Image

ബിന്ദു ടിജിയുടെ കവിതയിലെ രാസമാറ്റങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 27 September, 2018
ബിന്ദു ടിജിയുടെ കവിതയിലെ രാസമാറ്റങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)
ബിന്ദു ടിജിയുടെ രാസമാറ്റം എന്ന കവിതാസമാഹാരത്തിലെ ഒന്ന് മുതല്‍ പതിനാറു വരെയുള്ള കവിതകള്‍ ഒഴിച്ച് പതിനേഴു മുതല്‍ എണ്പത്തിയൊന്നു വരെയുള്ള കവിതകള്‍ വായിച്ചു. ഉള്ളടക്കം തയ്യാറാക്കിയവര്‍ കവിതകളുടെ പേജ് നമ്പറാണ് കൊടുത്തത്. അതുകൊണ്ട് കവിതകള്‍ ഒന്ന് മുതലല്ല മറിച്ച് പതിനേഴ് മുതലാണെന്നു വായനക്കാരന്‍ ശങ്കിക്കും. അതുകൊണ്ട് എണ്പത്തിയൊന്നു കവിതകളല്ല നാല്പത്തിയേഴു കവിതകളാണുള്ളത്.

വളരെ ഇഷ്ടപ്പെട്ടത് ആണ്‍വായന, പ്രാണന്‍ പൂക്കുന്ന ചില്ലകള്‍, നിഴലുകള്‍ പിറക്കുമ്പോള്‍, സഹയാത്രികര്‍., പ്രണയമേ, അനുരാഗമേ.. തെളിവാനമേ, ചരക്ക് വണ്ടികള്‍, കടല്‍മല്‍സ്യം, യാത്ര, ഡിസംബറിലെ കാഴ്ച്ചകള്‍, നീയും ഞാനും,വലിയ മുക്കുവന്റെ പെണ്ണ്, അതിഥി, മാന്ത്രിക വീട്
കവിതകള്‍ എല്ലാം തന്നെ സുഖകരമായി വായിച്ചുപോകാവുന്നയാണ്. ശ്രീമതി ബിന്ദുവിന്റെ ഓരോ കവിതയിലും ആശയങ്ങള്‍ പ്രകടിപ്പിക്കുന്നത് വിവരണങ്ങളിലൂടെയാണ്. വിവരണങ്ങള്‍ക്ക് ബിംബങ്ങളുടെ രൂപം കൈവരുന്നു. വികാരങ്ങളെ വാക്കുകള്‍കൊണ്ട് വിവരിക്കുമ്പോള്‍ തന്നെ അവയിലൂടെ ബിംബങ്ങള്‍ പ്രതിബിംബിക്കുന്നു. സൂസന്‍ സൊന്‍ടാഗ് അവരുടെ ഒരു പ്രബന്ധത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. കവിത കവിതയെ സ്‌നേഹിക്കുന്നവര്‍ക്കുള്ളതാണ് അല്ലാതെ ക്രിപ്‌റ്റോളജിസ്റ്റിനുള്ളതല്ല (Cryptologist) ക്രിപ്‌റ്റോളജി എന്ന് പറയുന്നത് രഹസ്യ കോഡുകള്‍ ഉണ്ടാക്കുകയോ അവ മനസ്സിലാക്കുകയോ ചെയ്യുന്ന കലയാണ്. ശ്രീമതി ബിന്ദുവിന്റെ കവിതകളില്‍ അങ്ങനെ രഹസ്യ കോഡുകള്‍ ഇല്ല. കവിതയിലെ ബിംബങ്ങള്‍ എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് മനസ്സിലാകാത്ത വായനക്കാരനും തന്മൂലം കവിത ആസ്വദിക്കാന്‍ കഴിയും. ദുരൂഹതകള്‍ നല്‍കാത്ത ആവിഷ്കാരം. അത് ബിന്ദുവിന്റെ കവിതകളെ കൂടുതല്‍ സ്വീകാര്യമാക്കുന്നു.

ദൃശ്യവര്‍ണ്ണനയുടെ (visual depiction) പൊലിമ കവിതകളിലൂടനീളം വളരെ പ്രകടമായി കാണാം. ജീവിതത്തെ സ്‌നേഹിക്കുന്ന കവയിത്രിയെ നമ്മള്‍ കാണുന്നു. കവിയുടെ സ്വകാര്യത അനാവരണം ചെയ്യുന്ന ശുഭമുഹൂര്‍ത്തങ്ങളില്‍ പൂത്തുലയുന്ന വാക്കുകളുടെ ഭംഗി. അതെ, അവരുടെ സ്വതന്ത്ര നിമിഷങ്ങളിലെ ഏകാഗ്രതയില്‍ മനസ്സിനെ അടിമയാക്കുന്ന കാഴ്ച്ചകള്‍, അവയുടെ പ്രചോദനം വരികളിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു. പ്രണയാര്‍ദ്രമായ ഓര്‍മ്മകളോ, ഗൃഹാതുരത്വമോ, തിരിച്ച്കിട്ടാത്ത സ്‌നേഹത്തിന്റെ വിഷാദമോ ആധുനികതയുടെ മറവില്‍ രചിക്കപ്പെടുന്ന കവിതകളില്‍ അപൂര്‍വമാണ്. എന്നാല്‍ ശ്രീമതി ബിന്ദു അത്തരം വികാരങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് കാല്‍പ്പനികതയുടെ അതിപ്രസരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബിംബങ്ങള്‍ യഥേഷ്ടം കലര്‍ത്തി രചന നിര്‍വഹിക്കുന്നു. കാല്പനികം എന്ന പേരില്‍ ഒരു കവിത തന്നെയുണ്ട് ഈ സമാഹാരത്തില്‍. ബുദ്ധിപരമായ ചിന്തകള്‍ പകരുന്ന അനുഭവങ്ങളുടെ കലര്‍പ്പില്ലാത്ത പകര്‍പ്പുകള്‍. എല്ലാ വാക്കുകളും വായനക്കാരന് സുപരിചിതമെങ്കിലും അവ കൂട്ടിച്ചേര്‍ത്ത് വ്യജ്ഞിപ്പിക്കുന്ന വാങ്മയ ചിത്രങ്ങള്‍ അവന്റെ ആസ്വാദനതലത്തെ താലോലിക്കാന്‍ പര്യാപ്തമാണ്.

"അക്ഷരങ്ങളില്‍ നിന്നും സ്വപ്നങ്ങളെ അടര്‍ത്തി മാറ്റുന്ന" ഒരു രാസവിദ്യ (രാസമാറ്റം എന്ന കവിത) ബിന്ദുവിന് വശമാണ്.നിരവധി ബിംബങ്ങള്‍ തന്മൂലം അവരുടെ കവിതകളില്‍ നിറയുന്നു. ഒരു ബിംബം മറ്റേ ബിംബത്തെ ജനിപ്പിക്കുന്നു. കടല്‍മല്‍സ്യം എന്ന കവിതയില്‍ കര കടലിനോട് പറയുന്നു എന്നെ ഇടക്കിടെ നനയ്ക്കുക. മത്സ്യത്തെ ഫലസമൃദ്ധിയുടെ (fertiltiy )പ്രതീകമായിട്ടാണ് കാണുന്നത്. ഗ്രീക്ക് റോമന്‍ പുരാണങ്ങളില്‍ മീനിനെ രൂപാന്തരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പ്രതീകമായും കാണുന്നു. കടലിലെ വെള്ളത്തിനു രതിയുടെ ഉപ്പു രസവും. ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്ന മല്‍സ്യങ്ങളെപോലെ കവയിത്രി അപ്രത്യക്ഷയാകുന്നു. 

വായനക്കാരന്റെ മുന്നില്‍ ഓരോ ബിംബങ്ങളും ഓരോ കാഴ്ച്ചകളും ഉള്‍ക്കാഴ്ച്ചകളും നല്‍കുന്നു. ചുറ്റിലും കാണുന്ന ദൃശ്യങ്ങളെ വാക്കുകളില്‍ ഒതുക്കുമ്പോള്‍ അവയ്ക്ക് ഒരു പുതിയ രൂപം കൈവരുന്നു. ഒരു രാസമാറ്റം സംഭവിക്കുന്നു. രാസമാറ്റം എന്നത് യഥാര്‍ത്ഥത്തില്‍ നിലവിലുള്ള രാസബന്ധങ്ങള്‍ മുറിക്കപ്പെടുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്. ഇവ വീണ്ടും രാസവിയോജനത്തിലൂടെ ഒന്നോ രണ്ടോ പദാര്‍ത്ഥമായി പരിണമിക്കുന്നു. ഇത് വീണ്ടും പഴയ രൂപത്തില്‍ ആക്കാന്‍ കഴിയുന്നില്ല. ബിന്ദുവിന്റെ കവിത സമാഹാരത്തിനു രാസമാറ്റം എന്ന പേര് വളരെ അനുയോജ്യമാകുന്നു. അവരുടെ കാവ്യപരീക്ഷണങ്ങള്‍ കവിതയില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. 


ആധുനികതയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും കാല്‍പ്പനികതയുടെ കൈവിരലില്‍ തൂങ്ങി നില്‍ക്കാന്‍ കൊതിക്കുന്ന കവി മനസ്സ്. അവരുടെ വരികള്‍ വായിക്കുക. “കവിതയൊഴുകുന്നു, കടലിനോട് ഉപ്പും, തീരത്തോട് മോഹവും, മാനത്തോട് മൗനവും പുഴയോട് അഴകും വാങ്ങി”
(പ്രവാസി പുറം 32) “കണ്ണുകള്‍ കണ്ടിട്ടില്ലാത്ത സൗന്ദര്യവും കാതുകള്‍ കേട്ടിട്ടില്ലാത്ത സിംഫണിയും സമ്മാനിച്ച് എന്റെ നൊമ്പരങ്ങളൊപ്പിയെടുത്ത് മേനിയിലാകമാനം അവന്റെ പ്രണയം പൂത്ത വിരലുകളിഴഞ്ഞു” (വലിയ മുക്കുവന്റെ പെണ്ണ് പുറം 33). തിരിച്ച്കിട്ടാതെ പോയ ഒരു പ്രണയത്തിന്റെ മോഹങ്ങള്‍ കവിതയായി ഒഴുകുന്നു. ഒഴുകുന്നുവെന്നു ആലങ്കാരികമായി പറയുമ്പോഴും അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുക തന്നെയല്ലേ. മുഗ്ദ്ധാനുരാഗത്തിന്റെ ഇളനീര്‍ പരന്നൊഴുകുന്ന കാവ്യതളികകളില്‍ മുഖം നോക്കുന്ന വായനക്കാരനില്‍ പ്രണയാനുഭൂതികള്‍ തികട്ടി തുളുമ്പുന്നു. 

കൊത്തി മിനുക്കിയ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കാവ്യശില്‍പ്പങ്ങള്‍ ഹൃദയാവര്‍ജ്ജകങ്ങളാണ്. പിടിതരാതെ മറയുന്ന പ്രണയചിന്തകള്‍ (നീയും ഞാനും പുറം 35 ) പുസ്തകതാളില്‍ നിന്ന് ഫെയ്‌സ്ബുക്കിലേക്ക് (പരിഭാഷ 28,29) നീളുന്ന ആധുനിക പ്രേമം, പാല്‍ നിലാവിലും, പൊന്നാമ്പല്‍പൊയ്കയിലും കാമുകനെ തിരയുന്ന പെണ്‍മാനസം (അതിഥി പുറം 36) കേള്‍ക്കാത്ത രാഗത്തില്‍ എന്നാല്‍ കാതില്‍ നിറയുന്ന മന്ത്രങ്ങള്‍ (അനുരാഗമേ തെളിവാനമേ പുറം 37 ) മണ്ണിലും മനസ്സിലും മഴയായ് പെയ്യുന്ന പകല്‍ക്കിനാവായി പ്രേമം (മിന്നുന്ന മോഹങ്ങള്‍ പുറം 39) ചുംബിച്ചുണര്‍ത്തുന്ന പ്രണയവേരുകള്‍ (പ്രണയവേരുകള്‍ പുറം 62) പെയ്തിറങ്ങാന്‍ നിറഞ്ഞലിയുവാനാ സ്‌നേഹതീര്‍ത്ഥത്തില്‍ (കാത്തിരുപ്പ് പുറം 67) പൊള്ളിക്കാതെ പ്രണയിച്ചതിനാലാവാം നക്ഷത്രക്കുഞ്ഞുങ്ങള്‍ നിലാവിനെ ഭയപ്പെടാത്തത് (പ്രണയചിന്തുകള്‍ പുറം 71).ഈ കവിതകളില്‍ എല്ലാം കവി മനസ്സിലെ പ്രണയസങ്കല്പങ്ങളുടെ മനോഹാരിത ഓളം വെട്ടുന്നത് കാണാം. പ്രണയം കടലാസ്സില്‍ പകര്‍ത്തണമെങ്കില്‍ ഹൃദയത്തില്‍ ഒരു പ്രണയസാഗരം അല തല്ലണം.

കവിയെ പ്രവാസിയോട് ഉപമിക്കുന്നു കവയിത്രി. പ്രവാസികള്‍ സ്വന്തം വീട് വിട്ട് അന്യദേശങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍. കവികള്‍ ഭൂമിയില്‍ മാത്രമല്ല എല്ലായിടത്തും പ്രവാസികളായി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍. കാരണം അവര്‍ എന്തോ തേടുന്നു; തേടിയത് കിട്ടുമ്പോള്‍ വീണ്ടും അവരുടെ പ്രയാണം. അവരെ തോല്‍പ്പിക്കാനാവില്ല. കൊല്ലാനേ പറ്റു എന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. അവരില്‍ ചിലര്‍ അപ്പൂപ്പന്‍ താടികളെപോലെ മുളക്കാന്‍ നനവുള്ള മണ്ണുതേടുന്ന വിത്തും പേറി അവസാനം കനം പോരായെന്നു മനസ്സിലാക്കുമ്പോള്‍ വിത്ത് മുളപൊട്ടുന്ന മണ്ണില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നു.

ചില കവിതകളില്‍ ഒരു ദാര്‍ശനിക തലം ഉരുത്തിരിഞ്ഞ് വരുന്നത് കാണാം. വാര്‍ദ്ധക്യത്തില്‍ അനാഥത്വത്തിന്റെ അരക്ഷിതാബോധം അനുഭവപ്പെടുന്ന സ്ത്രീജന്മത്തിന്റെ ഒരു ശോകഛായ പടര്‍ത്തുകയാണ് പെണ്‍കിളി എന്ന കവിതയില്‍. എല്ലാം കഴിയുമ്പോള്‍ അവള്‍ വീണ്ടും വീടിന്റെ ഉമ്മറത്തേക്ക് വലിച്ചെറിയപ്പെടുന്നു. അവളെ ആവശ്യമുള്ളകാലം വരെ ഉയരങ്ങളില്‍ നിര്‍ത്തുന്നു. കവികള്‍ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മ്മാതാക്കള്‍ ആണെന്ന് ആംഗല കവി ഷെല്ലി അദ്ദേഹത്തിന്റെ കവിതയില്‍ എഴുതിയിട്ടുണ്ട്. ശ്രീമതി ബിന്ദുവിന്റെ കവിതകളില്‍ സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടാന്‍ വെമ്പല്‍കൊള്ളുന്ന ഒരു മനസ്സിന്റെ വ്യഥകള്‍ വിശ്വസനീയമാം വണ്ണം ചിത്രീകരിച്ചിട്ടുണ്ട്.. 

ചില സമൂഹ സംവിധാനങ്ങള്‍ മാറ്റപ്പെടണം എന്ന ഉത്കൃഷ്ട ചിന്ത അവര്‍ ഉല്‍ക്കടമായ ആവേശത്തോടെ എഴുതുന്നു. ഇരുള്‍ വാഴും കോവില്‍ എന്ന കവിത ധാര്‍മ്മിക രോഷത്തിന്റെ ജ്വാലകള്‍ ഏന്തി നില്‍ക്കുന്നു. കോവിലില്‍ അന്ധകാരം നിറയാനുള്ള കാരണം അവര്‍ വിവരിക്കുന്നു. കോവിലിരിക്കുന്ന സ്ഥലം മുപ്പത് വെള്ളിക്കാശിനു വാങ്ങിയതാണ്. മുപ്പത് വെള്ളിക്കാശ് യേശുദേവനെ ഒറ്റിക്കൊടുത്തതിന് ലഭിച്ച ശപിക്കപ്പെട്ട പണത്തിന്റെ കണക്കാണ്. പൂജാരിയായി വരുന്നവരുടെ യോഗ്യതകളില്‍ ഒന്നിനെ ദ്രോണാചാര്യരുമായി ബന്ധിപ്പിക്കുന്നുണ്ട്. തന്നെ ധ്യാനിച്ച് ധനുര്‍വിദ്യ അഭ്യസിച്ച ശിഷ്യന്റെ തള്ളവിരല്‍ ചോദിച്ച് വാങ്ങിയ ഗുരു. ഗുരുശിഷ്യ ബന്ധത്തെ കളങ്കപ്പെടുത്തിയ കഥയാണത്. ഗുരുവിനു ന്യായങ്ങള്‍ ഉണ്ട്.

 നായാട്ട് നായുടെ വായില്‍ മുകളില്‍ നിന്ന് ഏഴും താഴെ നിന്ന് ആറും അമ്പുകള്‍ എയ്ത ശിഷ്യന്‍ ഇനിമേലില്‍ അസ്ത്രം ഉപയോഗിക്കരുത്. കാരണം അതുപയോഗിക്കാനുള്ള യോഗ്യത അവനില്ല. ഒരു പക്ഷെ ആരാധനാലയങ്ങളില്‍ പൂജാരിമാര്‍ ഇത്തരം മുട്ടുന്യായങ്ങള്‍ പറഞ്ഞുകൊണ്ട് അവിടത്തെ അന്തേവാവാസികളെ ചൂഷണം ചെയ്യുന്നുവെന്ന ധ്വനിയായിരിക്കാം കവയിത്രി പ്രകടപ്പിക്കുന്നത്.
ചില കവിതകളിലെ സൂചനകളെ പരിശോധിക്കാം. സൂചനകള്‍ കവികള്‍ ഉപയോഗിക്കുന്നത് അവര്‍ ഉദ്ദേശിക്കുന്ന ആശയം വായനക്കാരില്‍ വ്യക്തതയോടെ എത്താനാണ്. പ്രാണന്‍ പൂക്കുന്ന ചില്ലകള്‍ (പുറം 44 ) ഒരു ചെറിയ കവിതയാണെങ്കിലും അതിന്റെ ഘടനയും അവതരണവും വായനക്കാരെ ആകര്‍ഷിക്കുന്നതാണ്. ദു:ഖത്തെ ഒരു ചെടിയായി അവര്‍ സങ്കല്‍പ്പിക്കുന്നു. ചെടിയുടെ ധര്‍മ്മമാണ് പൂക്കുന്നതും കായ ഉത്ഭവിപ്പിക്കുന്നത്. ഈ ചെടി പൂക്കുമ്പോള്‍ പുറപ്പെടുന്ന ഗന്ധം സൗഗന്ധിക പുഷ്പത്തിന്റെതാണെന്ന് സൂചന തരുന്നു. ആ പുഷ്പം ശേഖരിക്കാന്‍ സാക്ഷാല്‍ ഭീമസേനന് പോലും പലേ കടമ്പകളും കടക്കേണ്ടിവന്നു. ജീവിത ത്തിലെ ദു ഖങ്ങള്‍ നമ്മളിലുണ്ടാകുന്ന മോഹങ്ങളേ ആശ്രയിച്ചിരിക്കും. അത് വെറും ചെടിയാണ്. പുഷ്പ്പിക്കുക കായാകുക അതിന്റെ കര്‍മ്മം. അതിനു പരിസ്ഥിതി ഉണ്ടാക്കുന്നത് നമ്മുടെ ചിന്തകള്‍.

മഹാനിര്‍വാണം എന്ന പേരില്‍ എഴുതിയ കവിത വളരെ ചിന്തനീയമാണ്. ഇതില്‍ ഒരു പശു നിര്‍വാണം ആഗ്രഹിക്കുന്നു. നിര്‍വാണത്തിലൂടെ പുനര്‍ജ്ജന്മം ഉണ്ടാകുന്നില്ല. ഇനി ഒരു ജന്മമേ വേണ്ട ഉള്ള ജന്മം ഒരു പോത്തായി കഴിയാന്‍ തോന്നുന്നു. പശുവിനെ ബ്രാഹ്മണനായി കരുതുന്നവര്‍ ഉണ്ട്. ഉന്നതകുലത്തില്‍ ജനിച്ചിട്ടും തന്റെ ജന്മം മറ്റുള്ളവര്‍ക്ക് ശാപമായി തീരുന്നുവെന്നു മനസ്സിലാക്കുന്ന പശു തന്റെ മാംസം മറ്റുള്ളവര്‍ക്ക് ഭക്ഷണമായി താന്‍ ഈ ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി തിരോധാനം ചെയ്യണമെന്ന് ആശിക്കുന്നു വിശന്നു ചുറ്റിലും കഴിയുന്ന മനുഷ്യര്‍ക്ക് ആഹാരം ആകുന്നത് പുണ്യമെന്ന ചിന്ത ഒരു പശുവില്‍ ജനിച്ചിട്ടും മനുഷ്യര്‍ നന്മ കണ്ടെത്തുന്നില്ല. ഭാരതത്തില്‍ ഗോമാതാവിനെ രക്ഷിക്കാന്‍ മനുഷ്യരെ കൊല്ലുന്ന പ്രാകൃത രീതിയുടെ പശ്ചാത്തലത്തില്‍ എഴുതിയതായിരിക്കും ഈ കവിത. 

വായനക്കാരന്റെ മനസ്സിലെ ആശയങ്ങളെ ബലപ്പെടുത്താനും ഉത്തേജിപ്പിക്കാനും അവന്റെ കാഴ്ച്ച്ചപാടുകളില്‍ വ്യത്യാസം വരുത്താനും ചില വിവരണങ്ങള്‍ക്ക് കഴിയുന്നു. പശുവിനെ ദൈവമായി കരുതുന്ന ഒരാള്‍ ഇത് വായിക്കുമ്പോള്‍ അയാളുടെ അറിവിന്റെ ലോകം വികസിക്കുന്നു. യാഥര്‍ത്ഥ്യങ്ങളെ അയാള്‍ കൂടുതല്‍ അറിയുന്നു. ഇത്തരം രചനകളിലൂടെ കവികള്‍ സ്വാതന്ത്രരാകാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് ചുറ്റും കാണുന്ന അസമത്വങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ അവര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. ശ്രീമതി ബിന്ദുവിന്റെ ചില കവിതകള്‍ ആ വിഭാഗത്തില്‍ പെടുന്നില്ലേ എന്ന് സംശയിക്കുണ്ടായി. കവികള്‍ ഉപയോഗിക്കുന്ന എക്‌സ്പ്രഷനിസം എന്ന രീതിയാണത്.

വിഭിന്ന ലിംഗക്കാരുടെ ആത്മസംഘര്‍ഷങ്ങള്‍ പ്രതിധ്വനിക്കുന്ന കവിതയാണ് മാന്ത്രിക വീട്. (പുറം 54) "മോളെ" എന്ന വിളിയില്‍ നിന്നും മോനെ എന്ന വിളിയുടെ വാത്സല്യപൂര്‍വമുള്ള വിളികേള്‍ക്കാന്‍ ലിംഗ പരിണാമം സംഭവിച്ചുവെന്ന് തിരിച്ചറിയുന്ന ഒരു മനസ്സിന്റെ മിടിപ്പുകള്‍ പകര്‍ത്തുമ്പോള്‍ കവിമനസ്സിലെ വ്യസനം വായനക്കാര്‍ അറിയുന്നു. അത് ശ്രീമതി ബിന്ദുവിന്റെ കാവ്യശൈലിയുടെ സ്വാധീനമാണ്.തനിക്ക് ചുറ്റും കാണുന്ന ജീവിത രംഗങ്ങള്‍ പകര്‍ത്തുമ്പോള്‍ കവിയും തന്റെ മനസ്സില്‍ അതേക്കുറിച്ച് ഒരു ന്യായവിധി ഉറപ്പിക്കുന്നുണ്ട്. അതാണ് അവരുടെ കവിതകളില്‍ പ്രതിഫലിക്കുന്നത്. 

 സ്ത്രീകളെ തരം താണവരായും അധീനപെട്ടവരായും കരുതുന്ന പുരുഷന് (Male chauvanist) സ്ത്രീയെ കാണുന്നത് അവളുടെ അവയവങ്ങളിലൂടെയാണ്. വെര്‍ജിനിയ വോള്‍ഫിനെയും മായ ആഞ്ജലോവിനെയും ഉദ്ധരിച്ച് അയാള്‍ പറയുകയാണ് അവള്‍ക്ക് സ്വന്തമായി മുറി കിട്ടാനും, സമ്പൂര്‍ണ സ്ത്രീയാകാനും നൂറു വര്‍ഷങ്ങള്‍ എടുക്കുമെന്ന്. അതെ സമയം അവള്‍ അവളുടെ ഹൃദയാഭിലാഷങ്ങള്‍ മനസ്സിലാക്കി അത് സാക്ഷാത്കരിക്കാന്‍ ശ്രമിച്ചാല്‍ അവളുടെ ലക്ഷ്യം ഉന്നതമായാല്‍ അവനു ഭയമാണെന്നു തുറന്നെഴുതുന്നു. (അവള്‍ ആകാശം കണ്ടാല്‍, മഴവില്ലു തൊട്ടാല്‍ എന്നീ ബിംബങ്ങള്‍) ഫെമിനിസത്തിന്റെ ചായ്വ് ഈ കവിതയിലും ചരക്ക് വണ്ടികള്‍ എന്ന കവിതയിലും അനുഭവപ്പെടാം.

ഭൂരിപക്ഷം കവിതകള്‍ സര്‍റിയലിസം എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ്. പ്രതീകങ്ങളിലൂടെ സ്വപ്നതുല്യമായ വസ്തുതകള്‍ അവതരിപ്പിക്കുന്നതാണിത്. നിന്റെ വാക്കുകള്‍ ചില്ലു മഴയായി പെയ്‌തെങ്കില്‍ ( ചെറിയ വാതിലുകള്‍ പുറം 81 ) എന്ന വരികള്‍ ശ്രദ്ധിക്കുക. യുക്തിപൂര്‍വം ചിന്തിക്കുന്നതിനുപകരം ഉപബോധ മനസ്സില്‍ ഉദിക്കുന്ന ആശയങ്ങളെ അവതരിപ്പിക്കുന്ന രീതിയാണിത്. കവികളും ഉന്മാദികളും ഒരേ ഗണത്തില്‍പെടുമ്പോള്‍ അവര്‍ക്കെങ്ങനെ എഴുതാന്‍ സ്വാതന്ത്ര്യമുണ്ട്. അതേസമയം ആ വരികളില്‍ നിന്നും വായനക്കാരന് കണ്ടെത്താന്‍ കഴിയുന്ന സങ്കല്പങ്ങള്‍ നിരവധിയാണ്. ശ്രീമതി ബിന്ദു ആധുനികതയുടെ സങ്കേതങ്ങള്‍ കവിതയില്‍ പ്രയോഗിക്കുന്നെങ്കിലും അവരുടെ കവിതകള്‍ ആസ്വാദകരങ്ങളാണ്. വായനക്കാരന്റെ മനസ്സില്‍ അവ തട്ടുന്നു, അവന്റെ മനസ്സിനെ ഇളക്കുന്നു.

ശുഭം
Join WhatsApp News
വിദ്യാധരൻ 2018-09-28 00:35:45
ബിന്ദു ടി ജി യുടെ മനോഹരമായ  കവിതകൾക്ക്  , കവിതയുടെ സൗന്ദര്യശാസ്‌ത്രത്തെ അനാവരണം ചെയ്യാൻ കഴിവുള്ളവയാണ്. അല്ലെങ്കിൽ ബാഹ്യ സൗന്ദര്യത്തിന് നിറം പകരുന്ന സൂക്ഷ്മ തലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകാൻ കഴിവുള്ളവയാണ് . കവയിത്രി  വായക്കാരെ കവിതയുടെ നടക്കാവിലുടെ കൂട്ടികൊണ്ടുപോകുമ്പോൾ  നിരൂപകനായ പണിക്കവീട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ ഇടയ്ക്കിടയ്ക്ക് വച്ചിരിക്കുന്ന ബിംബങ്ങളിലൂടെ തന്റെ ആശയത്തിന്റെ അന്തർഭാവത്തെ ഒരു മഴവില്ല് കണക്ക് പ്രതിഫലിപ്പിച്ച് വർണ്ണാഭമാക്കുന്നു.  

"വിശ്വമോഹന ഭംഗികളാകവെ 
ഒരിതൾ പൂവിനുള്ളിലൊതുക്കി 
അതിഗൂഢ സുസ്‌മിതം ചെടികളിൽ ചാർത്തി 
നിൽക്കുമാ തുമ്പ കുറുമ്പി തൻ 
വിവർണ്ണ സ്വപ്നങ്ങളിൽ നിറക്കാഴ്‌ചയുമേകി " (ഓണമെത്താറുണ്ടെന്നരികിലിന്നും )  ഇത്തരത്തിലുള്ള നിങ്ങളുടെ കവിതയിലെ  ഭാഗങ്ങൾ വായിച്ചിട്ടായിരിക്കും  സുധീർ പണിക്കവീട്ടിൽ ഇതിന് 'കവിതയിലെ രാസമാറ്റം' എന്ന പേരിട്ടിരിക്കുന്നത് എന്ന് തോന്നുന്നു .   ചിലപ്പോൾ കവിതയ്ക്ക് സൗന്ദര്യം പകരുന്ന അതിലെ സൂക്ഷ്മാംശങ്ങളെ വായനക്കാർക്ക് കാണിച്ചു കൊടുക്കുന്നതിന് പണിക്കവീട്ടിലെനെപ്പോലുള്ള സാഹിത്യ രസതന്ത്ര ശാസ്‌ത്രജ്ഞന്മാരെ ആവശ്യമാണ് . ഏതായാലും ആ കർത്തവ്യം അദ്ദേഹം വളരെ     വിചക്ഷണതയോടെ നിർവഹിച്ചിരിക്കുന്നു . 

"എന്തിന് വെറുതെ നീ ആർത്തലക്കുന്നു
പതഞ്ഞുപൊങ്ങി വാരിവിതറുന്നു വെൺ  മുത്തുകൾ 
ഇവ നിൻ ഉള്ളിൽ തിര തല്ലി തിമിർക്കും 
ഹർഷന്മാദ ലഹരി തൻ തെളിനീരോ 
കടിച്ചമർത്തുവാനേറെ 
ശ്രമിക്കലും തെറ്റി ചിതറി തെറിച്ചിടും 
താപ രൗദ്രത്തിൻ പ്രളയമോ 
എന്താകിലെന്താ നിൻ തീരത്തിരുന്നേതോ 
വശ്യസ്വപ്നത്തിൻ മധുവുണ്ണാനെത്തുന്നു 
വിവിധ വികാരോന്മാഥിതർ മാനവർ "   (കടലും ഞാനും )

മനോഹരമായ കവിതകൾ വായനക്കാർക്ക് സമ്മാനിക്കുന്നു കവയിത്രിക്കും അതിലുപരി  അതിന്റെ അന്തർ ഭാവങ്ങളെ ഒരു  വിദഗ്ധനായ ഒരു ഗവേഷകന്റെ പാടവത്തോടെ വായനക്കാർക്കായി അനാവരണം ചെയ്യുന്ന സുധീർ പണിക്ക വീട്ടിലിനും അഭിനന്ദനങ്ങൾ 
P R Girish Nair 2018-09-28 00:46:52
ശ്രീമതി ബിന്ദു ടി ജിയുടെ രാസമാറ്റം എന്ന കവിതാസമാഹാരത്തിനെ ആസ്പദമാക്കി
ശ്രീ സുധിർ സർ എഴുതിയിരിക്കുന്ന അവലോകനം ഈ കവിത വായിക്കാത്തവർക്ക് വായിയ്ക്കുവാനുള്ള പ്രചോദനം തീർച്ചയായും ലഭിക്കുന്നതരത്തിൽ മനോഹരമായ ഭാഷയിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നു.

ശ്രീമതി ബിന്ദുവിനും ശ്രീ സുധിർ സാറിനും അഭിനന്ദനങ്ങൾ.
From the inner self- the out flow 2018-09-28 05:46:43

A very talented analysis. The ability to understand a poem itself is Divine. Like looking at a forest from a distance and then slowly going in deeper and deeper and disappearing into the inner glory, Sri.Sudhir has taken the reader into the Divine depth of the poems. like a scientific tour guide.

Those poems came from the inner self of the Poetess. And the analysis makes them masterpieces. Beautiful.

andrew

 

ബിന്ദു ടിജി 2018-09-28 12:04:46
കവിതകൾ  ആഴത്തിൽ വായിച്ചതിൽ സുധീർ സാറിന്  നന്ദി യും കടപ്പാടും അറിയിക്കുന്നു . നല്ല വാക്കുകൾ എഴുതിയ എല്ലാവർക്കും ഹൃദയ പൂർവ്വം നന്ദി 
ബിന്ദു ടിജി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക