Image

ഇനി നമുക്കുവേണ്ടത് ചുരിദാര്‍ സമരം (മനോജ് മനയില്‍)

Published on 30 September, 2018
ഇനി നമുക്കുവേണ്ടത് ചുരിദാര്‍ സമരം (മനോജ് മനയില്‍)
2016 നവംബര്‍ 29 ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചുവന്ന പാവപ്പെട്ട ഹിന്ദു സഹോദരിമാരോട് അമ്പലനടയില്‍ തടഞ്ഞ ഹിന്ദുക്കളായ അമ്മമാരുടേയും പുരുഷകേസരികളുടേയും ചിത്രം മറക്കാവതല്ല. ചുരിദാറിനുമുകളില്‍ മുണ്ടു ധരിച്ചുപോയാല്‍ മാത്രമേ പദ്മനാഭന്‍ പ്രീതനാകൂ എന്ന ക്ഷേത്രഭരണസമിതിയുടെ കല്പനക്കെതിരെ ഒരു അഭിഭാഷക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ചുരിദാറിനുള്ള വിലക്ക് എടുത്തുമാറ്റുന്നത്. വിലക്കു നീക്കിയതറിഞ്ഞ് പിറ്റേന്ന് ചുരിദാര്‍ ധരിച്ചുവന്ന ഹിന്ദുസ്ത്രീകളെ ജാതിവരേണ്യരായ ഹിന്ദുസ്ത്രീകള്‍ തടയുകയും ചീത്തവിളിക്കുകയും ചെയ്യുന്നതാണ് ലോകം കണ്ടത്.

കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ തുടങ്ങിയ യാഥാസ്ഥിതികരാണ് അന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ ഭക്തകളായ പാവപ്പെട്ട ഹിന്ദുസഹോദരിമാരുടെ മുന്നില്‍ വിലങ്ങുതീര്‍ത്തത്. ചുരിദാര്‍ ഹൈന്ദവവസ്ത്രമ ല്ലെന്നാണ് ഇവരുടെ വിശദീകരണം. ഹൈന്ദവതയുടെ മാനബിന്ദുക്കളെ നിര്‍ണയിക്കാന്‍ ക്ഷത്രോപജീവി കള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യമാണ് ഇവിടെ പ്രഥമഗണനീയം. സാരിയാണത്രെ ഇവിടെ പ്രധാനം. ഒരു മിഷണറി വനിതയുടെ കരവിരുതിനാല്‍ രൂപപ്പെട്ട സാരി എന്ന വസ്ത്രത്തെയാണ് ഭാരതപാരമ്പര്യമെന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിക്കുന്നത്! കീറിയ വസ്ത്രം തുന്നി ഉപയോഗിക്കുകയും അഴുക്കായ വസ്ത്രം കഴുകിയ ഉപയോഗിക്കുകയും എന്ന പാഠത്തില്‍നിന്നും വസ്ത്രത്തിന്റെ ആകാരവും രൂപവും നിശ്ചയിക്കപ്പെടുന്നത് ആധ്യാത്മികതയുടെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങള്‍ക്ക് യോജിച്ചതല്ല.

പോലീസിനും ഡോക്ടര്‍ക്കും െ്രെഡവര്‍മാര്‍ക്കും മറ്റും ഡ്രസ് കോഡുണ്ടല്ലോ അപ്പോള്‍ ഭക്തര്‍ക്കും അതായിക്കൂടേ എന്നാണ് പലരുടേയും ചോദ്യം. ചില പ്രത്യേകമായ ജോലികള്‍ക്കും സേവനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമാണ് ഡ്രസ്സ് കോഡുകള്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ തികച്ചും ആത്മനിഷ്ഠമായ അനുഭൂതിയെ പ്രാപിക്കാന്‍, ആരാധനയ്ക്കായി കയറിച്ചെല്ലുന്ന അമ്പലത്തില്‍ ഡ്രസ്സ് കോഡ് വേണമെന്നൊക്കെ പറയുന്നിടത്താണ് ചില മുശടന്‍ കോഡുകള്‍ നമുക്കു കാണാന്‍ കഴിയുക. നമ്മുടെ അമ്മമാര്‍ക്കും സഹോദരികള്‍ക്കും മാന്യമായി ഉപയോഗിക്കാന്‍ ധരിക്കാന്‍ പറ്റിയ വസ്ത്രമാണ് ചുരിദാര്‍. സാരിയുടുത്തു നടന്നുനീങ്ങുന്ന സ്ത്രീയുടെ അടിവയറും പൊക്കിളും കാണാനുള്ള സൗകര്യം ചുരിദാറിനില്ല എന്നും എടുത്തു പറയേണ്ടിയിരിക്കുന്നു. ഏതുതരം അനിഷ്ടമാണ് ചുരിദാര്‍ ധരിക്കുന്നതിലൂടെ ശ്രീകോവിലിലെ ദേവനുണ്ടാവുക എന്നെങ്കിലും വെളിപ്പെടുത്താന്‍ പുരോഹിതന്മാര്‍ തയ്യാറാകണം. മാറിയ കാലത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ മനസ്സിലാക്കാന്‍ സമാജം ശ്രദ്ധിക്കണം.

കേരളത്തില്‍ മാത്രമാണ് ക്ഷേത്രചടങ്ങുകള്‍ക്ക് ഇത്രമാത്രം കാര്‍ക്കശ്യവും നിഷ്ഠയും അനുഭവപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അത്രയും കാര്‍ക്കശ്യവും നിഷ്ഠയും അവരുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലും ഉണ്ടാകേണ്ടതല്ലേ? പക്ഷേ, ക്ഷേത്രസംസ്കാരത്തിന് വിരുദ്ധമായി നില്‍ക്കുന്ന ഇടതുപക്ഷത്തിനാണ് ഇവരൊക്കെ വോട്ടുരേഖപ്പെടുത്തുന്നത് എന്നത് പഠനവിധേയമാക്കേണ്ടതാണ്. എന്നുപറഞ്ഞാല്‍ ഹിന്ദുസമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യം എന്നൊക്കെയുള്ള ഓമനപ്പേരിട്ട് പരമാവധി പാവപ്പെട്ടവനെ അമ്പലത്തില്‍നിന്നു അകറ്റി നിര്‍ത്തുമ്പോള്‍ ഇവിടെ സംഭവിക്കുന്നത് ഹിന്ദുത്വത്തിനോടുള്ള അടുപ്പമല്ല, പകരം അതിനോടു
ഹിന്ദുവിന് തന്നെ അവജ്ഞയാണുണ്ടാവുന്നത്.

അല്ലായിരുന്നുവെങ്കില്‍ ഹിന്ദുത്വാഭിമാനികളുടെ വൃന്ദാവനമായേനെ കേരളം. അതില്ലാത്തതിന്റെ കാരണങ്ങളാണ് നാമിപ്പോള്‍ ചര്‍ച്ചചെയ്യുന്ന പലകാര്യങ്ങളും.

അതിനാല്‍ സമാജത്തെ പിന്നോട്ടടിപ്പിക്കുന്ന ചുരിദാര്‍ നിയന്ത്രണംപോലുള്ള വിലക്കുകള്‍ എടുത്തുമാറ്റി പാവപ്പെട്ട ഹിന്ദുക്കളെ സമാജത്തിന്റെ ഭാഗമാക്കേണ്ടിയിരിക്കുന്നു.
Join WhatsApp News
ചാക്ക് പൊതി 2018-10-01 05:43:26
വെയിറ്റ് എ മിനിട്ട് .
കറുത്ത ചാക്കില്‍ പൊതിഞ്ഞു നടക്കുന്ന ജീവികളെ ആദ്യം മോചിപ്പിക്കണം.
ഇതിന്‍ ഉള്ളില്‍ എന്താണ് എന്ന് ആര്‍ക്കു അറിയാം.
ചാക്കില്‍ പൊതിഞ്ഞ പുരുഷന്‍ സ്ത്രികള്‍ എന്ന് എഴുതി വച്ചിരിക്കുന്ന മൂത്ര പുരയില്‍ കയറിയാല്‍ !!!!!
നാരദന്‍ -കോഴിക്കോട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക