Image

കന്യാസ്ത്രീ നിശ്ശബ്ദത പാലിച്ചത് ജീവഭയത്താലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Published on 22 September, 2018
കന്യാസ്ത്രീ  നിശ്ശബ്ദത പാലിച്ചത് ജീവഭയത്താലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതിക്കാരി ആദ്യം നിശ്ശബ്ദത പാലിച്ചത് ജീവഭയത്താലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടതായും പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷത്തിനിടെ 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറവിലങ്ങാട് മഠത്തില്‍ എത്തിയായിരുന്നു 13 തവണയും പീഡിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തടങ്കലില്‍വെച്ചായിരുന്നു കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. അധികാരമുപയോഗിച്ചായിരുന്നു ചൂഷണം. പുറത്തുപറയാതിരിക്കാനും ഭീഷണിപ്പെടുത്തി. പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയയാക്കി. എതിര്‍ത്താല്‍ സഭ വിടേണ്ടിവരുമെന്ന കന്യാസ്ത്രീയുടെ അവസ്ഥ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നല്‍കി പരാതി അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. കടുത്ത ഭീഷണി കന്യാസ്ത്രീക്ക് നേരിടേണ്ടിവന്നു. ഇത് കാരണമാണ് കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണ് പരാതി നല്‍കാന്‍ തയാറായത്. പീഡിപ്പിച്ച സമയങ്ങളില്‍ പ്രതി ഉപയോഗിച്ച വസ്ത്രങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ അടക്കം കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണം. ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക