Image

ക്രിമിനല്‍ കേസ്‌ അയോഗ്യതയല്ല: സുപ്രീം കോടതി

Published on 25 September, 2018
ക്രിമിനല്‍ കേസ്‌ അയോഗ്യതയല്ല: സുപ്രീം കോടതി


ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാനാകില്ലെന്ന്‌ സുപ്രീം കോടതി. ക്രിമിനല്‍ കേസുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ തടയാന്‍ പാര്‍ലമെന്റ്‌ നിയമം കൊണ്ടുവരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട്‌ അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാദ്ധ്യായ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ ഉത്തരവിറക്കിയത്‌. നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ ആറ്‌ വര്‍ഷത്തെ വിലക്ക്‌ മാത്രമേ ഉള്ളൂ. എന്നാല്‍, ഇവര്‍ക്ക്‌ രാഷ്ട്രീയപാര്‍ട്ടിയെ നയിക്കുന്നതിന്‌ തടസങ്ങളുമില്ല.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ അയോഗ്യരാക്കാന്‍ കോടതിക്ക്‌ കഴിയില്ല. തങ്ങളെ ഭരിക്കേണ്ടത്‌ നല്ല ആള്‍ക്കാരാണെന്ന്‌ ഉറപ്പ്‌ വരുത്താനുള്ള അവകാശം സമൂഹത്തിനുണ്ട്‌. അതിനാല്‍ തന്നെ ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിന്ന്‌ മാറ്റി നിര്‍ത്തേണ്ടത്‌ പാര്‍ലമെന്റിന്റെ ചുമതലയാണ്‌. ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരാം. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അയാളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച്‌ നാമനിര്‍ദ്ദേശപത്രികയില്‍ കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടികള്‍ വെബ്‌സൈറ്റ്‌ വഴി പുറത്ത്‌ വിടണം.

ടെലിവിഷന്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ ആര്‍.എഫ്‌.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്‌, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടിയടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

അതേസമയം അഞ്ച്‌ വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ കിട്ടാവുന്ന കേസില്‍ ഉള്‍പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ വിലക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക