Image

സര്‍ക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്

Published on 26 September, 2018
സര്‍ക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്

 പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ച പുതിയ മൂന്ന് ബ്രൂവറികളുടേയും ഒരു ഡിസ്റ്റലറിയുടേയും പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ചെന്നിത്തലയുടെ ആരോപണം. രഹസ്യമായിട്ടാണ് സര്‍ക്കാര്‍ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ അഴിമതി നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ എവിടെയും ചര്‍ച്ച നടത്തിയിട്ടില്ല. മന്ത്രിസഭാ യോഗത്തിലോ ബജറ്റ് പ്രസംഗത്തിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ഇടത് മുന്നണിക്കുളളിലോ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റിലറി അനുവദിക്കുന്നത്. അനുമതി ലഭിച്ച നാല് പേര്‍ ഒഴികെ മറ്റാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഇത്തരമൊരു ഉത്തരവ് കാണാനില്ല. പത്രത്തില്‍ പരസ്യം നല്‍കി സുതാര്യമായി അനുവദിക്കേതിന് പകരമാണ് ഈ രഹസ്യ ഇടപാടുകളെന്നും ചെന്നിത്തല ആരോപിച്ചു.

ഈ ഉത്തരവില്‍ ഒപ്പ് വെച്ചത് എക്‌സൈസ് മന്ത്രിയാണോ അതോ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ എന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിക്കും പാര്‍ട്ടിക്കും ഈ ഇടപാടില്‍ എത്ര കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു. കണ്ണൂരിലേയും തൃശൂരിലേയും രണ്ട് ഡിസ്റ്റിലറികളുടെ ഉത്പാദന ശേഷി വര്‍ധിപ്പിച്ച്‌ കൊടുത്തതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചെന്നിത്തലയുടെ ആരോപണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക