്പാടുകളുടെ കണക്കു പുസ്തകവുമായി നടക്കുന്ന പ്രിയ പെങ്ങള്‍ ആലീസിനും എന്നും പ്രതിസന്ധികള്‍ തന്നെ. കുട്ടികള്‍ അവരവരുടെ ലോകങ്ങളില്‍ എല്ലാവരും പരസ്പരം പൊരുത്തപ്പെടുവാന്‍ ശ്രമിച്ചുകൊണ്ട ിരിക്കുന്നു. ജീവിതം വലിയ ചോദ്യചിഹ്നങ്ങളായി മാറുന്നു. അത് പൊരുതി നേടുവാനുള്ളതാണ്. ബാല്യ കൗമാരങ്ങള്‍ എവിടെയോ ഞെട്ടറ്റു വീണു പോകുന്നു. ജീവിതം യാന്ത്രികതയുടെ ഒരു തുരുത്തായി മാറുന്നു. മറു കരയിലെത്താന്‍ തോണികളില്ലാത്ത ഒരു സര്‍വ്വകലാശാല. ഏറ്റവും നന്നായി സത്യങ്ങളെ മറയ്ക്കുന്നവന്‍ വിജയി.

അളിയനും പെങ്ങളും അഭിനയിക്കയാണോ? തരമില്ല അവര്‍ തങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ശ്രമിക്കയാണ്.

കുടിയേറ്റത്തിന്റെ മൂന്നാം ദിവസം ജോസ് അളിയനോടു പറഞ്ഞു “”ജോണിച്ചായാ ഒരു ജോലി.....’’

“”വന്നതല്ലേയുള്ളൂ. നീ ഒന്നു വിശ്രമിക്ക്. നമുക്ക് ശരിയാക്കാം.’’ ജോണിവാക്കറിന്റെ ഒരു പെക്ഷ് ഒഴിച്ചു തന്നു. ജോണിച്ചായന്റെ വാക്കുകളില്‍നിസംഗത ഓളം തല്ലി. എന്തൊക്കയോ ആ മനസ്സിനെ അലട്ടിക്കൊണ്ട ിêന്നത് മുഖരേഖയില്‍ വാíാമായിêì.. അതു പൊരുത്തപ്പെടാത്ത ജാതകങ്ങളുടെ ദോഷമാകാം. അതിനെ വിധി എന്നും വിളിയ്ക്കാം. എല്ലാവരുടെയും ജീവിതം തിരുത്തപ്പെടാന്‍ കഴിയാത്ത ഒരു നേര്‍ രേഖയായി മുന്നില്‍ നടക്കുന്ന വിധിയുടെ പിന്നാലെ ആണ്. തലവര നേരെ അല്ലാത്തവര്‍.

ഛേ.... വിധിയിലും തലവരയിലും ഒക്കെ വിശ്വസിക്കുന്ന ഒരു അയുക്തികനായി മാറുകയാണോ? ഉറച്ച യുക്തിബോധം ജീവിതത്തിനു സമ്മാനിച്ച പരിക്കുകള്‍, അയഞ്ഞ അയുക്തിയുടെ ലേപനം തേച്ച് ഉണക്കുകയാണോ? എന്തോ....? നഷ്ടബോധമാണ് ഏറ്റവും വലിയ പരാജയം. എപ്പോഴും നഷ്ടപ്പെട്ടവര്‍ എന്ന ചിന്ത മനസ്സിനെ അലട്ടുന്നുവോ അപ്പോള്‍ പരാജയം പൂര്‍ണ്ണമാകും.

അല്ലെങ്കില്‍ ഇപ്പോള്‍ എന്താണ് നഷ്ടപ്പെട്ടത്? എന്തെങ്കിലും നേടിയവനല്ലെ നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കേണ്ട ു. നഷ്ടപ്പെടുവാന്‍ ഒന്നും ഉണ്ട ായിരുന്നില്ല. പിന്നെ മുറുകെ പിടിച്ച ചില ജീവിത മൂല്യങ്ങള്‍. അത് ആര്‍ക്കും വേണ്ട ാത്ത കള്ളനാണയങ്ങളായിരുന്നു എന്ന തിരിച്ചറിവ്. സ്വത്വം കൈമോശം വന്നവന്‍. ഞാന്‍ എന്ന ഭാവം ആര്‍ക്കോ തീറെഴുതിയവന്‍. അഹം നഷ്ടപ്പെടുന്നത് നല്ലതല്ലെ? സ്വന്തം നഗ്നതയിലേക്കുള്ള തുറിച്ചുനോട്ടം തിരിച്ചറിവല്ലേ?

ഭൂമണ്ഡലത്തില്‍ ഏതോ കോണില്‍ ജനിച്ചു. എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. ഭൂമിയിലേക്കു തന്നെ തിരികെ ചേരുന്ന ഒരു ജന്മം. ഇടവേളയില്‍ കണ്ട തിനെയൊക്കെ നല്ലതെന്നു കണ്ട ് മോഹിക്കുന്നു. കണ്ട തില്‍ കൂടുതല്‍ കാണാമറയങ്ങളില്‍ കാഴ്ചയ്ക്കായി കാത്തിരിക്കുന്നു. ആര്‍ത്തിപൂണ്ട കണ്ണുകള്‍ തേടിക്കൊണ്ടേ യിരിക്കുന്നു. അതൃപ്തിയും അശാന്തിയും ജീവിതത്തെ അസന്തുഷ്ടമാക്കുന്നു. എല്ലാത്തരം കാഴ്ചകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും മുക്തിനേടുന്നവനാണ് പൂര്‍ണ്ണന്‍. അത് സ്വാതന്ത്രമാണ്. അപ്പോള്‍ അവന്‍ എളിമപ്പെടുന്നു. ആ എളിമ അവനെ മഹത്വവല്‍ക്കരിക്കുന്നു. ഇത് ആരോ പറഞ്ഞതാണല്ലോ? അല്ലെങ്കില്‍ തത്വമസിയുടെ നാട്ടില്‍ നിന്നു വന്നവന് വേദാന്തത്തിനാണോ കുറവ്?

  ലിവിംഗ് റൂമിലെ അരണ്ട വെളിച്ചത്തില്‍ ജോസ് വോഡ്ക ഒì മൊത്തി, അതിന്റെ ലഹരിയില്‍ പിറകിലേç നടì.

പുതിയ ഭൂമിയില്‍ ചുറ്റിനും വേഗത്തില്‍ ചലിക്കുന്ന   ജീവിതങ്ങള്‍. ചലനമാണ് ജീവിതം. ഭ്രമണപഥത്തിലേക്ക് എറിയപ്പെടാന്‍ കാത്ത് മൂന്നുപേര്‍. സിസ്സിലി ചിന്തകളെ ഉള്ളില്‍ ഒതുക്കി ജോസിനെ നോക്കും. ഡേവിഡ് കൗതുകങ്ങളുടെ ലോകത്തായിരുന്നു. ജോണിച്ചായന്‍ ജോസിന് ഒരു തൊഴില്‍ കണ്ടെ ത്താന്‍ ശ്രമിച്ചുകൊണ്ട ിരുന്നു. കുഞ്ഞമ്മയുടെ ആങ്ങളയാണു പറഞ്ഞത്, തോംസണ്‍ മെയിലിങ്ങ് കമ്പിനിയില്‍ എപ്പോഴും ആളെ എടുക്കുമെന്ന്. തുടക്കക്കാരായ മലയാളികളുടെ അത്താണി. പോക്കുവരവ് ഒരു പ്രശ്‌നം തന്നെയായിരുന്നു. ട്രെയിന്‍, ബസ് പിന്നെ പതിനഞ്ചു മിനിട്ട് നടപ്പ്. ആവശ്യക്കാരന്‍ പ്രതിബന്ധങ്ങളെ നോക്കി പകയ്ക്കാറില്ലല്ലോ.

ഒന്നേമുക്കാല്‍ ഡോളര്‍ മണിക്കൂറിന്. അതിനെ എട്ടുകൊണ്ട ് പെരുപ്പിച്ച് ഊറ്റം കൊള്ളാം. മെഷീന്‍ ഓപ്പറേറ്റര്‍ എന്ന തസ്തിക. പല കള്ളികളുള്ള മെയിലിങ്ങ് സോര്‍ട്ടിങ്ങ് മെഷീന്‍. അതിന്റെ അറകളില്‍ നിറച്ച പരസ്യപേപ്പറുകള്‍, മെഷീന്റെ കൈകള്‍ പല അറകളില്‍ നിന്നും എടുത്ത് ഒന്നിച്ചാക്കുന്നു. പിന്നെ അത് അഡ്രസ്സ് പ്രിന്റു ചെയ്ത് കവറിലായി, മറ്റൊരു ബല്‍റ്റില്‍ക്കൂടി കടന്ന് പശയാല്‍ വായ് മൂടപ്പെടുന്നു. വായ് മൂടപ്പെട്ട കവറുകള്‍ ഒരു കള്ളിയില്‍ എത്തി അതിനെ അമ്പതുകളുടെ കെട്ടുകളാക്കുന്നു. ഒരു മിനിറ്റില്‍ നൂറു കവറെങ്കിലും വന്നു നിറയുന്നു. മെഷീന്‍ ഒരു വെപ്രാളക്കാരനെപ്പോലെ പണിയിലാണ്. ഇടയ്ക്ക് പേപ്പറുകള്‍ കുരുങ്ങുമ്പോള്‍ അതാകെ അങ്കലാപ്പിലായി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. അവനെ അനുനയിപ്പിച്ച് കുരുക്കുകളഴിച്ച് വീണ്ട ും ഓടിക്കണം. മെഷീന്റെ അറകള്‍ ആര്‍ത്തി പൂണ്ട വയറുകള്‍ മാതിരിയാണ്. എത്ര കൊടുത്താലും തികയില്ല. നിന്നു നിന്ന് കാലും നടുവും മുറുമുറുക്കുന്നു. ജോലിയെക്കുറിച്ച് പരാതിയില്ല. ഭവര്‍ക്ക് ലൈക്ക് എ മെഷീന്‍’ എന്ന് ആരോ പറഞ്ഞിട്ടുണ്ട ്.

“ഇവിടെ മൂത്രം ഒഴിക്കരുത്’ ജോസ് അത്ഭുതത്തോടെ ബോര്‍ഡിലേക്കു വീണ്ട ുവീണ്ട ും നോക്കി. ഒരു സായ്പ്പിന്റെ കമ്പിനിയില്‍ മലയാളിക്ക് അവന്റെ ഭാഷയില്‍ ബോധവത്ക്കരണം. അതു നമ്മോടു പലതും പറയുന്നുണ്ട ായിരുന്നു. ജോലിക്കാരുടെ ഭാഷാപരിജ്ഞാനം. രണ്ട ാം നിരക്കാര്‍ ആശ്രിത നിയമ പ്രകാരം വന്നവരാണ്. ഇത്തരം ജോലിക്ക് പഠിപ്പിന്റെ ഭാരം ആവശ്യമില്ല. പക്ഷേ മലയാളി അത്യാവശ്യം എഴുത്തും വായനയും അറിയാവുന്നവനാണെന്ന് ആരും പറഞ്ഞു കൊടുത്തിട്ടില്ലേ? അതോ ഏതെങ്കിലുമൊരാള്‍ പരിചയക്കുറവുകൊണ്ട ് കണ്ട ിടത്തു കാര്യം സാധിച്ചതാണോ? എല്ലാവരുടെയും ഉള്ളില്‍ മൂന്നാം ലോക പൗരനെക്കുറിച്ചൊരു പൊതു ധാരണയുണ്ട ്. ഇത് അതിന്റെ ഭാഗവും ആകാം. എന്തായാലും മലയാള അക്ഷരദേവിക്ക് സായ്പ്പിന്റെ ഭിത്തിയിലും ഇടം കിട്ടിയല്ലോ. മലയാളി വളരുകയാണ്. മലയാളമോ...? ഈ തലമുറ കഴിഞ്ഞാല്‍...?

ഓരോ ഷിഫ്റ്റുകളുടെയും അവസാനം ഉല്‍പ്പന്നത്തിന്റെ കണക്കെടുക്കുന്നു. എണ്ണം കുറഞ്ഞാല്‍ മാനേജര്‍ ഒന്നു സൂക്ഷിച്ചു നോക്കും. ജോലി സുരക്ഷിതമല്ല എന്ന സൂചന. മുതലാളി അവന്റെ ലാഭങ്ങളില്‍ മാത്രം കണ്ണുള്ളവനാണ്. അതില്‍ എന്താണു തെറ്റ്. മുതലാളിയുടെ ലാഭ വിഹിതം അല്ലേ തൊഴിലാളിയുടെ കൂലി, ആഹാരം, പാര്‍പ്പിടം, കുടുംബം…  പുതിയ തിരിച്ചറുവുകള്‍.

ആദ്യത്തെ ചെക്ക്, എണ്‍പതു ഡോളര്‍. “”ദേ ദൈവത്തെ പ്രാര്‍ത്ഥിച്ച്, എന്നെയും മനസ്സില്‍ സ്തുതിച്ച് ഈ ചെക്കങ്ങോട്ടു വാങ്ങിച്ചേ’’ സൂപ്പര്‍വൈസര്‍ ലിസ്സി. അവളുടെ നര്‍മ്മബോധം നന്നേ ഇഷ്ടപ്പെട്ടു. ഇരുപത്തഞ്ചിന്റെ പ്രസരിപ്പുമായി അവള്‍ ഓടി നടക്കും. സദാ പ്രസന്നമായ മുഖം. അല്പം ഉന്തിയതെങ്കിലും തെളിഞ്ഞ പല്ലുകള്‍. മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള വടിവൊത്ത ശരീരം.

അമേരിക്കയിലെ ആദ്യത്തെ വേതനം. വിയര്‍ത്തുണ്ട ാക്കിയ ആദ്യത്തെ കൂലി. “വിയര്‍ത്തു നീ നിന്റെ അപ്പം ഭക്ഷിക്കണം’ അതു വചനം. വചനം ശാപവും മോക്ഷവും ആയിരുന്നു. സ്രഷ്ടാവില്‍ നിന്നും ആകന്നുപോയ സൃഷ്ടിയോടുള്ള ശാപം. എന്നാല്‍ സൃഷ്ടി അടിമത്തത്തില്‍ നിന്നും സ്വയം മോചനം പ്രഖ്യാപിച്ചതിന്റെ വരദാനവും. സ്വന്തം നാട്ടില്‍ വിയര്‍ക്കാതെ അപ്പം കിട്ടിയിരുന്നു. ഇവിടെ ഡി ക്ലാസിഫൈ ചെയ്യപ്പെടുകയാണ്. അവിടെ മുതലാളിയായിരുന്നവന്‍ ഇവിടെ തൊഴിലാളി. സ്വയം പരുവപ്പെടുത്തലിനു വിധേയമാകേണ്ട ിയിരിക്കുന്നു. “ഉപ്പൂപ്പായുടെ ആന കുയിയാന’ ആണെന്നുള്ള തിരിച്ചറിയല്‍. ഉപരിപ്ലവമായ വിപ്ലവവും പറഞ്ഞ്, തെണ്ട ിത്തിരിഞ്ഞ നാളുകളുടെ കടം വീട്ടണ്ടേ ? എട്ടും പത്തും മണിക്കൂര്‍ തുടര്‍ച്ചയായ നില്‍പ്പ്. പക്ഷേ പരാതി ആരോടു പറയും. ഒരു സമരം. ഇസങ്ങളുടെ മുദ്രാവാക്യം ഏറെ കേട്ടിട്ടില്ലേ....? ചൂഷണം അവസാനിപ്പിക്കുക, തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല. ജോസ് വെറുതെ ഉള്ളില്‍ ചിരിച്ചു. കടല്‍കടന്നപ്പോള്‍... ഇവിടെ നിലനില്‍പ്പാണു പ്രശ്‌നം. ഔദാര്യത്തിന്റെ അപ്പം എത്ര നാള്‍?

സിസിലിയുടെ വാടിയ മുഖം. ഡേവിഡിന്റെ കൗതുകമൂറുന്ന കണ്ണുകള്‍. സിസിലി ഒന്നും പറയാറില്ല. എങ്കിലും അവള്‍ ഒരു പെണ്ണല്ലേ? കല്യാണം കഴിഞ്ഞാല്‍ അവള്‍ കുടുംബിനി. അവര്‍ക്ക് അവരുടേതായ സ്വപ്നങ്ങള്‍ ഉണ്ട ്. നാത്തൂന്‍ നല്ലവളാണെന്നതുകൊണ്ട ു മാത്രം എന്നും അവിടെ തുടരുന്നതു ശരിയാണോ? അവളുടെ ചിന്തകള്‍ വായിച്ചെടുക്കാമായിരുന്നു. അവളുടെ കണ്ണുകളില്‍ കുറ്റപ്പെടുത്തലിന്റെ വജ്രമുനകള്‍ ഉണ്ട ായിരുന്നുവോ? പുരുഷന്‍ കുടുംബം സംരക്ഷിക്കേണ്ട വന്‍. അവന്‍ ദിക്കറിയാത്ത ഒരു പെരു വഴിയിലാണ്. അവള്‍ ഒരു കൈ തന്നു സഹായിക്കാനൊരുക്കമാണ്. “”എനിക്കു കൂടി ഒരു ജോലി....’’ അവള്‍ ആഗ്രഹിക്കുന്നു. വിപ്ലവം നീട്ടി വെയ്ക്കാം. സോഷ്യലിസത്തിനുവേണ്ട ിയുള്ള അന്തിമ വിപ്ലവത്തിനു ഇനിയും കാക്കാം. ഇപ്പോള്‍.....

“”എന്തോ വല്ലാത്ത ആലോചനയിലാണല്ലോ?’’ ലിസി നിറഞ്ഞ മെയില്‍ റാക്കില്‍ നിന്നും ഒരു കുത്ത് വാരിക്കൊണ്ട ു ചോദിച്ചു.

“”ഭാര്യയ്ക്കുകൂടി ഒരു ജോലി....’’ അപ്പോള്‍ അങ്ങനെയാണ് വായില്‍ വന്നത്.

“”അടുത്ത തിങ്കളാഴ്ച വന്നോളൂ. ഒരു പുതിയ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട ്.’’ ലിസി പറഞ്ഞു.

ജോസ് ലിസിയോടു നന്ദി പറഞ്ഞു.

സിസിലിക്കു കൂടി ജോലിയായ കാര്യം ജോണിച്ചയാനോടയാള്‍ പറഞ്ഞു. “”ഇവിടെ നിന്നും പോയി വരാന്‍ ദൂരമാണ്. അവിടെ അടുത്തെവിടെയെങ്കിലും ഒരു വീടു നോക്കണം.’’ ജോസ് പറഞ്ഞു. അപ്പോഴേക്കും മൂന്നു മാസം കഴിഞ്ഞിരുന്നു. ആദ്യത്തെ ചെക്കു മുതല്‍ ബാങ്കില്‍ അക്കൗണ്ട ു തുടങ്ങിയിരുന്നു. ചില്ലറ അത്യാവശ്യത്തിനെടുത്തല്ലാതെ ബാക്കി അതില്‍ ഉണ്ട ായിരുന്നു.

“”നീ ഇപ്പോഴേ മാറിയാല്‍ റെന്റു കൊടുക്കാനൊക്കെ കാണുമോ?’’

“”അതിനുള്ളതു കിട്ടും.’’ ജോസ് പറഞ്ഞു. കുഞ്ഞമ്മയുടെ വീടിന്റെ ബയിസ്‌മെന്റ് ഫിനിഷാണ്. ജോലിക്കു പോയി വരാന്‍ എളുപ്പമാണ്. അഞ്ഞൂറു ഡോളര്‍ കൊടുക്കണം. കാര്യങ്ങള്‍ തീര്‍ച്ചയാക്കപ്പെടുകയായിരുന്നു.

“”കട്ടിലും സോഫയും തല്‍ക്കാലം വാങ്ങണ്ട . താഴെ കിടക്കുന്നതെടുത്തോ....’’ ജോണിച്ചായന്‍ പറഞ്ഞു. അപ്പോള്‍ എന്തും സമ്മതമായിരുന്നു. കിടന്ന കട്ടിലും താഴെ ബെയ്‌സ്‌മെന്റില്‍ കിടന്ന സോഫയുമായി ഒരു കുടുംബം വേരുറപ്പിക്കാന്‍ നോക്കുകയാണ്. ആലീസമ്മാമ്മ പാത്രങ്ങളുടെ ആവശ്യം നിറവേറ്റി. പോകാന്‍ നേരം നാനൂറു ഡോളര്‍ ജോണിച്ചായന്‍ കൈയ്യില്‍ തന്നു. “”അത്യാവശ്യത്തിന്.... കിട്ടുമ്പോള്‍ തിരികെ തരണം.’’ ഒരിക്കലും തിരിച്ചു കൊടുക്കാത്ത, കൊടുത്തപ്പോഴൊക്കെ തിരികെ വാങ്ങാത്ത ഒരു കടം. എത്ര പെട്ടെന്ന് ഒരു കുടുംബം പറിച്ചു നടപ്പെട്ടു.

രണ്ട ു ഷിഫ്റ്റുകളിലായി അവര്‍ ജോലി ചെയ്തു. ജോസ് പകലും. സിസിലി രാത്രിയിലും. അപ്പോള്‍ ഡേവിഡ് മാറി മാറി അപ്പന്റെയും അമ്മയുടെയും നിറവുകളില്‍ നിറഞ്ഞു. പകല്‍ സിസിലി കുട്ടിയെ നോക്കി, പാചകം ചെയ്തു. പിന്നെ ബാക്കി സമയം ഉറങ്ങി. സ്ത്രീ സഹനത്തിന്റെ ദേവതയല്ലേ.... പക്ഷേ എല്ലാവരും അങ്ങനെയാണോ? കാലവും ദേശവും അവരെ മാറ്റിചിന്തിപ്പിക്കുന്നതായിരിക്കും. എന്നാലും സ്ത്രീ ധാരാളം സഹനങ്ങളുടെ അതിജീവന മന്ത്രങ്ങളുമായാണ് ജനിക്കുന്നത്. അവള്‍ എല്ലാം തന്നിലേക്കാവാഹിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളുന്നു. കാലം ആവശ്യപ്പെടുന്ന തീരുമാനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയയാകുന്നു. അവള്‍ സ്വയം പൊരുത്തപ്പെടലുകള്‍ കണ്ടെ ത്തുന്നു. ചുരുക്കം ചിലരില്‍ കഥ വേറെ ആയിരിക്കാം.

ബെയ്‌സ്‌മെന്റിലെ ജീവിതം നല്‍കുന്ന ചില പരിമിതികള്‍ അവര്‍ തിരിച്ചറിഞ്ഞു. എപ്പോഴും ഇരുട്ട്. ഇരുളും വെളിച്ചവും. അതു ജീവിതമാണ്. ഇരുട്ടാണ് അനാദിയായിട്ടുള്ളത്. നിത്യമായ ഇരുട്ടില്‍ വീണുകിട്ടുന്ന അല്പം വെളിച്ചം. ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ അല്പം വെളിച്ചം അവരുടമേല്‍ പതിയുന്നുവോ, അവന്‍ ജീവന്റെ വെളിച്ചത്തില്‍ ആകുന്നു. ജോസ് സോഫയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു. വന്ന വഴികള്‍ ഓര്‍മ്മിച്ചെടുക്കുകയായിരുന്നു.

ജീവിതത്തിന്റെ ക്രമവും താളവും തകിടം മറിഞ്ഞിരിക്കുന്നു. തല കീഴായ ചിന്തകള്‍. രാത്രിയും പകലും ഇല്ലാതായിരിക്കുന്നു. അഞ്ചില്‍ തിരിച്ചു പോകണമെന്നാഗ്രഹിച്ചവന്‍ ഇരുപത്തഞ്ചു തികച്ചിരിക്കുന്നു. എന്തു നേടി. അയാളുടെ മനസ്സ് കാലത്തില്‍ക്കൂടി ഒരു മടക്ക യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു. കുഞ്ഞമ്മാമ്മയുടെ ബെയ്‌സ്‌മെന്റില്‍ നിന്നും വേണമല്ലോ ഈ ജീവിത കഥ തുടങ്ങാന്‍. മുറിയിലാകെ ചിക്കന്‍ കറിയുടെ മണം. പൂരിയും ചിക്കനും ഉണ്ട ാക്കിയിട്ടാണ് സിസിലി പോയത്. ജോലിക്കു പോകുന്നതിനു മുമ്പുള്ള ഒരു ചെറിയ മയക്കത്തിലാണവള്‍.

“”എന്തോ കിടക്കുന്നില്ലേ?’’ സിസിലി അവള്‍ പോകാനുള്ള തയ്യാറെടുപ്പിനായി എഴുന്നേറ്റതാണ്. നാഴിക മണി ഒന്‍പതിന്റെ ഉണര്‍ത്തു പാട്ടു പാടുന്നു.

“”മോന്‍ വല്ലതും കഴിച്ചോ?’’ അവള്‍ ചോദിച്ചു.

“”അവന്‍ ഒന്നും ചോദിച്ചില്ല’’ അയാള്‍ പറഞ്ഞു. അവള്‍ അയാളെ തീ പാറുന്ന കണ്ണുകള്‍കൊണ്ട ് നോക്കി. ഒരു കുഞ്ഞിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് പരിപാലിക്കാന്‍ അറിയാന്‍ വയ്യാത്തവന്‍ എന്നര്‍ത്ഥം ആ നോട്ടത്തിനുണ്ട ായിരുന്നു. അവള്‍ മോനെ കളിപ്പാട്ടങ്ങളില്‍നിന്നും വിടര്‍ത്തി, ബാത്തു റൂമില്‍ കൊണ്ട ുപോയി നന്നായി കഴുകിച്ചു. ലിവിങ്ങ് റൂമിന്റെ തന്നെ തുടര്‍ച്ചയായ കിച്ചണില്‍, അവനു പൂരിയും ചിക്കന്‍ കറിയും കൊടുത്തു. ഡേവിഡ് അവന്റെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളില്‍ മുഴുകി, അവന്റെ ശാഠ്യങ്ങളെ അംഗീകരിപ്പിച്ച് അവനെ കഴിപ്പിച്ചു. സിസിലിയുടെ ഭാവങ്ങളില്‍ അവള്‍ ഡേവിഡിന്റെ പ്രായത്തിലേക്ക് ഇറങ്ങുന്നതായി തോന്നി.

മോനെ ബെഡ്ഡിലാക്കി അവള്‍ ജോസിനെ കഴിക്കാന്‍ വിളിച്ചു. രാത്രി ജോലിയുടെ ക്ഷീണം അവളുടെ കണ്ണുകളില്‍ തിളങ്ങിയിരുന്നു. എങ്കിലും ഒരു പുതു ജീവന്‍ അവളില്‍ പ്രസരിച്ചിരുന്നു. അവള്‍ ഒരു പുതിയ കുടുംബം കോര്‍ത്തെടുക്കുകയായിരുന്നു.

“”നമുക്കൊരു കൊച്ചു ടി.വി.വാങ്ങണം.’’ “”കൊച്ചു ടി.വി.’’ അവള്‍ ഊന്നി പറഞ്ഞു. ഒരു ടി.വി. എന്ന ആവശ്യം, അവള്‍ ഒരു കൊച്ചു ടി.വി. ആയി ചുരുക്കുകയാണ്. ഒരു മുന്നൂറു നാനൂറ് ഡോളര്‍. “”കാര്‍ട്ടൂണൊക്കെ കണ്ട ാല്‍ മോന്‍ എളുപ്പം ഇംഗ്ലീഷ് പഠിക്കും.’’ അവള്‍ ആവശ്യത്തിന്റെ കാതല്‍ പറഞ്ഞു. അവന്റെ ഭാവിയിലേക്കും വളര്‍ച്ചയിലേക്കും മുതല്‍ മുടക്കാന്‍ അവള്‍ ആവശ്യപ്പെടുകയാണ്. ജോസ് ഒന്നു മൂളുകമാത്രം ചെയ്തു.

ലോകത്തെ സ്വന്തം ഇരുപ്പു മുറിയിലേക്ക് ആവാഹിക്കപ്പെടുന്നു. കാഴ്ചകളെയും അറിവുകളെയും സ്വന്തം ഇരിപ്പിടത്തിലേക്കു കൂട്ടിക്കൊണ്ട ു വരുന്നു. ചാനലുകള്‍ മാറ്റി മാറ്റി നമുക്കു രുചിഭേദങ്ങള്‍ തേടാം. സാങ്കേതികതയുടെ വളര്‍ച്ച, ലോകം മുഴുവന്‍ ഒരു വിരല്‍ത്തുമ്പില്‍. പക്ഷേ നിങ്ങളുടെ കാഴ്ചയിലെ ലോകം മുഖപ്പട്ട കെട്ടിയ കുതിരയുടെ കാഴ്ചപോലെയാണ്. യജമാനനു ബോധിച്ചതുമാത്രം കാണുന്ന കുതിര. വിശാലമായ ലോകത്തിലെ പരിമിതമാക്കപ്പെട്ട, സത്തകള്‍ മറയ്ക്കപ്പെട്ട കാഴ്ചക്കാരന്‍ മാത്രം. കണ്ട തൊക്കെ സത്യമാണെന്നു കêതുന്നവര്‍ സ്വയം വഞ്ചിതരാകുന്നു. വീക്ഷണത്തിലെ വൈജാത്യങ്ങള്‍ മറയ്ക്കപ്പെടുന്നു. നിങ്ങള്‍ക്കുവേണ്ട ി മറ്റൊരുവന്‍ കാണുന്നു. അപരന്റെ കാഴ്ചയിലും ചിന്തയിലും തളയ്ക്കപ്പെട്ടവരുടെ ലോകം. പുതിയതിനെ കാണുവാന്‍ അശക്തരായവരുടെ ഒരു പുതു യുഗം. പുതിയ സോക്രട്ടീസുമാര്‍ ജനിക്കാത്ത ഒരു കാലം! ഈ ലോകം ആരുടെയൊക്കെയോ നിയന്ത്രണത്തിലാണ്. നാം അവരുടെ അടിമകള്‍. അടിമകളാക്കപ്പെട്ടവരുടെ ഒരു കൂട്ടം, ഇടം നഷ്ടപ്പെട്ടവര്‍.

രാത്രി അതിന്റെ യാത്ര തുടങ്ങുകയാണ്. ഡിസംബര്‍ മാസത്തിന്റെ തണുപ്പ്; ശീതക്കാറ്റിന്റെ ഹുങ്കാര ശബ്ദം. ഹിമപാതം എപ്പോള്‍ വേണമെങ്കിലും ഉണ്ട ാകാം. മഞ്ഞിനെ ഗര്‍ഭം ധരിച്ച മേഘപാളികളെ കാറ്റ് മറ്റെവിടെക്കോ വഹിച്ചുകൊണ്ട ുപോകുന്നു. ഇതുവരെയും മഞ്ഞുവീഴ്ച കണ്ട ിട്ടില്ല. സോവിയറ്റ് ലാന്റിന്റെ കളര്‍ ചിത്രങ്ങളിലെ മഞ്ഞ് മനോഹരമായിരുന്നു. പക്ഷേ...തണുപ്പ്. റൈഡ് കാത്ത് അവര്‍ നിന്നു. സിസിലിയുടെ കൂടെ നൈറ്റു ചെയ്യുന്ന കോശി റൈഡു കൊടുക്കും്. അഞ്ചുപേര്‍. ആളൊന്നുക്ക് പത്തു ഡോളര്‍ ആഴ്ചയില്‍. അധിക വരുമാനം. രാവിലെയും വൈകിട്ടും യാത്ര സുരക്ഷിതമാക്കി. പത്തുമണിക്ക് സിസിലിയെ കയറ്റിവിട്ട്, തണുത്ത രാത്രിയെ ഒന്നു നോക്കി. കലങ്ങിയ ആകാശത്തിന്റെ പൊരുളറിയാതെ ജോസ് തന്റെ മാളത്തിലേക്കു വലിഞ്ഞു. മുകളില്‍ കാല്‍ പെരുമാറ്റം. കുഞ്ഞമ്മാമ്മ ഉറങ്ങിയിട്ടുണ്ട ാവില്ല. മക്കളില്ലാത്തതിന്റെ ദുഃഖത്തിലാണ്. കാല്‍പെരുമാറ്റത്തിന്റെ ശബ്ദംപോലും അവരുടെ ഏകാന്തതയിലെ വലിയ ഒച്ചപ്പാടുകളായിരിക്കാം.

മോന്റെ കൂടെ ബെഡ്ഡില്‍ വന്ന് കിടന്ന്, ബ്ലാങ്കറ്റു കൊണ്ട ് മൂടിപ്പുതച്ച്, വെളിയില്‍ നിന്നും കൊണ്ട ുവന്ന തണുപ്പിനെ ചൂടാക്കി ശരീരം മറ്റെന്തൊക്കെയോ ആഗ്രഹിക്കുന്നു. അതും അമര്‍ത്തപ്പെടേണ്ട ആഗ്രഹങ്ങളാണ്. ഒരു ദീര്‍ഘനിശ്വാസത്തിലൂടെ ആഗ്രഹങ്ങളെ അടക്കി. ഉറക്കം അകലെയാണ്. ഇല്ലായ്മകളുടെ സ്വന്തം ഭവനത്തെ ഇരുട്ടില്‍ അയാള്‍ നോക്കി. പൂര്‍ണ്ണമായ ഇരുട്ട്. ഒരു സുഖം. വെളിച്ചമാണ് ദുഃഖം! എന്ന് ഒരു കവി പാടിയിട്ടുണ്ട ല്ലോ. കാഴ്ച മാത്രമാണോ അറിവ്. ശബ്ദങ്ങളും അറിവല്ലേ? ഓരോരുത്തരും അവരവരുടെ കാഴ്ചയുടെ, കേഴ്‌വിയുടെ ലോകത്തിലാണ്. സിസിലിയും മെഷീനുകളുടെ ശബ്ദ പ്രപഞ്ചത്തില്‍ ആയിരിക്കും. താനോ....?

അതെ നിശബ്ദതയുടെ ശബ്ദ പ്രപഞ്ചത്തില്‍! ഉള്ളില്‍ തേങ്ങലുകളുടെ താളം. മുഴങ്ങിക്കേട്ടുകൊണ്ട ിരുന്ന ഉള്‍വിളികള്‍ കെട്ടടങ്ങുകയാണല്ലോ.... ആരോ വെള്ളമൊഴിച്ചു കെടുത്തിയപോലെ. എങ്കിലും മെരുക്കപ്പെടാത്ത ചില ശബ്ദങ്ങള്‍. തേങ്ങലുകള്‍! ഇന്‍ക്വിലാബ് സിന്ദാബാദ്.... വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്.... താളത്തിലുള്ള ശബ്ദങ്ങള്‍. എവിടെയോ ബഹളം. അടി ആരോ വിളിച്ചു പറയുന്നു. എവിടെനിന്നെല്ലാമോ വന്നു വീഴുന്ന കുറുവടികള്‍: കത്തി.... ചോര. “ഓടിക്കോ....’ ആരെല്ലാമോ ഓടുന്നു. എല്ലാം കെട്ടടങ്ങിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ, കെമിസ്ട്രി ലാബിന്റെ വരാന്തയില്‍ ഭിത്തിയോടു ചേര്‍ന്നിരിയ്ക്കുന്നു. അടുത്തെവിടെയോ ഒരു ഞരക്കം. തല ഉയര്‍ത്തി നോക്കി. ദിനേശന്‍! ചോരയില്‍ കുതിര്‍ന്ന് അവന്‍ ഞരങ്ങുന്നു. അവനെ കാണാനാണ് ലാബിലേക്കു വന്നത്. ആവുന്നത്ര ഉറക്കെ വിളിച്ചു. ദിനേശാ.... അവന്‍ വിളി കേള്‍ക്കുന്നില്ല. സര്‍വ്വശക്തിയും എടുത്ത് നിരങ്ങി. അവനു ചുറ്റും ചോര തളംകെട്ടി നില്‍ക്കുന്നു. അവന്റെ അടിവയറ്റില്‍ നിന്നും ചോര ഒഴുകുന്നു. എവിടെനിന്നോ തന്നിലേക്ക് ഇരച്ചു കയറിയ ശക്തിയാല്‍ ദിനേശനെ കോരിയെടുത്ത് തന്നിലേക്കടുപ്പിച്ചു. അവന്‍ ഒന്നു കണ്ണുതുറന്നു. എന്തോ പറയാന്‍ തുറന്ന വായ് അതുപോലെ നിന്നു. അവന്റെ കണ്ണുകള്‍ തുറന്നുതന്നെ ഇരുന്നു. പിന്നീടി അവന്‍ ചലിച്ചില്ല.

ഒച്ചകള്‍, ബഹളങ്ങള്‍, ഓടി അടുക്കുന്ന കാലടികള്‍. പോലീസ്, ആശുപത്രി.... എല്ലാം ഓര്‍മ്മകള്‍. പ്രീ ഡിഗ്രിയുടെ രണ്ട ാം വര്‍ഷത്തിന്റെ പകുതിയില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍, ദിനേശന്‍ എന്ന ഒരു നല്ല കൂട്ടുകാരന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഒപ്പം ഉണ്ട ായിരുന്നു. കൂലിവേലക്കാരായ ദിനേശന്റെ അച്ഛന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പിടച്ചില്‍. അവനെ രക്തസാക്ഷിയാക്കിയ നേതാക്കന്മാരുടെ കണ്ണിലെ കൗശലം. എല്ലാം ഓര്‍മ്മയിലുണ്ട ്. കുത്തിയവന്‍ ഒന്നുമറിയാത്തവനെപ്പോലെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങി അവന്റെ ഭാവി സുരക്ഷിതമാക്കി. പ്രേരണ നല്‍കിയവര്‍ നേതാക്കന്മാരായി. നഷ്ടങ്ങള്‍ താനും തന്നെപ്പോലെയുള്ള ദിനേശന്മാരും അവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കിട്ടു.

രവിയുടെ കെ.എസ്സ്.യു. ഒരു കൊടിമരം നാട്ടിയാല്‍ തകര്‍ന്നു പോകുന്നതാണോ പ്രത്യയശാസ്ത്രം. മുരളിയോട് ആവുന്നത്ര വാദിച്ചതാണ്. മുരളി, ആയുധം മാത്രമായിരുന്നല്ലോ. ചരടിന്റെ അറ്റം കാണാമറയത്തെവിടെയോ ആയിരുന്നു. ഇന്ന് അവര്‍ ഒരു കൊടിമരം നാട്ടിയാല്‍ നാളെ അത് ജീവന്‍ വെച്ച് കോളേജു മുഴുവന്‍ കീഴടക്കം. മുളയിലെ പിഴുതെറിയുക. തന്ത്രമായിരുന്നു. രഹസ്യ അജണ്ട കള്‍ ഉണ്ട ായിരുന്നു മനസ്സിലാക്കാന്‍ വൈകി. മീറ്റിംഗില്‍ ആകുന്നത്ര പറഞ്ഞതാണ്, രാഷ്ട്രീയം ആശയ സമരത്തില്‍നിന്നു വഴുതിമാറി, ആക്രമത്തിലേക്കു പോകരുതെന്ന്. ഒരു ഗാന്ധിയന്‍ എങ്ങനെ കമ്യൂണിസ്റ്റ് ആയി, അവര്‍ പരസ്പരം നോക്കി ചിരിച്ചു. ആരാണു ദിനേശനെ കുത്തിയത്. പുറത്തറിയാത്ത ഒരു രഹസ്യം. രവിയുടെ പാര്‍ട്ടിയുടെ മേല്‍ ആരോപണം ഉന്നയിച്ചെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം മൂക്കിനു നേരെ നീളും എന്നറിയാവുന്ന പാര്‍ട്ടി കുറ്റം തെളിയിക്കാന്‍ ശ്രമിച്ചതുമില്ല. ബഹളത്തിനിടയില്‍ മുരളിയുടെ കൈയ്യില്‍ തിളങ്ങുന്ന കത്തി ഒരു മിന്നായംപോലെ ഉയര്‍ന്നു താഴുന്നതു കണ്ട താണ്. ലക്ഷ്യം രവിയായിരുന്നു. പക്ഷേ സ്വന്തം പാര്‍ട്ടിക്കാരനായ ദിനേശന്‍ ഇരയാകുകയായിരുന്നു. പിന്നെ മുരളിയെ അവിടെയെങ്ങും കണ്ട ില്ല. കുറ്റം തന്നെപ്പോലെയുള്ളവരുടെമേല്‍ ആരോപിക്കപ്പെടുകയായിരുന്നു. നേതാക്കന്മാര്‍ ഇടപെട്ടു. മുരളിയുടെ പേര് ഉച്ചരിക്കാന്‍ പാടില്ല. അതു വ്യവസ്ഥയായിരുന്നു. മുരളി കേന്ദ്രനേതൃത്വത്തിന് വേണ്ട പ്പെട്ടവനായിരുന്നു. വ്യവസ്ഥയില്‍ കേസില്‍നിന്നും രക്ഷപെട്ടു എങ്കിലും രാഷ്ട്രീയത്തിലെ അധാര്‍മ്മികതയില്‍ മനസ്സ് മടുത്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എങ്കിലും ദിനേശന്റെ അടയാത്ത കണ്ണുകളും തുറന്ന ചുണ്ട ുകളും അവിടേക്കു മടങ്ങിപ്പോകാന്‍ അനുവദിച്ചില്ല.

അമ്മച്ചിയുടെ കണ്ണില്‍ നിന്റെ പോക്ക് എങ്ങോട്ടെന്ന ചോദ്യം, സഹോദരങ്ങളുടെ സന്ദേഹം. പ്രത്യയശാസ്ത്രങ്ങള്‍ തങ്ങളുടെ ഇഷ്ടക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തുറുപ്പു ചീട്ടുകളാണെന്നുള്ള തിരിച്ചറിവിന്റെ മരവിപ്പ്. എല്ലാംകൂടി വല്ലാത്ത ഒരു കാലം. വായനശാലയില്‍ പോയി വെറുതെ പുസ്തകങ്ങളില്‍ കണ്ണുംനട്ടിരിക്കും. ജീവിതം വെറുതെ ഒലിച്ചു പോകയാണെന്ന തിരിച്ചറിവ്. ഒടുവില്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ തീരുമാനിച്ചു. വന്‍ നഗരങ്ങളായിരുന്നു മനസ്സില്‍. എങ്ങോട്ടെങ്കിലും ഓടിപ്പോകാനുള്ള ആഗ്രഹം. പെട്ടെന്നു മനസ്സിലായി അതു തനിക്കു വഴങ്ങുന്ന വഴിയല്ലെന്ന്. പക്ഷേ മഹാനഗരങ്ങളില്‍ എന്തെങ്കിലും ജോലി കിട്ടണമെങ്കില്‍ മറ്റെന്താണു വഴി? സ്വന്തം നാട്ടില്‍ ഇസങ്ങളുടെ ചുഴിയില്‍ യൗവ്വനങ്ങള്‍ പിഴുതെറിയപ്പെടുകയാണല്ലോ?

ടൈപ്പിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥലത്തെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. കുറെ വര്‍ഷങ്ങളായി ടൈപ്പു പഠിക്കുന്ന പെണ്‍കുട്ടികള്‍ തുടക്കക്കാരെ പഠിപ്പിക്കുന്നു. സാര്‍ അവരുടെ മേല്‍നോട്ടക്കാരന്‍. പത്താംതരം പാസ്സായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ ഒരാലോചന വരുന്നതുവരെയുള്ള ഒരു ഇടത്താവളം. അല്ലെങ്കില്‍ കെട്ടിക്കാന്‍ നിവൃത്തിയില്ലാത്തവന് ചോദ്യങ്ങളില്‍ നിന്നും ഒഴിവാകാന്‍ മകള്‍ പഠിക്കയാണെന്നു പറയുവാനുള്ളൊരു സ്ഥാപനം. കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടവന്‍, കുത്തുകേസ്സില്‍ പോലീസ് പിടിച്ചവന്‍ എന്ന നിലയില്‍ എല്ലാവരും തന്നെ തിരിച്ചറിഞ്ഞിരുന്നു. കുട്ടികള്‍ക്കൊക്കെ ഒരു ആരാധനാ ഭാവം. മൂന്നാലു മാസങ്ങള്‍. അക്ഷരങ്ങളുടെ സ്ഥാനം ഏകദേശം ഉറച്ചു തുടങ്ങി. കേരളത്തിലാകെ പെരുമഴയും ഉരുള്‍ പൊട്ടലും. ദുരിതത്തിലാണ്ട വരെ സഹായിക്കാന്‍ ഉദാരമതികളെത്തേടി പ്രമുഖ പത്രങ്ങള്‍. സംഭാവന കൊടുക്കുന്നവരുടെ പേര്‍ പത്രത്തില്‍ അടിച്ചു വരും എന്ന പാരിതോഷികം. ജോസിലെ മാനുഷിക മൂല്യങ്ങള്‍ ഉള്‍വിളിയായി. ഉണ്ണിത്താനെ കൂട്ടുപിടിച്ച് സാറിന്റെ അനുവാദത്തോടെ പിരിവു തുടങ്ങി. അറുനൂറ് ഒത്തു. പത്രത്തിനയയ്ക്കാന്‍ സാറിനെ ഏല്‍പ്പിച്ചു. മാസം ഒന്നു കഴിഞ്ഞിട്ടും വിവരം പത്രത്തില്‍ വന്നില്ല. ഒടുവില്‍ അറിഞ്ഞു സാറ് അത് മുക്കി. തലേരാത്രിയിലെ അനാശാസ്യത്തിന്റെ അടയാളക്കെട്ടുമായി വന്ന സാറിനോട് കലമ്പി. ആത്മാര്‍ത്ഥത എങ്ങും വിലമതിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവുമായി പടികള്‍ ഇറങ്ങി.

അല്പജ്ഞാനിയായി, അറിവുകളുടെ ലോകം തനിക്കെതിരെ നടത്തുന്ന ഗൂഡാലോചനയില്‍ മനം നൊന്ത് അയാള്‍ ആകാശങ്ങളില്‍ നിന്നും പഠിക്കാന്‍ ശ്രമിച്ചു. ഒന്നിനോടും പ്രതികരിക്കാന്‍ പാടില്ല. അനീതി എന്താണെന്നറിയാന്‍ പാടില്ല. ആരൊക്കെയോ തന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പഠിച്ചതൊക്കെ ആകാശത്തിലെ മേഘങ്ങള്‍പോലെ ചെറുകാറ്റില്‍ എങ്ങോട്ടോ പറന്നു പോകുന്നു.

ജോയിച്ചായന്‍ കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിക്ക് സ്ഥലം മാറിവന്നിട്ട് രണ്ട ു വര്‍ഷം കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ കൂടെയാണ് താമസം. ഒരു മുറി കിട്ടിയാല്‍ അറിയിക്കാം. അതായിരുന്നു പ്രതീക്ഷ. ഒടുവില്‍ അതു സംഭവിച്ചു. ഡല്‍ഹി യാത്ര ആരംഭിക്കുകയായി. തുടര്‍ച്ചയായ യാത്രകളുടെ ആരംഭമാണെന്ന് അന്ന് അറിയില്ലായിരുന്നു. ഡല്‍ഹിയിലെ ചൂട്. കിദ്വായി നഗര്‍ എന്ന മദ്ധ്യവര്‍ക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പണിതിട്ടിരിക്കുന്ന കോളനി, അവിടെ ചതുരങ്ങളാല്‍ തിരിയ്ക്കപ്പെട്ട അറകള്‍, മുകളിലത്തെ നിലയിലെ രണ്ട ു മുറികളുള്ള ഫ്‌ളാറ്റിലെ ഒരു മുറി ബീഹാറി വാടകയ്ക്കു തന്നിരിക്കയാണ്. ബീഹാറി, അഞ്ചു മക്കളും ഭാര്യയും ഒറ്റ മുറിയും അടുക്കളയും ചെറു വരാന്തയുമായി സന്തോഷമായി പരസ്പരം കലഹിക്കുന്നു. താന്‍ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക്. പഴുത്ത മേല്‍ക്കൂരയില്‍ നിന്നും വമിക്കുന്ന ആവി മുറിയാകെ തങ്ങി നില്‍ക്കുന്നു. ഭാഷ പഠിക്കുന്നവരെ പുറത്തെങ്ങും പോകാതെ, ഷോര്‍ട്ട് ഹാന്റെഴുതിപ്പഠിക്കാന്‍ ജോയിച്ചായന്‍ വെള്ളക്കടലാസും പെന്‍സിലും കരുതിയിരുന്നു. വഴി മാറി നടക്കുന്ന സഹോദരനെ രക്ഷപെടുത്താനുള്ള മോഹം. വരകളില്‍ ഒളിഞ്ഞിരിക്കുന്ന അക്ഷരപ്പൊരുള്‍ തിരിച്ചറിയാതെ വരകളെ ബന്ധിപ്പിച്ചപ്പോള്‍ അതു ചിത്രമായി. എവിടെനിന്നോ  സലില മനസ്സില്‍ ഉദയം ചെയ്തു. ചൂടിന്റെ അസഹ്യതയില്‍ അവള്‍ ഒരു കുളിരായി തന്നെ പൊതിഞ്ഞു. ഇരുപതുകാരന്റെ കൂട്ടായി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക