Image

ചാരക്കേസ്‌ ചോദ്യംചെയ്യലിനിടെ ആര്‍.ബി.ശ്രീകുമാര്‍ കസേരയെടുത്ത്‌ തന്നെ അടിച്ചുവെന്ന്‌ മറിയം റഷീദ

Published on 24 September, 2018
ചാരക്കേസ്‌ ചോദ്യംചെയ്യലിനിടെ ആര്‍.ബി.ശ്രീകുമാര്‍ കസേരയെടുത്ത്‌ തന്നെ അടിച്ചുവെന്ന്‌ മറിയം റഷീദ
ചെന്നൈ: ഐ.എസ്‌.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട്‌ അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ ജോയിന്റ്‌ ഡയറക്ടറായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന്‌ മറിയം റഷീദ. ചോദ്യംചെയ്യലിനിടെ ശ്രീകുമാര്‍ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത്‌ തന്നെ അടിക്കുകയായിരുന്നുവെന്ന്‌ മറിയം റഷീദയെ ഉദ്ധരിച്ച്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

'ശ്രീകുമാറും സംഘവും രണ്ട്‌ പേരുടെ ചിത്രങ്ങള്‍ എന്നെ കാണിച്ച ശേഷം അവരെ അറിയുമോയെന്ന്‌ ചോദിച്ചു. ഐ.എസ്‌.ആര്‍.ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പിനാരായണന്റേയും അന്ന്‌ ഐ.ജിയായിരുന്ന രമണ്‍ശ്രീവാസ്‌തവയുടേയും ചിത്രങ്ങളായിരുന്നു അത്‌. അറിയില്ലെന്ന്‌ മറുപടി നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥരിലൊരാള്‍ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത്‌ എന്റെ കാലില്‍ അടിച്ചു.'

23 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതേ ഉദ്യോഗസ്ഥന്‍ ടെലിവിഷന്‍ ചാനലില്‍ ഇരുന്ന്‌ ചാരക്കേസ്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്‌ ഞാന്‍ കണ്ടു. അപ്പോഴാണ്‌ തന്നെ മര്‍ദ്ദിച്ചത്‌ ശ്രീകുമാറാണെന്ന്‌ മനസിലായതെന്നും മറിയം റഷീദ പറയുന്നു.

ചാരക്കേസ്‌ അന്വേഷിച്ച മുന്‍ എ.ഡി.ജി.പി സിബി മാത്യൂസ്‌, മുന്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍ എസ്‌. വിജയന്‍ എന്നിവരും തന്നെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി മറിയം റഷീദ്‌ നേരത്തെ ആരോപിച്ചിരുന്നു.

തന്റെ അഭിഭാഷകനോട്‌ സംസാരിക്കാന്‍ പോലും പൊലീസുകാര്‍ സമ്മതിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക