Image

മുല്ലപ്പെരിയാര്‍: അന്താരാഷ്ട്ര പരിശോധന വേണ്ടെന്ന് കേരളം പറഞ്ഞതിന്റെ യുക്തി എന്ത്? (ഫ്രാന്‍സിസ് തടത്തില്‍)

Published on 29 September, 2018
മുല്ലപ്പെരിയാര്‍: അന്താരാഷ്ട്ര പരിശോധന വേണ്ടെന്ന് കേരളം പറഞ്ഞതിന്റെ യുക്തി എന്ത്? (ഫ്രാന്‍സിസ് തടത്തില്‍)
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേരളത്തിനനുകൂലമായ വിധി ലഭിച്ചിട്ടും ഡാമിന്റെ കാര്യത്തില്‍ ഭരണ പ്രതിപക്ഷഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം അവലംബിക്കുന്നതില്‍ ദുരൂഹതയേറുന്നു. തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അച്ചാരം വാങ്ങി കേരളത്തിലെ 50 ലക്ഷം വരുന്ന ജീവനുകള്‍ ബലികഴിപ്പാനൊരുങ്ങുന്ന രാഷ്ട്രീയക്കാര്‍ ഒരു കാര്യം മനസിലാക്കുക മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെപോയി കേരളത്തിനുകൂലമായ വിധി സമ്പാദിച്ച ആലുവ സ്വദേശി അഡ്വ. റസല്‍ ജോയി നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിനു വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുപ്രീം കോടതിയിലെ കോടതി ചെലവുകള്‍ താങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ലോകം മുഴുവനുമുള്ള മലയാളികള്‍ റസല്‍ ജോയിക്ക് സഹായ വാഗ്ദാനം നല്‍കിയതിന്റെ സൂചന അദ്ദേഹത്തിനു പിന്നില്‍ കേരളത്തെ സ്നേഹിക്കുന്നവര്‍ ഉറച്ചുനില്‍ക്കുമെന്നു തന്നെയാണ്. ഇന്നല്ലെങ്കില്‍ നാളെ റസല്‍ ജോയി കൊളുത്തിയ തിരി വന്‍ പ്രക്ഷോഭമായി ആളിക്കത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുല്ലപ്പെരിയാറിന്റെ സുരക്ഷ കേരളത്തിന്റെ മാത്രം വിഷയമല്ല മറിച്ചു ദേശീയ അന്തര്‍ദേശീയ വിഷയമായി മാറിക്കഴിഞ്ഞു.

കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയം കാട്ടുന്നതിന്റെ തെളിവാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കേസുകള്‍ അടിക്കടി തോല്‍ക്കുന്നത്, മാത്രമല്ല തമിഴ്നാടിന് അനുകൂലമാകുന്ന പല നടപടികളും കേരളത്തിന്റെ ഭാഗത്തുനിന്ന് അറിഞ്ഞോ അറിയാതയോ ഉണ്ടാകുന്നതും ദുരൂഹത വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുതലക്കണ്ണീര്‍ പൊഴിച്ച രാഷ്ട്രീയക്കാര്‍ മൗനവ്രതത്തിലായതാണ് മറ്റൊരു ദുരൂഹത. കഴിഞ്ഞ പ്രളയകാലത്തു ഡാം നിറഞ്ഞു കവിയുന്നതുവരെ തമിഴ്നാട് അധികൃതര്‍ കാത്തിരുന്നപ്പോഴും പണ്ട് മുതലക്കണ്ണീര്‍ പൊഴിച്ചവര്‍ എവിടെപ്പോയെന്നറിയില്ല.

ഏതു നിമിഷവും പൊട്ടാനിരിക്കുന്ന അഗ്നി പര്‍വ്വതത്തിന്റെ മുനമ്പിലെന്ന പോലെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ. 50 ലക്ഷം വരുന്ന കേരളത്തിലെ അഞ്ചു ജില്ലകളിലെ ജനങ്ങളുടെ തലയ്ക്കുമേല്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലാസിന്റെ വാള്‍ത്തലം പോലെയാണ് ഡാമിന്റെ സുരക്ഷ. ഡാമിന്റെ അടിത്തട്ടില്‍ ഏറിവരുന്ന ശക്തമായ സമ്മര്‍ദത്തെ ചെറുക്കാന്‍ പ്രാപ്തമല്ല ഈ ഡാം. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡാം എന്ന പേരിനര്‍ഹമായ ഈ ഡാം ഇന്നും പൊട്ടാതെ നിലനില്‍ക്കുന്നതില്‍ അത്ഭുതത്തോടെ നോക്കികാണുകയാണ് ലോകം മുഴുവനുമുള്ള രാജ്യങ്ങള്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഉള്ളതും അതുപോലെതന്നെ ഏറ്റവും കൂടുതല്‍ ഡാം ദുരന്തങ്ങളും ഉണ്ടായിട്ടുള്ള അമേരിക്കയില്‍ പോലും ഒരു ഡാമിന്റെ പരമാവധി ആയുസ് 35 മുതല്‍ 50 വര്‍ഷം വരെയാണ്. ഇക്കാലയളവിനുള്ളില്‍ ഡാം ഡികമ്മീഷന്‍ ചെയ്തിരിക്കണമെന്നാണ് അന്താരാഷ്ട്രനിയമം. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം ഏറെ വിചിത്രമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് 1886ല്‍ നിര്‍മ്മിച്ച ഈ ഡാമിന്റെ സുരക്ഷാ കാര്യത്തില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ കാലം ചെല്ലും തോറും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്.

തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ക്ക് കുടിവെള്ളവും കൃഷിയാവശ്യത്തിനുള്ള ജലവും നല്‍കാനായി ബ്രിട്ടീഷുകാരും അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവും ഒപ്പുവച്ച ധാരാണപത്രം കേരളപിറവിക്കുശേഷം 1956ലെ സംസ്ഥാന പുനര്‍വിഭജനത്തിനുശേഷവും മാറ്റമില്ലാതെ തുടര്‍ന്നു. 1970ല്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കേ ഒറ്റയ്ക്ക് ചെന്നൈയില്‍ ചെന്ന് ആരോടും ആലോചിക്കാതെ കാരാര്‍ പുതുക്കികൊടുത്തത് അന്ന് ഏറെ വിവാദമായിരുന്നു. കേരളത്തില്‍ നിന്ന് ഉത്ഭവിച്ച് കേരളത്തില്‍ തന്നെ അവസാനിക്കുന്ന മുല്ലപ്പെരിയാറിന്റെ പൂര്‍ണ്ണമായ ഉപഭോക്താക്കള്‍ തമിഴ്നാട്ടിലെ ജനങ്ങളാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒന്നരകിലോമീറ്റര്‍ ദൂരത്തുള്ള വൃഷ്ടിപ്രദേശത്തുനിന്നു കനാല്‍ വഴി വെള്ളം വഴിതിരിച്ചുവിട്ട് തമിഴ്നാട്ടിലെ വൈഗ ഡാമില്‍ എത്തിച്ചാണ് തമിഴ്നാട് ജലം ശേഖരിക്കുന്നത്. ഇവിടെ നിന്നും ശേഖരിക്കുന്ന ജലം നേരത്തെ അഞ്ചു ജില്ലകളിലെ ആവശ്യങ്ങള്‍ക്കായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ അടുത്ത കാലത്ത് ഏഴു ജില്ലകളിലേക്കുമായി വ്യാപിപ്പിച്ചു.

132 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുണ്ണാമ്പും മണലും ചേര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച ഈ ഡാമിന്റെ സുരക്ഷയില്‍ ഏറെ ആശങ്കകള്‍ ഏറെ കാലമായി നിലനിന്നു വരികയായിരുന്നു. കാലാകാലങ്ങളായി 136 അടിയില്‍ കൂടുതല്‍ ജലം സംഭരിച്ചിട്ടില്ലാത്ത ഈ ഡാമില്‍ കേരളത്തിനെതിരായുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മഹാപ്രളയകാലത്ത് 144 അടി ഉയരത്തില്‍ വരെ ജലം സംഭരിക്കുകയുണ്ടായി. എന്നാല്‍ 142 അടി വരെയായിരുന്നു സുപ്രീം കോടതി നല്‍കിയ സംഭരണ പരിധിയെങ്കിലും സുപ്രീം കോടതി വിധി ശരിയെന്നു വരുത്തിത്തീര്‍ക്കാന്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തുകൊണ്ടിരുന്ന കനത്ത മഴ വക വയ്ക്കാതെ അവര്‍ ജലസംഭരണം തുടരുകയായിരുന്നു. ഇതിനിടെ വനത്തില്‍ ഉരുള്‍ പൊട്ടുക കൂടി ചെയ്തതോടെ നിയന്ത്രണാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. 144 അടി വെള്ളമുയര്‍ന്നിട്ടും ഡാം തകര്‍ന്നില്ല എന്ന് ഇനി അവര്‍ക്ക് സുപ്രീം കോടതിയില്‍ വാദിക്കാം. അഥവാ ഡാം തകര്‍ന്നു പോയിരുന്നുവെങ്കില്‍ 'മികവുറ്റ ഡിസാസ്റ്റര്‍ മാനേജ്മെന്റി'ലൂടെ 50 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കേരള ഗവണ്‍മെന്റ് 'ചര്‍ച്ച'കളും നടത്തുമായിരുന്നു!

എന്തുകൊണ്ട് തമിഴ്നാടിനു അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായത് ? കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ കേരളത്തിന്റെ വാദങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. വേണ്ടത്ര രേഖകളില്ലാതെ, കോടതിയില്‍ ഹാജരായ കേരളത്തിന്റെ അഭിഭാഷകര്‍ കേസ് മനഃപൂര്‍വ്വം തോറ്റുകൊടുക്കുകയായിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിക്കുവേണ്ട. അല്ലെങ്കില്‍ പിന്നെ അഡ്വ. റസല്‍ ജോയി എന്ന ആലുവക്കാരന്‍ അഭിഭാഷകന്‍ എങ്ങനെ സുപ്രീം കോടിതിയില്‍ നിന്ന് കേരളത്തിന് അനുകൂലമായ വിധി സമ്പാദിച്ചു?

റസല്‍ ജോയി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ സമ്പാദിച്ച അനുകൂലമായ സുപ്രീം കോടതി വിധിപോലും മുക്കി കളയാനാണ് കേരളത്തിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായവര്‍ശ്രമിച്ചത്. എന്തിനിതു ചെയ്തുവെന്നതിനുത്തരം തരേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇടതുവലതു സംസ്ഥാന സര്‍ക്കാരുകള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടും പലപ്പോഴും തമിഴ്നാടിന് ഗുണം ചെയ്യുന്ന വിധത്തില്‍ അബദ്ധങ്ങള്‍ കാട്ടിക്കൂട്ടുകയും ചെയ്തത് വിരല്‍ ചൂണ്ടുന്നത് തമിഴ്നാടു സര്‍ക്കാര്‍ നീട്ടിയ അപ്പകഷ്ണം ഇരുപക്ഷക്കാരും വാപൊളിച്ചു വിഴുങ്ങി ദഹനക്കേടുവന്ന് മിണ്ടാട്ടം മുട്ടിനില്‍ക്കുകയാണെന്നു തോന്നിപ്പിക്കുന്നതില്‍ ദോഷം പറയരുത്.

കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ ഡാം തുറന്നതുകൊണ്ടല്ലെന്നാണ് കേരളഠിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ മൊഴി നല്‍കിയത്. ആരു പറഞ്ഞു മുല്ലപ്പെരിയാറിലെ ജലമാണ് കേരളത്തെ മുക്കിക്കളഞ്ഞതെന്ന്? മുല്ലപ്പെരിയാറും പ്രളയത്തിന്റെ ഭാഗമായിരുന്നു. ഡാം കവിഞ്ഞൊഴുകും വരെ വെള്ളം ശേഖരിച്ച തമിഴ്നാട് അധികൃതര്‍ അപകടഭീഷണി മനസിലാക്കിയപ്പോള്‍ മാത്രമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിടാന്‍ നിര്‍ബന്ധിതരായത്.1500ല്‍ പരം വീടുകള്‍ വെള്ളത്തിനടിയിലായി. ഡാമിനു പരിസരത്തു താമസിച്ചിരുന്ന ജനങ്ങളെ തലേദിവസം മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ 4500 പരം വരുന്ന തദ്ദേശവാസികള്‍ ഡാം തുറന്നുവിട്ടപ്പോഴുണ്ടായ ആറിലെ കുത്തൊഴുക്കില്‍ ഒഴുകിപ്പോകുമായിരുന്നു.

കൊച്ചി യൂണിവേഴ്സിറ്റിയിലെ ഷിപ്പ് ടെക്നോളജി വിഭാഗം മുന്‍ ഡീന്‍ ഡോ. പ്യാരിലാല്‍ അടുത്തിടെ ഇട്ട ഒരു ഫേസ് ബുക്ക് വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ കുറിക്കുന്നത് ഉചിതമെന്നു തോന്നുന്നു.. കേരളത്തില്‍ തേക്കടി ബോട്ട് ദുരന്തമുണ്ടായപ്പോള്‍ അത്തരം ബോട്ട് ദുരന്തങ്ങളെ എങ്ങനെ നേരിടാം എന്നതു സംബന്ധിച്ച് ഒരു ഡിസാസ്റ്റര്‍ മാനേജുമെന്റ് ചര്‍ച്ച തിരുവനന്തപുരത്ത് നടന്നു. ഒരു സാങ്കേതിക വിദഗ്ദര്‍ എന്ന നിലയില്‍ഡോ. പ്യാരിലാലും ക്ഷണിതാവായിരുന്ന യോഗത്തില്‍ അപകടം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന വിഷയത്തില്‍ പലരും കണ്ഠകടോരം പ്രസംഗിച്ചു. യാതൊരു തീരുമാനവുമില്ലാതെ ചര്‍ച്ച നീണ്ടുപോയതിനെ തുടര്‍ന്ന് പൊറുതി മുട്ടിയപ്പോള്‍ ഡോ.പ്യാരിലാല്‍ എഴുന്നേറ്റു നിന്നു പ്രതികരിച്ചു. തനിക്കു പറയാനുള്ളത് അപകടം ഉണ്ടായതിനുശേഷം എ്ന്തുചെയ്യണമെന്നല്ലാ അപകടമുണ്ടാകാതെ എങ്ങനെ ബോട്ടുകളില്‍ സുരക്ഷിതത്വം ഉറപ്പു വരുത്താമെന്നതാണെന്നു പറഞ്ഞു.

അദ്ദേഹം കാര്യങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് വിശദീകരിച്ചപ്പോള്‍ ആര്‍ക്കുംഒരക്ഷരം ഉരിയാടാനുണ്ടായില്ല. ഇവനാരെടാ ഇത്ര അധിക പ്രസംഗി എന്നൊരു മന്ത്രിക്കു തോന്നുകയും അതു പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ മറ്റൊരു മന്ത്രി അവ സാകൂതം കേട്ട് നോട്ടു കുറിച്ചുകൊണ്ടിരുന്നു. അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന അഡ്വ.എന്‍.കെ. പ്രേമചന്ദ്രനായിരുന്നു അത്. ചര്‍ച്ചയ്ക്ക് എത്തും മുമ്പ് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ച ശേഷമായിരുന്നു ഡോ.പ്യാരിലാല്‍ ചര്‍ച്ചക്കെത്തിയത്. ഫലമോ മന്ത്രി പ്രേമചന്ദ്രന്റെ പ്രത്യേക താല്‍പ്പര്യമെടുത്തു ബോട്ടുകളുടെ സുരക്ഷ വിപുലീകരിക്കുന്ന നിയമവും പാസായി.

2013 ല്‍ അന്നത്തെ മന്ത്രി പി.ജെ. ജോസഫ് ഉള്‍പ്പെടെ ഒട്ടനവധി രാഷ്ട്രീയ പ്രമുഖര്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ച് വിലപിച്ചുകൊണ്ട് ഒരു വലിയ പ്രക്ഷോഭം തന്നെ സംഘടിപ്പിച്ചിരുന്നു. ഡാമിന്റെ ചപ്പാത്ത് പ്രദേശത്ത് നിരാഹാരമിരുന്ന പി.ജെ.ജോസഫ് ഡാം ഡീ കമ്മീഷന്‍ ചെയ്യും വരെ സമരം ചെയ്യുമെന്ന് വീമ്പിളക്കി. ഫലമോ തമിഴ്നാടിനെതിരെ സുപ്രീം കോടതിയില്‍ കേസിനു പോയ സംസ്ഥാന സര്‍ക്കാര്‍ എട്ട് നിലയില്‍ പൊട്ടി. അഥവാ കേസ് വാദിച്ചു തോറ്റുതുന്നംപാടി. ഇതേ തുടര്‍ന്ന് ഒരു ഗുണമുണ്ടായി ഡാമിന്റെ പൂര്‍ണ നിയന്ത്രണം തമിഴ്നാടിനായി മാറി. അതാണല്ലോ ഇക്കഴിഞ്ഞ പ്രളയകാലത്ത് വക്കിനൊപ്പം വെള്ളം പൊന്തിയപ്പോള്‍ ഡാമിന്റെ ഷട്ടര്‍ തുറക്കണമെന്നഭ്യര്‍ത്ഥിച്ച് തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാം സൈറ്റില്‍ കടന്നു ചെന്ന കേരളത്തിലെ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ ആട്ടിപ്പായിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തിനുകൂലമായ ഒരു വിധി സമ്പാദിക്കാന്‍ അഡ്വ.റസല്‍ ജോയി എന്ന ഒറ്റയാള്‍ പട്ടാളത്തിനു സാധിച്ചത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഡാമിന്റെ ബലക്ഷയംപരിശോധിക്കാന്‍അന്താരാഷ്ട്ര വിദ്ഗ്ധരെ ഏല്‍പ്പിക്കണമെന്ന അഡ്വ. റസല്‍ ജോയിയുടെ വാദത്തെ കേരളത്തിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. അഡ്വ. റസല്‍ ജോയിയുടെ ഹര്‍ജിയെ തുടര്‍ന്ന് സുരക്ഷയെക്കുറിച്ച് വിലയിരുത്താന്‍ കേരള, തമിഴ്നാട് സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും പിന്നീട് മൂന്നു കമ്മിറ്റികളും സംയുക്തമായി യോഗം ചേര്‍ന്ന് സുപ്രീം കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

ഡാം സുരക്ഷയെക്കുറിച്ച് ആധികാരികമായി വിലയിരുത്താന്‍ കേരളത്തിനു സ്വന്തമായിട്ട് അത്ര മികച്ച സാങ്കേതിക വിദ്ഗ്ധരില്ലെന്നിരിക്കെ 50 ലക്ഷം വരുന്ന ജനങ്ങളുടെ സുരക്ഷയെമാനിച്ച് ഏതെങ്കിലുമൊരു അന്താരാഷ്ട്ര ഏജന്‍സിയെ സമീപിക്കാവുന്നതാണ്. ഡാം സുരക്ഷയില്‍ ഏറ്റവും മികച്ച സാങ്കേതിക വിഗദ്ധരുള്ളത് അമേരിക്കയിലാണ്. ഇതുവരെ കേന്ദ്ര തമിഴ്നാട് സര്‍ക്കാരുകള്‍ നിയോഗിച്ചിരുന്ന സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് സുപ്രീം കോടതി കേട്ടിരുന്നതും അംഗീകരിച്ചിരുന്നതും. എന്നാല്‍ ആധികാരികമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ റസല്‍ ജോയി നടത്തിയ വാദം അംഗീകരിച്ച സുപ്രീം കോടതി കേരളത്തിനു കൂടി ഒരവസരം നല്‍കിയിരിക്കുകയാണ്. ഈ അവസരമാണ് സര്‍ക്കാര്‍ വക്കീല്‍ സുപ്രീം കോടതിയില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ നിന്ന് നാം എന്തു മനസിലാക്കണം?

ഒരു ഡാമിനു ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത് ഏറ്റവും അടിത്തട്ടിലാണ് ഡാമിന്റെ അടിത്തട്ടിലുണ്ടാകുന്ന സമ്മര്‍ദ്ദം പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഇതിനു മുന്‍പ് പഠനം നടത്തിയ വിദ്ഗ്ധ സമിതി കണ്ടെത്തിയതായി കേട്ടിട്ടില്ല. ഡാമിനു മുകളിലൂടെ സഞ്ചരിച്ച് അതിന്റെ ഭിത്തികളിലെ വിള്ളലുകളിലെ വെള്ളവും മിശ്രിതവും ശേഖരിക്കുന്നതുകൊണ്ട് െൈഹ്രെഡസ്റ്റാറ്റിക്ക് പ്രഷര്‍ അളക്കാന്‍ പറ്റില്ല. ഡാമില്‍ എത്ര വെള്ളം ഉയരുന്നുവോ അത്രയും സമ്മര്‍ദ്ദം അടിത്തട്ടില്‍ രൂപം കൊള്ളും. ഈ സമ്മര്‍ദ്ദം താങ്ങാതെ വരുമ്പോഴാണ് ഡാമിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.

സാങ്കേതിക വിദ്ഗ്ധരല്ലാത്ത ഒരു കൂട്ടം ആളുകള്‍ ഡാമിന്റെ പരിസര പ്രദേശത്ത് സന്ദര്‍ശനം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതുകേള്‍ക്കുകയില്ലാതെ സുപ്രീം കോടതിക്കു മറ്റുമാര്‍ഗമല്ല. അങ്ങനെയിരിക്കെ ഡാം സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം സാധൂകരിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് അന്താരാഷ്ട്ര ഡാം സേഫ്റ്റി കമ്മീഷനെ നിയോഗിക്കുക വഴി സാധ്യമാക്കുന്നത്.

നേരത്തെ സൂചിപ്പിച്ചപ്രകാരം അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു ഡാമിന്റെ പരമാവധി ആയുസ് 35 മുതല്‍ 50 വര്‍ഷമാണ്. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കു പ്രകാരം 132 വര്‍ഷത്തെ പഴക്കമുള്ള ഈ ഡാം മൂന്നു തവണയെങ്കിലും ഡി കമ്മീഷന്‍ ചെയ്യേണ്ടിവരുമായിരുന്നു. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ഡാം കമ്മീഷന്‍ ചെയ്യുന്നതില്‍ കുറഞ്ഞ് മറ്റൊരു റിപ്പോര്‍ട്ടും പ്രതീക്ഷിക്കേണ്ടതില്ല. തമിഴ്നാടിനുപോലും എതിര്‍പ്പില്ലാത്ത ഡി കമ്മീഷന്‍ നടപടിയെ കേരള സര്‍ക്കാര്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നു മനസിലാകുന്നില്ല. ഡാം ഡികമ്മീഷന്‍ ചെയ്യുന്നതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല. ഇപ്പോഴത്തെ ഡാമിനു താഴെ പുതിയൊരു ഡാം പണിയണം. പഴയ ഡാം തകര്‍ക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ വേണ്ട. അവ തന്നെ വെള്ളം മൂടി നിറഞ്ഞു കൊള്ളും.

മുമ്പത്തെപോലെ തന്നെ തമിഴ്നാടിനു വേണ്ടത് അവരുടെ ഏഴു ജില്ലകള്‍ക്കു വേണ്ട കുടിവെള്ളവും കാര്‍ഷികാവശ്യത്തിനു വേണ്ട ജലവുമാണ്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടത് 50 ലക്ഷം വരുന്ന ജനങ്ങളുടെ സുരക്ഷയാണ്. ഒരു പുതിയ ഡാം പണിതാല്‍ രണ്ടു കൂട്ടരുടെയും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഡാം തകര്‍ന്നാല്‍ വന്‍ നഷ്ട്ടം കേരളത്തിനാണെങ്കില്‍ കൂടി തമിഴ്നാടിനും നഷ്ടമേറെയാണ്. കേരളത്തിലെ 50 ലക്ഷം ആളുകളുടെ ജീവന്‍ അപകടത്തിലാകുമെങ്കില്‍ തമിഴ്നാട്ടിലെ ഏഴുജില്ലകളിലെ കുടിവെള്ളം പൂര്‍ണമായും ഇല്ലാതാകും. അതിലുപരി കേരളമുള്‍പ്പെടെ നിരവധി സംസ്ഥാങ്ങളിലേക്കു കയറ്റി അയക്കുന്ന പച്ചക്കറികളുടെ ഉദ്പ്പാദനവും ഇല്ലാതാകും.

തമിഴ്നാട് സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ഈ ഏഴു ജില്ലകളിലെ വോട്ടു ബാങ്കാണ്. അതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ എത്രയും കടും പിടിത്തം നടത്തുന്നത്. കേരളത്തിനാകട്ടെ വിഷയം ചൂടായി നില്‍ക്കുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ചില പ്രക്ഷോഭങ്ങള്‍ മാത്രം. ഇതിപ്പോള്‍ പാക്കിസ്ഥാന്‍ അധീനതയിലുള്ള ജമ്മു കശ്മീരിന്റെ അവസ്ഥ പോലെയായി. കേരളത്തിന്റെ വെള്ളമെടുക്കുന്നതുപോകട്ടെ സ്ഥലവും അവര്‍ പിടിച്ചടക്കി വച്ചിരിക്കുകയാണ്. മുല്ലപെരിയറിലൊരു പ്രക്ഷോഭമുണ്ടായാല്‍ അതിന്റെ പ്രതിഫലനമുണ്ടാകുക മലയാളികള്‍ കൂടുതല്‍ ജോലിചെയ്യുകായും താമസിക്കുകയും ചെയ്യുന്ന ചെന്നൈ, കോയമ്പത്തൂര്‍ പോലുള്ള സ്ഥലങ്ങളിലാണ്. തമിഴ് രാഷ്ട്രീയ പോരാളികള്‍ നമ്മുടെ മലയാളകളെ മുഖം നോക്കാതെ ആക്രമിക്കും. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ നടപടിയായിരിക്കും പുതിയ ഡാം. കേരളത്തിന് വേണ്ടത് ജനങ്ങളുടെ സുരക്ഷയാണ്. തമിഴ്നാടിന് വേണ്ടത് കുടിവെള്ളവും.

പ്രക്ഷോഭകാരികളെ നിങ്ങള്‍ എവിടെപ്പോയി ഒളിച്ചു? എവിടെപ്പോയി നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍? വി. ഡി. സതീശനും, പി.ടി. തോമസും എന്‍. കെ. പ്രേമചന്ദ്രനും ബി. എം. ബിജിമോളും അല്ലാതെ ആരും പ്രതികരിക്കുന്നത് കണ്ടില്ലലോ? എവിടെപ്പോയി ബാക്കി 136 പേര്? ഒരു മഹാപ്രളയം വന്നപ്പോള്‍ ആ മലവെള്ളപ്പാച്ചിലില്‍ നിങ്ങളും ഒലിച്ചു പോയോ? മഹാപ്രളയത്തില്‍ തമിഴ്നാട് ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ 1500 വീടുകള്‍ വെള്ളത്തിലായ വിവരം പീരുമേട് എം.എല്‍.എ. ബിജിമോള്‍ നിങ്ങളെ അറിയിച്ചതല്ലേ? നിങ്ങള്‍ പീരുമേട്ടിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളെ രക്ഷിച്ചില്ലെങ്കിലും വേണ്ടില്ല ഡാം തകര്‍ന്നുപോയാല്‍ കൊല്ലപ്പെട്ടേക്കാവുന്ന നഗരവാസികളെയെങ്കിലും ഓര്‍ത്തെങ്കിലും ഒന്നു പ്രതികരിക്കൂ.

ജലന്ധറില്‍ ഒരു ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചപ്പോള്‍ കേരളം മുഴുവനും പ്രക്ഷോഭ കോലാഹലങ്ങള്‍ കൊണ്ട് തകിടം മറിഞ്ഞു. എന്നാല്‍ റസല്‍ ജോയി എന്ന ആലുവക്കാരന്‍ അഭിഭാഷകന്‍ നേരിനും സത്യത്തിനും വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുവാന്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ പോലും മുന്നിട്ടറങ്ങാത്തതില്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടിയിരിക്കുന്നു. 
മുല്ലപ്പെരിയാര്‍: അന്താരാഷ്ട്ര പരിശോധന വേണ്ടെന്ന് കേരളം പറഞ്ഞതിന്റെ യുക്തി എന്ത്? (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക