Image

പോലീസ് വസ്ത്രം ബലമായി ഊരിവാങ്ങിയെന്ന് ബിഷപ്പിന്റെ ആരോപണം; ഇല്ലെന്ന് പോലീസ്

Published on 24 September, 2018
പോലീസ് വസ്ത്രം ബലമായി ഊരിവാങ്ങിയെന്ന് ബിഷപ്പിന്റെ ആരോപണം; ഇല്ലെന്ന് പോലീസ്

കോട്ടയം: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ താന്‍ ധരിച്ചിരുന്ന വസ്ത്രം പോലീസ് ബലമായി ഊരിവാങ്ങിയെന്ന ആരോപണമാണ് ഉന്നയിച്ചത്. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പരാതി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമ്പോഴാണ് തനിക്ക് പരാതി ഉന്നയിക്കാനുണ്ടെന്ന് ഫ്രാങ്കോ അറിയിച്ചത്. എന്താണെന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞപ്പോഴാണ് ബിഷപ്പിന്റെ വസ്ത്രം പോലീസ് അഴിച്ചുമാറ്റിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചത്. 

ഈ വസ്ത്രത്തില്‍ ബിഷപ്പിന്റെ തലമുടിയോ വിയര്‍പ്പോ, ഡി.എന്‍.എ പരിശോധനയ്ക്ക് കഴിയുന്ന എന്തെങ്കിലും കാണുമെന്നും ഇത് തെളിവുകള്‍ കൃത്രിമമായി  ഉണ്ടാക്കാനാണെന്നു സംശയിക്കുന്നതായും ബിഷപ്പ് കോടതിയില്‍ പറഞ്ഞു. ബിഷപ്പ് അക്കാലത്ത് ഉപയോഗിച്ച വസ്ത്രം വേണമെങ്കില്‍ ജലന്ധറില്‍ പോയി കണ്ടെടുക്കണമെന്നും അതിന് ബിഷപ്പിന്റെ അനുമതി വേണമെന്നും അഭിഭാഷകന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലും പോലീസിനെതിരെ സമാനമായ ആരോപണം ബിഷപ്പ് ഫ്രാങ്കോ ഉന്നയിച്ചിരുന്നു. പോലീസ് ബലമായി തന്റെ ഉമിനീരും രക്തവും എടുത്തുവെന്നായിരുന്നു ആരോപണം. 

അതേസമയം, ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്കു ശേഷം പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക