Image

ഫ്രാങ്കോയുടെ വൈദ്യപരിശോധന കഴിഞ്ഞു; ഞായറാഴ്ച അതിരാവിലെ മഠത്തില്‍ തെളിവെടുപ്പ്

Published on 22 September, 2018
ഫ്രാങ്കോയുടെ വൈദ്യപരിശോധന കഴിഞ്ഞു; ഞായറാഴ്ച അതിരാവിലെ മഠത്തില്‍ തെളിവെടുപ്പ്

കോട്ടയം: പോലീസ് കസ്റ്റഡിയിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും. ബലാല്‍സംഗം നടന്നതായി പരാതിയില്‍ പറയുന്ന ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.  അതിരാവിലെ തന്നെ തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 

രാവിലെ എട്ടരയോടെ ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും. ആ സമയത്ത് മഠത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് കന്യാസ്ത്രീകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുകയാണ് പോലീസ് ലക്ഷ്യം. ഉണ്ടാവാനിടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാകും പോലീസ് ഒരുക്കുക.  

ബിഷപ്പിനെ ഇപ്പോള്‍ കോട്ടയം പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത് വരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു. സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക