Image

സംവരണം: എന്‍എസ്‌എസ് ഹര്‍ജിയില്‍തിരിച്ചടി

Published on 24 September, 2018
സംവരണം:  എന്‍എസ്‌എസ്  ഹര്‍ജിയില്‍തിരിച്ചടി

ജാതി അടിസ്ഥാനത്തില്‍ പിന്നാക്കാവസ്ഥ നിര്‍ണയിച്ചുള്ള സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്‌എസ്) നല്‍കിയ ഹര്‍ജിയില്‍ എന്‍എസ്‌എസിന് തിരിച്ചടി. ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഇതേതുടര്‍ന്ന് എന്‍എസ്‌എസ് ഹര്‍ജി പിന്‍വലിച്ചു. വേണമെങ്കില്‍ എന്‍എസ്‌എസിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്. സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും പിന്നോക്ക വിഭാഗക്കാരിലെ സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്തിനുള്ള കേരളത്തിലെ നടപടികള്‍ തല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു എന്‍.എസ്.എസിന്റെ ആവശ്യം.

കേരളത്തില്‍ ആറുപത് വര്‍ഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹര്‍ജിയില്‍ എന്‍.എസ്.എസ് പറഞ്ഞിരുന്നു. ജാതികള്‍ക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങള്‍ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം നാഗരാജ് കേസില്‍ കോടതി നിര്‍ദ്ദേശിച്ച സ്ഥിതി വിവര ശേഖരണം പൂര്‍ത്തിയാകുന്നത് വരെ പിന്നോക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ നല്‍കിയിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക