Image

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നവീകരണവുമായി സ്മിത റൂസീക്ക

Published on 25 September, 2018
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നവീകരണവുമായി സ്മിത റൂസീക്ക
ബാള്‍ട്ടിമോര്‍: ലോകപ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ്‌സ് ലൈഫ് ഡീനായി കഴിഞ്ഞ ആഗസ്റ്റില്‍ ചുമതലയേറ്റ ഇന്ത്യന്‍ വംശജ ഡോ. സ്മിത റൂസീക്ക സമാനതകളില്ലാത്ത പാഠ്യേതര യജ്ഞവുമായി രംഗത്ത്. വിദ്യാര്‍ത്ഥി സംഘടനകളുടെ വൈവിധ്യത്തിനും ഉള്‍ച്ചേര്‍ക്കലിനുമായി തന്റെ ഔദ്യോഗിക പ്രവര്‍ത്തന കാലാവധി ഉപയോഗിക്കുമെന്ന് ഡോ. സ്മിത പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെ സമഗ്രമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ നിരവധി സേവന പരിപാടികള്‍ക്കും വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കിയിരിക്കുകയാണ് അവര്‍. വിദ്യാര്‍ത്ഥികളുടെ നേതൃത്വവും പങ്കാളിത്തവും, വൈവിധ്യവും ഉള്‍ച്ചേര്‍ക്കലും, ആരോഗ്യവും സൗഖ്യവും, ഗാര്‍ഹിക ജീവിതം, ക്രൈസിസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് ഡോ. സ്മിത റൂസീക്ക തന്റെ വിദ്യാര്‍ത്ഥികളെ നാളത്തെ ഉത്തമ പൗരന്മാരായി വികസിപ്പിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ശബ്ദമായി നിലകൊണ്ട് അവരെ പ്രവര്‍ത്തനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോ. സ്മിത പറഞ്ഞു. പഠനത്തിനു പുറമേ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മേന്മ കൈവരുത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. 

''ലോകത്തെ ഏറ്റവും പുരാതനമായ ഈ യൂണിവേഴ്‌സിറ്റിയുടെ ക്ലാസ്സ് റൂമുകളില്‍ നിന്ന് മാറി പുറം ലോകത്തും വിദ്യാര്‍ത്ഥികള്‍ സമൂഹ നന്മയ്ക്കു വേണ്ടി സേവനം ചെയ്യേണ്ടതുണ്ട്. നാനാത്വം, ഉള്‍ച്ചേര്‍ക്കല്‍, വിദ്യാര്‍ത്ഥികളുടെ നേതൃത്വം എല്ലാം എന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ മനോവീര്യം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി എല്ലാ മാര്‍ഗങ്ങളും തേടും. അതുപോലെ തന്നെ ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ എപ്രകാരം മറ്റുള്ളവരെ തങ്ങളുടെ ഹൃദയത്തിലേറ്റി സൗഹൃദത്തിന്റെ മേഖല കണ്ടെത്തുമെന്നും അറിയണം. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യത്തിലും സമ്മര്‍ദങ്ങളെ അതിജീവിക്കുവാനുള്ള അവരുടെ കഴിവിലും ശ്രദ്ധ കേന്ദ്രീകരിക്കും.'' ഡോ. സ്മിത വിശദീകരിച്ചു. 

''വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം സംബന്ധിച്ച കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ യൂണിവേഴ്‌സിറ്റിയില്‍ ആവശ്യത്തിന് കൗണ്‍സിലര്‍മാരും മാനസിക ആരോഗ്യ വിഭവങ്ങളുമുണ്ട്. ദുഖം മറന്ന് ചിരിക്കുവാനും ശുഭാപ്തിവിശ്വാസത്തോടെ പെരുമാറാനുമുള്ള മാനസികമായ ശക്തി വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. പഠനത്തിന്റെ അധിക ഭാരം കുറയ്ക്കുകയും ഇതരകാര്യങ്ങളില്‍ അവരെ കൂടുതല്‍ ഉള്‍പ്പെടുത്തി ഊര്‍ജ്വസ്വലരാക്കുകയും വേണം.'' തന്റെ പ്രവര്‍ത്തന പരിപാടികള്‍ ഡോ. സ്മിത റൂസീക്ക ഇപ്രകാരം ക്രോഡീകരിക്കുന്നു. 

ജോണ്‍സ് ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എത്തും മുമ്പ് ഡോ. സ്മിത റൂസീക്ക തുലാന്‍ യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസ് ലൈഫിന്റെ വൈസ് പ്രസിഡന്റായിരുന്നു. അവിടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള നേതൃപരിശീലനം, നവീകരണം, വിദ്യാര്‍ത്ഥി സംഘടനാ നിര്‍വഹണം, സഹോദരീ സഖ്യം, സൗഹൃദ ജീവിതം തുടങ്ങി നിരവധി പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ഡോ. സ്മിത നേതൃത്വം നല്‍കി വിജയിച്ചിട്ടുണ്ട്. ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലും നിരവധി നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നവീകരണവുമായി സ്മിത റൂസീക്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക