Image

ലണ്ടന്‍ മലയാളി രാജീവ് ഔസേപ്പിന് ഫിന്നിഷ് ഓപ്പണ്‍

ജോസ് കുമ്പിളുവേലില്‍ Published on 03 April, 2012
ലണ്ടന്‍ മലയാളി രാജീവ് ഔസേപ്പിന് ഫിന്നിഷ് ഓപ്പണ്‍
ലണ്ടന്‍: ലണ്ടന്‍ മലയാളി രാജീവ് ഔസേപ്പിന് ഈ സീസണിലെ മൂന്നാം കിരീടം. ഫിന്നിഷ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ സ്വീഡന്റെ ഹെന്റി ഹര്‍സ്‌കൈനനെ 21-18, 16-21, 21-18 എന്ന സ്‌കോറിനാണ് രാജീവ് മറികടന്നത്. 

ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ താരമായ രാജീവിന് ഫൈനലില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. ആദ്യ ഗെയിം പിന്നില്‍നിന്നു തിരിച്ചടിച്ചു നേടിയെങ്കിലും രണ്ടാം ഗെയിം എതിരാളിക്ക് അടിയറവയ്‌ക്കേണ്ടി വന്നു രാജീവിന്. നിര്‍ണായക മൂന്നാം സെറ്റില്‍ ഉജ്ജ്വലമായി പോരാടി തിരിച്ചുവരികയായിരുന്നു മലയാളിയായ ഇംഗ്ലീഷ് താരം.

ഒളിമ്പിക്‌സില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കാന്‍ രാജീവ് നേരത്തേ യോഗ്യത നേടിയിരുന്നു. 2010ല്‍ യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ചാംപ്യനായിരുന്നു രാജീവ്. ഫിന്‍ലന്‍ഡിലെ വിജയം ഈ ഇരുപത്തഞ്ചുകാരന് നാലായിരം റാങ്കിംഗ് പോയിന്റാണ് സമ്മാനിച്ചിരിക്കുന്നത്.സ്‌കോട്ട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും നടന്ന ടൂര്‍ണമെന്റുകളില്‍ ഈ സീസണില്‍ രാജീവ് കിരീടം സ്വന്തമാക്കിയിരുന്നു. 

ലണ്ടന്‍ ഒളിംമ്പിക്‌സ് നേടാമെന്ന സ്വപ്‌സാഫല്യത്തില്‍ കഴിയുകയാണ് രാജീവ് ഔസേപ്പ്. 2010 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും അതേവര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്ഥാനവും രാജീവ് നേടിയിരുന്നു. 2010ല്‍ 11ാം റാങ്ക് വരെ നേടിയിരുന്ന രാജീവിന്റെ ഇപ്പോഴത്തെ റാങ്ക് 25 ാം സ്ഥാനത്താണ്.

തൃശൂരിലെ തേറാട്ടില്‍ കുടുംബാംഗമാണ്് രാജീവ്. പിതാവ് ജോസഫും മാതാവ് ആശയും കഴിഞ്ഞ 34 വര്‍ഷമായി ലണ്ടനില്‍ ഹണ്‍സ്‌ലോയില്‍ താമസിയ്ക്കുന്നു. താലിസ് ഏയ്‌റോ സ്‌പേസില്‍ റെയ്ഡര്‍ സിസ്റ്റം എന്‍ജിനീയറാണ് ജോസഫ്. മാതാവ് ആശ കസ്റ്റംസ് ആന്റ് എക്‌സൈസില്‍ ജോലി ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക